| Tuesday, 31st August 2021, 2:39 pm

കൈയ്യിലും കാലിലും വിലങ്ങുവെച്ച അവസ്ഥയില്‍ ഞാന്‍ പ്രസവിക്കേണ്ടി വരുമോ; ആശങ്ക പങ്കുവെച്ച് ഇസ്രഈല്‍ തടവില്‍ കഴിയുന്ന ഫലസ്തീന്‍ യുവതിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രഈല്‍ ജയിലില്‍ കഴിയുന്ന ഗര്‍ഭിണിയായ ഫലസ്തീന്‍ യുവതിയുടെ കത്ത് ചര്‍ച്ചയാകുന്നു. തടവറക്കുള്ളില്‍ വെച്ച് പ്രസവിക്കേണ്ടി വന്നാല്‍ താനും കുഞ്ഞും നേരിടാന്‍ പോകുന്ന ദുരിതങ്ങളെ കുറിച്ചുള്ള ഭയവും ആശങ്കയുമാണ് അന്‍ഹാര്‍ അല്‍-ദീക് എന്ന യുവതി കത്തില്‍ പങ്കുവെക്കുന്നത്.

പ്രസവസമയമടുത്തിട്ടും 25കാരിയായ അന്‍ഹാറിനെ പുറത്തുവിടാന്‍ ഇസ്രഈല്‍ തയ്യാറായിട്ടില്ല. സഹതടവുകാരിയായ മറ്റൊരു ഫലസ്തീന്‍ പൗര ജയിലില്‍ നിന്നുമിറങ്ങിയ സമയത്ത് അന്‍ഹാര്‍ ഇവരുടെ കയ്യില്‍ രഹസ്യമായി കത്ത് നല്‍കുകയായിരുന്നു.

അന്‍ഹാറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പലതവണ കുടുംബം സമീപിച്ചെങ്കിലും ഇതുവരെയും ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തയ്യാറായിട്ടില്ല. മാര്‍ച്ച് എട്ടിനാണ് കുഫ്‌റ് നിമ എന്ന തന്റെ ഗ്രാമത്തില്‍ നിന്നും അന്‍ഹാറിനെ ഇസ്രഈല്‍ സേന അറസ്റ്റ് ചെയ്തത്. സേനാംഗങ്ങളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്നായിരുന്നു അന്‍ഹാറിനെതിരെ ചുമത്തിയ കുറ്റം.

‘നിങ്ങളില്‍ നിന്നെല്ലാം ദൂരെ, ഈ ജയിലഴികള്‍ക്കുള്ളില്‍, കൈകള്‍ വിലങ്ങുവെച്ച അവസ്ഥയില്‍ പ്രസവിക്കേണ്ടി വന്നാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ? സിസേറിയന്‍ എത്രമാത്രം ദുഷ്‌കരമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ, ഞാന്‍ ഇവിടെ ഒറ്റയ്ക്ക് ഇതെല്ലാം എങ്ങനെ നേരിടും?’ അന്‍ഹാറിന്റെ കത്തില്‍ ചോദിക്കുന്നു.

ജൂലിയ എന്ന ഒന്നര വയസുകാരിയായ മറ്റൊരു മകളും അന്‍ഹാറിനുണ്ട്. അന്‍ഹാറിന്റെ അമ്മയായ അയ്ഷയാണ് ഇപ്പോള്‍ ഈ കുഞ്ഞിനെ നോക്കുന്നത്. ജൂലിയ തന്റെ അമ്മയെ അന്വേഷിച്ച് രാത്രി കരയാറുണ്ടെന്നും എന്നാല്‍ തന്നെയും കുടുംബത്തിലെ മറ്റുള്ള സ്ത്രീകളെയുമെല്ലാം അവള്‍ അമ്മ എന്നു വിളിക്കുന്നത് കാണുമ്പോഴാണ് തനിക്ക് ഏറെ സങ്കടം തോന്നാറുള്ളതെന്നും അയ്ഷ പറഞ്ഞു.

ആദ്യ പ്രസവത്തിന് ശേഷം വിഷാദരോഗം അനുഭവിച്ചിരുന്ന അന്‍ഹാര്‍ അന്ന് വീട്ടില്‍ നിന്നും അല്‍പം മാറിയുള്ള കൃഷിസ്ഥലത്തേക്ക് നടക്കാനിറങ്ങിയപ്പോഴാണ് ഇസ്രഈല്‍ സേനയെത്തി അറസ്റ്റ് ചെയ്തതെന്ന് അയ്ഷ പറയുന്നു. അറസ്റ്റ് ചെയ്ത സമയത്ത് ഇസ്രഈല്‍ സേന മര്‍ദിച്ചിരുന്നുവെന്നും ഗര്‍ഭിണിയാണെന്ന് വിളിച്ചു പറഞ്ഞിട്ടും അവര്‍ അടിക്കുന്നത് നിര്‍ത്തിയില്ലെന്നും അന്‍ഹാര്‍ പറഞ്ഞിരുന്നുവെന്നും അയ്ഷ പറഞ്ഞു.

അറസ്റ്റ് ചെയ്ത് ഒരു മാസത്തോളം അന്‍ഹാറിനെ ഏകാന്ത തടവിലിട്ടിരുന്നുവെന്നും പിന്നീടാണ് വനിതകളുടെ ജയിലിലേക്ക് മാറ്റിയതെന്നും അയ്ഷ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ കടുത്ത ശാരീരിക വേദനകളിലൂടെയും മാനസിക സമ്മര്‍ദത്തിലൂടെയുമാണ് മകള്‍ കടന്നുപോകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അറസ്റ്റ് നടന്നതിന് ശേഷം ഒരു തവണ മാത്രമാണ് അന്‍ഹാറിന് ഭര്‍ത്താവിനെ കാണാന്‍ സാധിച്ചത്. ഇക്കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മറ്റാരെയും കാണാനോ ഫോണില്‍ സംസാരിക്കാനോ സേന അനുവദിച്ചിട്ടില്ല.

1972ലാണ് ആദ്യമായി ഒരു ഫലസ്തീന്‍ പൗര ഇസ്രഈല്‍ ജയിലിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് എട്ടോളം യുവതികള്‍ക്ക് ഇത്തരത്തില്‍ പ്രസവിക്കേണ്ടി വന്നു. ഫലസ്തീന്‍ മാധ്യമമായ വഫ ഈ അമ്മമാരെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു.

പ്രസവസമയത്ത് തങ്ങളുടെ കൈകാലുകള്‍ കട്ടിലിനോട് ചേര്‍ത്ത് ബന്ധിച്ചിരിക്കുകയായിരുന്നുവെന്നാണ് ഇവരെല്ലാവരും വെളിപ്പെടുത്തിയത്. ഏറെ ദുരിതപൂര്‍ണമായ അനുഭവമായിരുന്നു ഇതെന്നും ഇവര്‍ പറയുന്നുണ്ട്.

സമാനമായ അനുഭവമായിരിക്കും തനിക്കും നേരിടേണ്ടി വരികയെന്നാണ് അന്‍ഹാറും ആശങ്കപ്പെടുന്നത്. അന്‍ഹാറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Palestinian mother fears giving birth inside Israeli prison

We use cookies to give you the best possible experience. Learn more