ഫലസ്തീന്‍ ഐക്യദാര്‍ഢ്യം; ഇസ്രഈല്‍ ഭീകരതക്കെതിരെ കേരളത്തില്‍ ഞായറാഴ്ച മെഴുകുതിരി കത്തിച്ച് പ്രതിഷേധം
Kerala News
ഫലസ്തീന്‍ ഐക്യദാര്‍ഢ്യം; ഇസ്രഈല്‍ ഭീകരതക്കെതിരെ കേരളത്തില്‍ ഞായറാഴ്ച മെഴുകുതിരി കത്തിച്ച് പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st June 2024, 9:21 pm

തിരുവനന്തപുരം: ഗസയിലെ മനുഷ്യക്കുരുതിയില്‍ ഇസ്രഈലിനെതിരെ ഞായറാഴ്ച കേരളത്തലും പ്രതിഷേധം. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ‘ആൾ ഐസ് ഓണ്‍ റഫ’ ക്യാമ്പയ്‌നിന്റെ ഭാഗമായി ഫലസ്തീന്‍ സോളിഡാരിറ്റി ഫോറം ആണ് ഐക്യദാര്‍ഢ്യ ദിനം സംഘടിപ്പിക്കുന്നത്.

ഞായറാഴ്ച രാത്രി എട്ട് മണിക്ക് ലൈറ്റണച്ച് മെഴുകുതിരി കത്തിച്ചോ ഫ്‌ളാഷടിച്ചോ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബാനര്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മത, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ക്യാമ്പയ്‌നിന്റെ ഭാഗമാകുമെന്നും സംഘാടകര്‍ അറിയിച്ചു.

ഗസയിലെ ഇസ്രഈല്‍ ഭീകരതയ്‌ക്കെതിരെ ഇപ്പോള്‍ വ്യാപക പ്രതിഷേധമാണ് ലോകത്താകെ ഉയരുന്നത്. ‘ആൾ ഐസ് ഓണ്‍ റഫ’ എന്ന ഹാഷ്ടാഗില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ചിത്രം ലോകത്താകെ 40 മില്യണ്‍ ആളുകളായിരുന്നു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വെറും 24 മണിക്കൂര്‍ കൊണ്ടാണ് ഇത് 40 മില്യണിലധികം ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഞായറാഴ്ച റഫയില്‍ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ടെന്റുകളില്‍ ഇസ്രഈല്‍ നടത്തിയ വ്യോമോക്രമണത്തില്‍ 45 പേര്‍ വെന്തുമരിച്ചതിന് പിന്നാലെയാണ് ക്യാമ്പയ്ന്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായത്. ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികളുടെ ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Content Highlight: Palestinian Solidarity; protest in Kerala on Sunday against Israel