World News
ഇസ്രഈലില്‍ ഫലസ്തീന്‍ തടവുകാര്‍ക്ക് വൈറസ് കലര്‍ത്തിയ ഭക്ഷണം നല്‍കി; വെളിപ്പെടുത്തലുമായി മോചിതനായ തടവുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 17, 05:55 am
Monday, 17th February 2025, 11:25 am

ടെല്‍ അവീവ്: ഇസ്രഈലിലെ കുപ്രസിദ്ധമായ ഒഫര്‍ ജയിലിലെ ജയിലര്‍മാര്‍ ഫലസ്തീനിയന്‍ തടവുകാര്‍ക്ക് ഭക്ഷണത്തില്‍ മനപൂര്‍വം വൈറസ് കലര്‍ത്തി നല്‍കിയെന്ന് റിപ്പോര്‍ട്ട്. മുമ്പ് ഇസ്രഈലിലെ ഒഫര്‍ ജയിലിലെ തടവുകാരനായിരുന്ന ഫലസ്തീന്‍ പൗരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശനിയാഴ്ച ഇയാള്‍ ജയില്‍ മോചിതനായതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍. ഫലസ്തീന്‍ തടവുകാരെ ജയിലര്‍മാര്‍ പീഡിപ്പിക്കുകയും അവരുടെ കൈകാലുകള്‍ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നതിന് പുറമെ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ ഭക്ഷണത്തില്‍ കലര്‍ത്തിയെന്നും ഇത് അത്തരം രോഗങ്ങള്‍ ബാധിക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒഫര്‍ ജയില്‍ യഥാര്‍ത്ഥത്തില്‍ ജയിലുകളുടെ ശവക്കുഴിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ആറുമാസത്തോളം തങ്ങള്‍ ചൊറി, ചുണങ്ങ്, പരു, പോലെയുള്ള ചര്‍മരോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണവും മരുന്നും കിട്ടാത്ത നടക്കാന്‍ കഴിയാതെ ഇഴഞ്ഞുനടക്കുന്നത് ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ കണ്ടിട്ടും അവര്‍ അത് കാര്യമാക്കിയില്ലെന്നും മോചിതനായ തടവുകാരന്‍ പറഞ്ഞു.

മതിയായ ശുചിത്വ മാനദണ്ഡങ്ങളോ, ആരോഗ്യ സംരക്ഷണമോ, ഭക്ഷണമോ, വെള്ളമോ, ഉറക്കമോ ലഭിക്കാതെയാണ് ഇസ്രഈല്‍ ജയിലില്‍ ഫലസ്തീന്‍ തടവുകാരെ പാര്‍പ്പിക്കുന്നതെന്നും അവര്‍ വലിയ രീതിയിലുള്ള അടിച്ചമര്‍ത്തലും പീഡനവും നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നാലാം ജനീവ കണ്‍വെന്‍ഷനും അന്താരാഷ്ട്ര നിയമങ്ങളും തടവുകാര്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഇസ്രഈല്‍ തുടര്‍ന്നും ലംഘിക്കുന്നതായും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇസ്രഈല്‍ ജയിലില്‍ കഴിയുന്ന 25 ശതമാനം ഫലസ്തീനികള്‍ക്കും ചര്‍മ രോഗം ബാധിച്ചതായി ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഐ.പി.എസ് (ഇസ്രഈല്‍ ജയില്‍ സര്‍വീസ്) രോഗത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനകള്‍ ഇസ്രഈല്‍ ഹൈക്കോടതിയില്‍ ഒരു ഹരജി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം നിലവില്‍ 10,400 ഫലസ്തീനികള്‍ ഇസ്രഈല്‍ ജയിലുകളിലുണ്ടെന്നാണ് ഫലസ്തീന്‍ കമ്മീഷന്‍ ഓഫ് ഡിറ്റെയ്‌നീസ് അഫയേഴ്‌സും ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റിയുടെയും കണക്കില്‍ പറയുന്നത്.

Content Highlight: Palestinian prisoners in Israel fed virus-laced food; Prisoner released with disclosure