| Monday, 18th March 2024, 5:51 pm

ആടുജീവിതത്തില്‍ മുഴങ്ങി കേള്‍ക്കുന്ന ഫലസ്തീനി ഗാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസിനൊരുങ്ങുന്ന ആടുജീവിതത്തില്‍ സന മൂസ ആലപിച്ച ഫലസ്തീന്‍ നാടോടി ഗാനമായ ‘ബദാവെയ്ഹ്’ ശ്രദ്ധ നേടുന്നു. ഫലസ്തീന്‍-ഇസ്രഈല്‍ സംഘര്‍ഷത്തെക്കുറിച്ച് ലോകം ചര്‍ച്ച ചെയ്യുമ്പോള്‍, ഫലസ്തീനി നാടോടി ഗാനം തന്റെ സിനിമയില്‍ ഉള്‍പ്പെടുത്തിയതിലൂടെ റഹ്‌മാന്‍ ലോകത്തിന് മുന്നില്‍ തന്റെ സന്ദേശം അറിയിക്കുകയാണ്. റഹ്‌മാന്റെ മകള്‍ എ.ആര്‍ ഖദീജ തന്റെ പിതാവിന്റെ കാഴ്ചപ്പാടിനെ പ്രശംസിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഗാനം പങ്കുവെച്ചിരുന്നു.

ചിത്രത്തിലെ പ്രൊമോ ഗാനമായ ‘ഹോപ് സോങ്’ യുദ്ധത്തിന്റെ ഭീകരതയില്‍ കുട്ടികള്‍ അനുഭവിക്കുന്ന യാതനകളെ ചിത്രീകരിച്ചതും ചര്‍ച്ചയായിരുന്നു. ഗസയില്‍ നടക്കുന്ന യുദ്ധത്തെ അനുസ്മരിപ്പിക്കുന്നതാണ് ഹോപ് സോങ് എന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു.

മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ നോവലുകളിലൊന്നായ ആടുജീവിതം സിനിമരൂപത്തില്‍ കാണാന്‍ കാത്തിരിക്കുകയാണ് സിനമാപ്രേമികള്‍. 10 വര്‍ഷത്തോളമെടുത്ത് പൂര്‍ത്തിയായ സ്‌ക്രിപ്റ്റും ഏഴ് വര്‍ഷത്തോളം നീണ്ടു നിന്ന ഷൂട്ടിനുമൊടുവില്‍ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിനായി പൃഥ്വി 30 കിലോയോളം കുറച്ചത് വാര്‍ത്തയായിരുന്നു.

യോദ്ധക്ക് ശേഷം റഹ്‌മാന്‍ മലയാളത്തില്‍ കമ്മിറ്റ് ചെയ്ത ചിത്രം കൂടിയാണ് ആടുജീവിതം. ആടുജീവിതത്തിന് വേണ്ടി റഹ്‌മാന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ഇതിനോടകം തന്നെ സംഗീതാരാധകരുടെ മനം കവര്‍ന്നു.

Content Highlight: Palestinian folk song in Aadujeevitham by AR Rahman is discussing now

We use cookies to give you the best possible experience. Learn more