| Friday, 27th September 2024, 9:38 am

ഈ ഭ്രാന്ത് തുടരാനാവില്ല; ഫലസ്തീനികളുടെ നിലവിലെ അവസ്ഥയ്ക്ക് യു.എസിനും ഉത്തരവാദിത്തം: മഹ്‌മൂദ് അബ്ബാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് യു.എന്‍ ജനറല്‍ അസംബ്ലിയില്‍. ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ അതിക്രമം തുടരുന്നതില്‍ അമേരിക്ക ഇസ്രഈലിനെ പിന്തുണക്കുന്നതില്‍ മഹ്‌മൂദ് അബ്ബാസ് അപലപിച്ചു.

ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കരുതെന്ന് ലോക രാഷ്ട്രങ്ങളോട് മഹ്‌മൂദ് ആവശ്യപ്പെടുകയും ചെയ്തു. ഫലസ്തീനികള്‍ ദിനംപ്രതി ദുരിതമനുഭവിക്കുകയാണ്. ഇതിന്റെ ഉത്തരവാദിത്തം ലോകത്തിന് മുഴുവനാണെന്നും ഈ ഭ്രാന്ത് തുടരാനാവില്ലെന്നും മഹ്‌മൂദ് പറഞ്ഞു.

ഗസയിലെ വെടിനിര്‍ത്തല്‍, സൈന്യത്തെ പിന്‍വലിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പ്രമേയങ്ങളെ തുടർച്ചയായി യു.എസ് വീറ്റോ ചെയ്യുകയാണ്. ഇത് ഗസയില്‍ ആക്രമണം തുടരാന്‍ ഇസ്രഈലിന് ഊര്‍ജ്ജം നല്‍കുന്നതാണെന്നും മഹ്‌മൂദ് ചൂണ്ടിക്കാട്ടി.

ജനാധിപത്യ രാഷ്ട്രമായിട്ടും യു.എന്‍ രക്ഷാസമിതി മുന്നോട്ടുവെച്ച കരട് പ്രമേയത്തെ യു.എസ് തള്ളുകയാണ് ചെയ്തത്. അതില്‍ തങ്ങള്‍ ഖേദിക്കുന്നു.
ഇസ്രഈലിനൊപ്പം നിന്നുകൊണ്ട് ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുമെന്ന് യു.എസ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണെന്നും മഹ്‌മൂദ് പറഞ്ഞു.

ഇസ്രഈലിന്റെ സഖ്യകക്ഷിയായ യു.എസ് കോടിക്കണക്കിന് മൂല്യമുള്ള സഹായങ്ങളാണ് നെതന്യാഹു സര്‍ക്കാരിന് കൈമാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസയില്‍ നിന്ന് ഇസ്രഈല്‍ പൂര്‍ണമായും പിന്മാറാണമെന്നും യു.എന്‍ സമ്മേളനത്തില്‍ മഹ്‌മൂദ് ആവശ്യപ്പെട്ടു.

കൂടുതല്‍ ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുന്നില്ല. എന്നാല്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും മഹ്‌മൂദ് ഊന്നിപ്പറഞ്ഞു. ഫലസ്തീന്‍-ഇസ്രഈല്‍ സംഘര്‍ഷത്തിന് പരിഹാരമായി ദ്വിരാഷ്ട്ര നടപടികള്‍ ഉണ്ടാകണമെന്നും മഹ്‌മൂദ് ആവശ്യപ്പെടുകയുണ്ടായി.

ഒരു വര്‍ഷത്തിനുള്ളില്‍ യു.എന്നിന്റെ മേല്‍നോട്ടത്തില്‍ അന്താരാഷ്ട്ര സമാധാന സമ്മേളനം നടത്തണമെന്നും മഹ്‌മൂദ് പറഞ്ഞു. അതേസമയം മഹ്‌മൂദിനെ വിമര്‍ശിച്ചുകൊണ്ട് യു.എന്‍ അംബാസിഡര്‍ ഡാനി ഡാനോന്‍ വേദിയിലെത്തി. മിനിറ്റുകളോളം നീണ്ടുനിന്ന പ്രസംഗത്തില്‍ ഒരു തവണ പോലും ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിന്റെ പേര് മഹ്‌മൂദ് പറഞ്ഞില്ലെന്നായിരുന്നു വിമര്‍ശനം.

അതേസമയം ഇസ്രഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ഭരണം നിയന്ത്രിക്കുന്നത് മഹ്‌മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റിയാണ്. എന്നാല്‍ മേഖലയിലെ സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ ഇസ്രഈലിന് വലിയ നിയന്ത്രണവുമുണ്ട്.

നിലവില്‍ ഇസ്രഈല്‍ ഗസയിലെ ആക്രമണങ്ങള്‍ വെസ്റ്റ് ബാങ്കിലേക്കും വ്യാപിക്കുകയാണ്. വെസ്റ്റ് ബാങ്കില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശ മാധ്യമമായ അല്‍ ജസീറയുടെ ഓഫീസ് ഇസ്രഈലി സൈന്യം അടച്ചിടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

Content Highlight: Palestinian President Mahmoud Abbas criticizes the US at the UN General Assembly

We use cookies to give you the best possible experience. Learn more