ജെറുസലേം: ഗസക്കെതിരായ ഇസ്രഈല്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്ന ഫലസ്തീനിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുനെസ്‌കോയുടെ വേള്‍ഡ് പ്രസ് ഫ്രീഡം പുരസ്‌കാരം. ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിവസം ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്.
ഇരുട്ടിന്റെയും നിരാശയുടെയും ഈ കാലത്ത് ഗസയിലെ പ്രതിസന്ധി സാഹചര്യങ്ങളെ റിപ്പോര്‍ട്ട് ചെയ്ത ഫലസ്തീനിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യത്തിന്റെയും അംഗീകാരത്തിന്റെയും ശക്തമായ സന്ദേശം പങ്കിടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പുരസ്‌കാര പ്രഖ്യാപനം നടത്തിക്കൊണ്ട് ജൂറി അധ്യക്ഷന്‍ മൗറിസിയോ വെയ്‌ബെല്‍ പറഞ്ഞു.
മനുഷ്യത്വത്തിന്റെ പേരില്‍, അവരുടെ ധൈര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനോട് കാണിച്ച പ്രതിബദ്ധതക്കും വലിയ കടപ്പാടുണ്ടെന്ന് പ്രഖ്യാപനത്തിന് ശേഷം യുനെസ്‌കോ അംഗങ്ങള്‍ പ്രതികരിച്ചു.
ഗസയില്‍ ഒക്ടോബര്‍ എട്ടിന് ആരംഭിച്ച സംഘര്‍ഷങ്ങളില്‍ 100ലധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണ സമിതി (സി.പി.ജെ)യും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സ് (ഐ.എഫ്.ജെ)യും പറയുന്നത്.
ഗസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസിന്റെ കണക്കനുസരിച്ച് 140 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരോട് ലോകം കടപ്പെട്ടിരിക്കുന്നതായി യുനെസ്‌കോ പ്രതിനിധികള്‍ പറഞ്ഞു.
ദുഷ്‌കരവും അപകടകരവുമായ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുന്ന പത്രപ്രവര്‍ത്തകരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതായി യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ പറഞ്ഞു.
Content Highlight: Palestinian journalists covering Gaza war win UNESCO press freedom prize