131 ദിവസം നീണ്ടുനിന്ന നിരാഹാരസമരം അവസാനിപ്പിച്ച് ഇസ്രഈലിലെ ഫലസ്തീന്‍ രാഷ്ട്രീയ തടവുകാരന്‍. 23 ദിവസത്തിനകം മോചിപ്പിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് 32കാരനായ കായെദ് അല്‍-ഫസ്ഫൗസ് നിരാഹാരം അവസാനിപ്പിച്ചത്.
ഡിസംബര്‍ 14ന് ഫസ്ഫൗസിനെ മോചിപ്പിക്കുമെന്ന് ഇസ്രഈലി അതോറിറ്റി ഓര്‍ഡര്‍ പുറത്തുവിട്ടു.
വിചാരണ കൂടാതെ തന്നെ അഡ്മിനിസ്‌ട്രേറ്റീവ് തടവില്‍ പാര്‍പ്പിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ്
ഫസ്ഫൗസ് സമരം ആരംഭിച്ചിരുന്നത്. സമരം 100 ദിവസം കടന്ന സമയത്ത് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് കുടുംബം രംഗത്തുവന്നിരുന്നു.
കടുത്ത പനി ബാധിച്ച അവശനായിരുന്ന ഫസ്ഫൗസ് അരയ്ക്ക് കീഴോട്ട് തളര്‍ന്ന അവസ്ഥയിലുമായിരുന്നു. ഇതോടെ ഇദ്ദേഹത്തിന് ‘ക്ലിനിക്കല്‍ ഡെത്ത്’ സംഭവിക്കുമോ എന്നായിരുന്നു ഉയര്‍ന്ന ആശങ്ക.
ബോഡിബില്‍ഡിങ് ചാംപ്യനും സ്‌പോര്‍ട്‌സ് താരവുമാണ് ഫസ്ഫൗസ്. ജൂലൈ 15ന് നിരാഹാരസമരം ആരംഭിച്ചതിന് ശേഷം 40 കിലോ ശരീരഭാരമാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്.
അധിനിവേശ വെസ്റ്റ്ബാങ്കിലെ തെക്കന്‍ ജില്ലയായ ഹെബ്രോണിന് സമീപത്തെ ഡൂറ വില്ലേജില്‍ നിന്നുള്ളയാളാണ് ഫസ്ഫൗസ്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച, തടവില്‍ നിന്ന് മോചിപ്പിക്കുമെന്ന് ഇസ്രഈലി അതോറിറ്റിയുമായി കരാറിലെത്തിയതിനെത്തുടര്‍ന്ന് 34കാരനായ അയാദ് അല്‍-ഹരിമി എന്ന ഫലസ്തീന്‍ യുവാവും നിരാഹാരം അവസാനിപ്പിച്ചിരുന്നു. 61 ദിവസം നീണ്ടുനിന്ന ശേഷമായിരുന്നു ഹരിമി സമരം അവസാനിപ്പിച്ചത്.
2022 മാര്‍ച്ചില്‍ ഇദ്ദേഹത്തെ മോചിപ്പിക്കാമെന്നാണ് ഇസ്രഈലി അതോറിറ്റി ഉറപ്പ് നല്‍കിയത്.
ഇസ്രഈല്‍ ജയിലില്‍ കഴിയവെ മിഖ്ദാദ് അല്‍-ഖ്വാസിമി എന്ന 24കാരനായ ഫലസ്തീന്‍ യുവാവും ഈ മാസമാദ്യം തന്റെ 113 ദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ചിരുന്നു. 2022 ഫെബ്രുവരിയില്‍ ഇദ്ദേഹത്തെ മോചിപ്പിക്കാമെന്ന ഇസ്രഈലി അതോറിറ്റിയുടെ ഉറപ്പിനെത്തുടര്‍ന്നായിരുന്നു സമരം അവസാനിപ്പിച്ചത്.
നിലവില്‍ വിവിധ ഇസ്രഈലി ജയിലുകളിലായി 4600 ഫലസ്തീന്‍ പൗരന്മാരാണ് തടവില്‍ കഴിയുന്നത്. ഇതില്‍ 500 പേര്‍ രാഷ്ട്രീയ തടവുകാരാണ്. ഇവരെയെല്ലാം വിചാരണ നടത്താതെയാണ് ഇസ്രഈല്‍ തടവിലിട്ടിരിക്കുന്നത്.