ഇസ്രാഈല്‍ സൈന്യം അറസ്റ്റ് ചെയ്ത് ജയിലിടച്ച 22 കാരിയായ ഫലസ്തീനി വിദ്യാര്‍ത്ഥിനി ജയില്‍ മോചിതയായി. ബിര്‍സീറ്റ് സര്‍വകലാശാലയിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ അബു ഘോഷാണ് 15 മാസത്തിനു ശേഷം ജയില്‍മോചിതയായത്.
2019 ആഗസ്റ്റിലാണ് അബു ഘോഷ് അറസ്റ്റ് ചെയ്യപ്പെട്ടത്.
ഇസ്രാഈല്‍ സൈന്യം നിരോധിച്ച ഡെമോക്രാറ്റിക് പ്രോഗ്രസ്സിവ് സ്റ്റുഡന്റ് പോള്‍ എന്ന സംഘടനയില്‍ അംഗമായി, ഇസ്രാഈല്‍ അധിനിവേശത്തിനെതിരായ വിദ്യാര്‍ത്ഥി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അബു ഘോഷിനെ അറസ്റ്റു ചെയ്തത്.
ശത്രുക്കളുമായി ആശയവിനിമയം നടത്തി, സ്വതന്ത്ര ഫലസ്തീനിനായുള്ള യോഗത്തില്‍ പങ്കെടുത്തു, ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്താ ഏജന്‍സിക്ക് സംഭാവന നല്‍കി എന്നീ കുറ്റങ്ങളും അവര്‍ക്കെതിരെ ചുമത്തിയിരുന്നു.
2,000 ശെക്കെല്‍ (44,168 ഇന്ത്യന്‍ രൂപ) പിഴയും 15 മാസം തടവുമാണ് അബു ഘോഷിന് ശിക്ഷയായി വിധിച്ചിരുന്നത്. ജെറുസലേമിലെ കുപ്രസിദ്ധമായ മസ്‌കോബി ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ ഒരു മാസത്തിലേറെ താന്‍ ശാരീരികവും മാനസികവുമായ പീഡനത്തിനു വിധേയമാക്കപ്പെട്ടതായി അബു ഘോഷിനെ ഉദ്ധരിച്ച് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.
ശാരീരികമായി തളര്‍ന്നും മാനസികമായി തകര്‍ന്നും മാത്രമേ വീട്ടിലേക്ക് മടങ്ങി പോകാന്‍ കഴിയുകയുള്ളൂവെന്ന് സൈന്യം ഭീഷണിപ്പെടുത്തിയതായും ഘോഷ് പറയുന്നു. പട്ടാളക്കാര്‍ അശ്ലീലച്ചുവയോടെ സംസാരിക്കുകയും തന്റെ മുഖത്ത് ആവര്‍ത്തിച്ച് അടിച്ചതായും ഘോഷ് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
പഠനം തുടരുന്ന തടവുകാരെ ജയിലില്‍ അധികാരികള്‍ ഒറ്റപ്പെടുത്തുന്നതായും അബു ഘോഷ് പറയുന്നു. പഠനം പൂര്‍ത്തിയാക്കി പത്രപ്രവര്‍ത്തകയാകുവാനാണ് താന്‍ ഭാവിയില്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.
അബു ഘോഷ് കുറ്റസമ്മതിക്കാനായി സമ്മര്‍ദ്ദം ചെലുത്താന്‍ 17 കാരനായ സഹോദരന്‍ സുലൈമാനെയും ഒരു മാസത്തിനുശേഷം അറസ്റ്റ് ചെയ്തിരുന്നു. വിചാരണ കൂടാതെ നാലു മാസം തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു.
ഇരുവരുടേയും മാതാപിതാക്കളെ നിരവധി തവണ ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും ചെയ്തിരുന്നു. 2016 ജനുവരിയില്‍ അബു ഘോഷിന്റെ ജ്യേഷ്ഠസഹോദരന്‍ ഹുസൈനെ ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക