| Sunday, 24th December 2023, 6:14 pm

ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ ജോ ബൈഡനെ മറികടന്ന് ഫലസ്തീനി ഫോട്ടോഗ്രാഫർ മൊതാസ് അസൈസ; ഫോളോവേഴ്സ് അല്ലാത്തവരിൽ നിന്ന് ഉള്ളടക്കം മറച്ച് മെറ്റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ യു.എസ് പ്രസിഡന്റ്‌ ജോ ബൈഡനെ മറികടന്ന് ഫലസ്തീനി മാധ്യമപ്രവർത്തകൻ മൊതാസ് അസൈസ.

ഗസയിലെ ഇസ്രഈൽ ആക്രമണങ്ങൾ ലോകത്തിന് മുന്നിൽ എത്തിക്കാൻ യുദ്ധമുഖത്ത് പ്രവർത്തിക്കുന്ന മൊതാസിന് യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് 10,000ത്തിന് താഴെ മാത്രം ഫോളോവേഴ്സായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ 17.5 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ മൊതാസിനുള്ളത്.

ബൈഡന് 17.2 മില്യൺ ഫോളോവേഴ്സാണുള്ളത്. തന്റെയും ജോ ബൈഡന്റെയും ഫോളോവേഴ്സിന്റെ എണ്ണം വ്യക്തമാക്കുന്ന സ്ക്രീന്ഷോട്ട് ‘ബൈ ബൈ ജോ’ എന്ന അടിക്കുറിപ്പോടെ മൊതാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

നിലവിൽ യുണൈറ്റഡ് നേഷൻസ് റിലീസ് ആൻഡ് വർക്സ് ഏജൻസിയുടെ ഫോട്ടോഗ്രാഫറാണ് 24കാരനായ മൊതാസ്. മിഡിൽ ഈസ്റ്റ് കേന്ദ്രമായ പ്രവർത്തിക്കുന്ന ജി.ക്യു മിഡിൽ ഈസ്റ്റ് എന്ന മാസിക മൊതാസിനെ 2023ലെ ‘മാൻ ഓഫ് ദി ഇയർ’ ആയി തെരഞ്ഞെടുത്തിരുന്നു.

അതേസമയം മെറ്റയിൽ നിന്ന് നിരവധി തിരിച്ചടികൾ മൊതാസ് നേരിട്ടിരുന്നു. ഡിസംബർ 24ന് മൊതാസ് ഇൻസ്റ്റഗ്രാമിൽ നിന്ന് ലഭിച്ച മുന്നറിയിപ്പ് പങ്കുവെച്ചിരുന്നു. മൊതാസിന്റെ കണ്ടെന്റ് ഫോളോവേഴ്‌സ് അല്ലാത്തവർക്ക് റീൽസ് ആയോ, സജഷൻ ആയോ, സെർച്ചിലോ ലഭിക്കില്ലെന്നായിരുന്നു ഇതിൽ പറഞ്ഞത്‌.

ഗസയിലെ ദുരിതപൂർണമായ ജീവിതം മൊതാസിലൂടെയാണ് ലോകം കണ്ടുകൊണ്ടിരുന്നത്. ബോംബാക്രമണങ്ങൾ നടന്നുകൊണ്ടിരിക്കെ തല നാരിഴയ്ക്ക് മൊതാസ് രക്ഷപ്പെട്ട സംഭവങ്ങളും ഉണ്ടായിരുന്നു.

‘എവിടെയും സുരക്ഷിതമല്ല, ആരും സുരക്ഷിതരല്ല. ഭയം എല്ലായിടത്തുമുണ്ട്. ഒന്നുകിൽ ഞാൻ വീട്ടിൽ ഇരിക്കുക അല്ലെങ്കിൽ പുറത്തിറങ്ങുക. ഞാൻ എന്തിന് വീട്ടിലിരിക്കണം?

എനിക്ക് ക്യാമറ ലെൻസിലൂടെ സത്യം ലോകത്തെ അറിയിക്കണം,’ ഗസയിലെ അക്രമങ്ങൾ ചിത്രീകരിക്കുന്നതിനെ കുറിച്ച് മൊതാസ് പറഞ്ഞു.

Content Highlight: Palestinian journalist Motaz Aziaza beats Joe Biden on Instagram with 17.3m followers

We use cookies to give you the best possible experience. Learn more