| Tuesday, 14th November 2023, 12:26 pm

ഫലസ്തീനി ഗൃഹനാഥനെ വീട്ടിൽ കയറി മർദിച്ചു, അറസ്റ്റ്; സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ ചോദ്യം ചെയ്ത് ഇസ്രഈലി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ടിക്ടോക് ലൈവിനിടയിൽ ഫലസ്തീനി വീട്ടിൽ റെയ്ഡ് നടത്തുകയും ഗൃഹനാഥനെ മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത് ഇസ്രഈലി പൊലീസ്.

തെക്കൻ ഹെബ്‌റോണിലെ ഇയാദ് ബനാത്തിനെ വീട്ടിൽ കയറി പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വീഡിയോയിലുടനീളം തന്റെ കണ്മുന്നിൽവെച്ച് പിതാവിനെ മർദ്ദിക്കുന്നത് കണ്ട്‌ ബനാത്തിന്റെ മകൾ നിലവിളിക്കുന്നത് കേൾക്കാം. തന്റെ പിതാവിനെ വെറുതെ വിടാൻ അഭ്യർത്ഥിക്കുന്ന പെൺകുട്ടിയോട് മിണ്ടാതിരിക്കാൻ പൊലീസ് ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം.

അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ഇയാദിനെ മോചിപ്പിച്ചിരുന്നു. തന്റെ സമൂഹ മാധ്യമ പോസ്റ്റുകളെ കുറിച്ച് പൊലീസ് ചോദ്യം ചെയ്തതായി ഇയാദ് പറഞ്ഞു.

‘അൽ അഖ്സ ആശുപത്രിയുടെ മുറ്റത്ത് കഴിയുന്ന കുട്ടികളെ സഹായിക്കുന്നതിന് എനിക്ക് ഒരു പേജുണ്ട്. വിദേശത്ത് നിന്നുള്ള കുറച്ച് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്.

ആശുപത്രിയിലെ ചില മാധ്യമപ്രവർത്തകരുമായും എനിക്ക് ബന്ധമുണ്ട്. ടിക്ടോക് വഴി ഞങ്ങൾ അവർക്ക് പണം കൈമാറും. മാത്രമല്ല ഞങ്ങൾ അയക്കുന്ന ഗിഫ്റ്റുകളും അവർ കുട്ടികൾക്ക് വിതരണം ചെയ്യും. പാൽ, തൈര്, കിടക്കകൾ, ബ്ലാങ്കറ്റുകൾ എന്നിവയൊക്കെ അവർ വിതരണം ചെയ്യും,’ ഇയാദ് പറഞ്ഞു.

അതേസമയം ഇയാദിന്റെ അറസ്റ്റിൽ തങ്ങൾക്ക് ഒന്നും പറയാനില്ല എന്നാണ് ഇസ്രഈലി സേന പറയുന്നത്.

ഒക്ടോബർ ഏഴിന് ശേഷം വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന നൂറുകണക്കിന് ഫലസ്തീനികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Content Highlight: Palestinian man beaten and arrested by Israeli forces during TikTok live

We use cookies to give you the best possible experience. Learn more