ഫലസ്തീന്‍ രാഷ്ട്രരൂപീകരണം; ആഗോള സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ
World News
ഫലസ്തീന്‍ രാഷ്ട്രരൂപീകരണം; ആഗോള സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th September 2024, 1:15 pm

റിയാദ്: ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമായി ആഗോള സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. ഗസയില്‍ വെടിനിര്‍ത്തല്‍ ആയിരിക്കും ആഗോള സഖ്യത്തിന്റെ പ്രധാന ലക്ഷ്യം. അറബ് രാജ്യങ്ങളുടെയും യൂറോപ്യന്‍ സഖ്യകക്ഷികളുടെയും സഹകരണത്തോടെയായിരിക്കും സഖ്യം രൂപീകരിക്കുകയെന്നും സൗദി അറിയിച്ചു.

ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് പരിഹാരം കാണുക എന്നതിനായിരിക്കും മുന്‍ഗണനയെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. യു.എന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

‘ഗസയ്ക്ക് നേരെയുള്ള ഇസ്രഈല്‍ അതിക്രമങ്ങള്‍ ലോകം കണ്ടത്തില്‍വെച്ച് ഏറ്റവും വലിയ ദുരന്തമായി മാറി. ഫലസ്തീനികളെ കുടിയൊഴിപ്പിച്ചും പട്ടിണിയിലേക്ക് തള്ളിവിട്ടുമാണ് ഇസ്രഈല്‍ യുദ്ധം ചെയ്യുന്നത്.

ഇസ്രഈല്‍ സൈനികര്‍ നടത്തിയ ലൈംഗികാതിക്രമങ്ങള്‍ യു.എന്‍ ഏജന്‍സികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധം ലെബനനിലേക്ക് കൂടി വ്യാപിച്ചതോടെ പശ്ചിമേഷ്യയാകെ ഇസ്രഈല്‍ യുദ്ധക്കളമാക്കിയിരിക്കുകയാണ്. ഇതില്‍ നിന്ന് ഇസ്രഈലിനെ പിന്തിരിക്കണം,’ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ സമ്മേളനത്തില്‍ പറഞ്ഞു.

സ്വയം പ്രതിരോധത്തിനുള്ള അവകാശം പതിനായിരക്കണക്കിന് സാധാരണക്കാരെ കൊന്നൊടുക്കാന്‍ ഉള്ളതല്ലെന്നും ഫര്‍ഹാന്‍ ചൂണ്ടിക്കാട്ടിയതായി സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്തു. നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ഉടന്‍ നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആഗോള സഖ്യത്തിന്റെ ആദ്യ യോഗം റിയാദില്‍ നടക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസെപ് ബോറല്‍ അറിയിച്ചു. തുടര്‍ന്നുള്ള നടപടികള്‍ റിയാദിലും ബെല്‍ജിയത്തിലും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ഗസയിലേക്കുള്ള മാനുഷിക സഹായം തടയുന്ന ഇസ്രഈല്‍ സര്‍ക്കാരിന്റെ നടപടികള്‍ യുദ്ധക്കുറ്റമാണെന്ന് സൗദി അറേബ്യ ചൂണ്ടിക്കാട്ടിയിരുന്നു. ഗസയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ സാധ്യമാകാത്തത് അന്താരാഷ്ട്ര സുരക്ഷാ സംവിധാനത്തിന്റെ പരാജയമാണെന്നും സൗദി പറഞ്ഞിരുന്നു.

സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ തന്നെയാണ് ഇസ്രഈലിനെതിരെ അന്നും രംഗത്തെത്തിയത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മുഴുവന്‍ അന്താരാഷ്ട്ര സുരക്ഷാ സംവിധാനങ്ങളെയും പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറയുകയുണ്ടായി.

അതേസമയം തന്റെ രാജ്യം എപ്പോഴും സമാധാനം ആഗ്രഹിക്കുന്നതായും എന്നാല്‍ തങ്ങളുടെ ഉന്മൂലനം ആഗ്രഹിക്കുന്ന ശത്രുക്കളോട് നിര്‍ദയമായി പോരാടുമെന്നും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യു.എന്‍ സമ്മേളന വേദിയിലിരിക്കുന്ന പല പ്രഭാഷകരും തന്റെ രാജ്യത്തിനെതിരെ ഉന്നയിച്ച തെറ്റായ ആരോപണങ്ങള്‍ കേട്ടിരുന്നു. അവയെല്ലാം തിരുത്തണമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു നെതന്യാഹു പ്രസംഗം ആരംഭിച്ചത്.

എന്നാല്‍ ഗസയിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് വേദിയിലുണ്ടായിരുന്ന ഭൂരിഭാഗം പ്രതിനിധികളും എഴുന്നേറ്റ് പോയിരുന്നു. തുടര്‍ന്ന് ആളില്ലാ കസേരകളെ നോക്കിയായിരുന്നു നെതന്യാഹു പ്രസംഗം പൂര്‍ത്തിയാക്കിയത്.

Content Highlight: Palestinian state formation; Saudi Arabia has announced that it will form a global alliance