| Tuesday, 20th December 2022, 9:37 pm

'ബോധപൂര്‍വമായ അനാസ്ഥ'; ഇസ്രഈലില്‍ ഫലസ്തീന്‍ തടവുകാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രഈലില്‍ ജയില്‍ അധികൃതരുടെ മെഡിക്കല്‍ അനാസ്ഥയും അശ്രദ്ധയും കാരണം ഫലസ്തീന്‍ തടവുകാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമാകുന്നു.

റാമല്ലയിലെ (Ramallah) അമരി അഭയാര്‍ത്ഥി ക്യാമ്പില്‍ (Amari refugee camp) നിന്നുള്ള നാസര്‍ അബു ഹമീദ് (Nasser Abu Hamid) എന്ന നാല്‍പ്പത്തിയൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം.

അധികൃതരുടെ മെഡിക്കല്‍ അനാസ്ഥ കാരണമാണ് അബു ഹമീദ് കൊല്ലപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ കുടുംബവും വിവിധ മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നത്.

ഫലസ്തീനിലെ ഭരണകക്ഷിയായ ഫതഹ് പാര്‍ട്ടിയുടെ (Fatah party) സായുധ വിഭാഗമായ അല്‍-അഖ്സ രക്തസാക്ഷി ബ്രിഗേഡിലെ (Al-Aqsa Martyrs Brigade) പങ്കാളിത്തത്തിന്റെ പേരില്‍ 2002 മുതല്‍ ജയിലിലായിരുന്നു അബു ഹമീദ്.

ബ്രിഗേഡിന്റെ സഹസ്ഥാപകന്‍ കൂടിയായ ഹമീദിന് ശ്വാസകോശ അര്‍ബുദം ബാധിച്ചതായി 2021 ഓഗസ്റ്റില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നെഞ്ചുവേദനയുണ്ടെന്ന് ഏറെക്കാലമായി ഹമീദ് പറഞ്ഞിരുന്നെങ്കിലും ഇസ്രഈല്‍ ജയില്‍ അധികൃതര്‍ ഇത് അവഗിണിക്കുകയായിരുന്നെന്നാണ് ഫലസ്തീനിയന്‍ പ്രിസണേഴ്സ് സൊസൈറ്റി (Palestinian Prisoners’ Society) തലവന്‍ അബ്ദുല്ല അല്‍ സഘരി (Abdullah al-Zaghari) പറയുന്നത്.

”അവര്‍ (ഇസ്രഈലി ഉദ്യോഗസ്ഥര്‍) ഫലസ്തീന്‍ തടവുകാരെ ബോധപൂര്‍വമായി ആസൂത്രിതമായി കൊല്ലുകയാണ്,” സഘരി മിഡില്‍ ഈസ്റ്റ് ഐയോട് പ്രതികരിച്ചു.

ജയിലിലെ മറ്റ് ഫലസ്തീനിയന്‍ തടവുകാരില്‍ നിന്നുള്ള സമ്മര്‍ദത്തിനും പ്രതിഷേധത്തിനുമൊടുവിലാണ് ഇദ്ദേഹത്തെ ഇസ്രഈലി അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞ ശേഷവും ആരോഗ്യം മോശമായപ്പോഴും ഇദ്ദേഹത്തിന് കൃത്യമായ ചികിത്സ നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നാണ് ഹമീദിന്റെ കുടുംബം ആരോപിക്കുന്നത്.

2022 ജനുവരിയില്‍ ന്യൂമോണിയ ബാധിതനാകുകയും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് ഇദ്ദേഹം 12 ദിവസത്തോളം കോമയിലാകുകയും ചെയ്തിരുന്നു. 2022 ഒക്ടോബറോടെ ‘ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത വിധം’ ഹമീദ് അസുഖബാധിതനാണെന്ന് പി.പി.എസ് വ്യക്തമാക്കിയിരുന്നു.

Content Highlight: Palestinian prisoner in Israel died after ‘deliberate’ medical negligence 

We use cookies to give you the best possible experience. Learn more