| Sunday, 28th July 2024, 4:05 pm

ഇസ്രഈലിന്റെ ഒഴിപ്പിക്കല്‍ ഉത്തരവ്; ഖാന്‍ യൂനുസിലെ ആശുപത്രികള്‍ അടച്ചുപൂട്ടിയതായി ഫലസ്തീന്‍ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്രഈലിന്റെ ഒഴിപ്പിക്കല്‍ ഉത്തരവിനെ തുടര്‍ന്ന് ഖാന്‍ യൂനുസിലെ മെഡിക്കല്‍ സെന്ററുകള്‍ അടച്ചുപൂട്ടിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം. സൈന്യത്തിന്റെ നിര്‍ബന്ധിത ഒഴിപ്പിക്കലിന് പിന്നാലെ പ്രദേശത്തെ മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തനരഹിതമായെന്ന് മന്ത്രാലയം അറിയിച്ചു. പ്രദേശത്ത് തീവ്രവാദം വര്‍ധിച്ചുവെന്നാണ് ഇസ്രഈലി സൈന്യം ഒഴിപ്പിക്കലിന് നല്‍കുന്ന വിശദീകരണം.

വലിയ വെല്ലുവിളികള്‍ക്കിടയിലും ഖാന്‍ യൂനുസില്‍ പ്രവര്‍ത്തിച്ചിരുന്ന ഏക ആശുപത്രിയായ നാസര്‍ കോംപ്ലക്സും ഉടന്‍ അടച്ചുപൂട്ടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത് വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ശുദ്ധജലത്തിന്റെയും ശുചിത്വമുള്ള പ്രാഥമിക സൗകര്യങ്ങളുടെയും പോഷകാഹാരത്തിന്റെയും അഭാവം കുടിയൊഴിപ്പിക്കപ്പെടുന്നവരില്‍ പോളിയോ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുമെന്നും മന്ത്രാലയം പറയുന്നു. നിലവില്‍ കുടിയൊഴിപ്പിക്കപ്പെട്ട 1.7 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെട്ടിട്ടുണ്ട്.

ഫലസ്തീനിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങളെത്തിക്കാന്‍ യു.എന്‍ അടക്കമുള്ള സംഘടനകള്‍ ഇടപെടല്‍ നടത്തണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

പുതിയ കരയാക്രമണത്തിന്റെ ഭാഗമായാണ് ഖാന്‍ യൂനുസ് ഒഴിപ്പിക്കാന്‍ ഇസ്രഈല്‍ ഉത്തരവിട്ടതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുപ്രകാരം ഖാന്‍ യൂനുസിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് ഫലസ്തീനികള്‍ പലായനം ചെയ്യണമെന്ന് ഇസ്രഈലി സൈന്യം ഉത്തരവിറക്കി. തെക്കന്‍ പ്രദേശങ്ങളില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്ന നടപടികള്‍ ഇസ്രഈല്‍ ആരംഭിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം നാസര്‍ ആശുപത്രിയില്‍ നിന്ന് 14 മൃതദേഹങ്ങള്‍ ലഭിച്ചതായി ഗസയിലെ മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ മാനുഷിക മേഖലയായി ഇസ്രഈല്‍ പ്രഖ്യാപിച്ച ഗസയിലെ പ്രദേശം കൂടിയാണ് ഖാന്‍ യൂനുസ്. എന്നാല്‍ ഖാന്‍ യൂനുസിലും ഫലസ്തീനികള്‍ ആക്രമണത്തിന് ഇരയാകുകയാണ്.

Content Highlight: Palestinian Health Ministry Says Medical Centers in Khan Younis Are Closed Following Israel’s Evacuation Order

We use cookies to give you the best possible experience. Learn more