വാഷിങ്ടണ്‍: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയ്ക്ക് കൂട്ടുനില്‍ക്കുന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ കേസ്. ഗസയിലെ വിവിധ പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രഈല്‍ സൈനിക യൂണിറ്റുകള്‍ക്ക് ധനസഹായം നല്‍കാന്‍ അമേരിക്കയിലെ മനുഷ്യാവകാശ നിയമം സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് മനപ്പൂര്‍വം മറികടന്നെന്നാരോപിച്ചാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗസയിലേയും ഫലസ്തീനിലേയും ആളുകളുടെ കുടുംബങ്ങളാണ് ഇത്തരത്തിലൊരു കേസുമായി കോടതിയെ സമീപിച്ചത്.
ഇതാദ്യമായാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ ഇത്തരമൊരു കേസ് ഫയല്‍ ചെയ്യപ്പെടുന്നത്.
ഗസയിലും അധിനിവേശ വെസ്റ്റ്ബാങ്കിലും നടത്തുന്ന ആക്രമണങ്ങളില്‍ പങ്കാളികളായ ഇസ്രഈലി സൈനിക യൂണിറ്റുകള്‍ക്ക് ധനസഹായവും പിന്തുണയും നല്‍കാന്‍ ആന്റണി ബ്ലിങ്കന്റെ കീഴിലുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് യു.എസിലെ മനുഷ്യാവകാശ നിയമം മറികടന്നുവെന്നാണ് ആരോപണം. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
യു.എസില്‍ 1997ല്‍ നിലവില്‍ വന്ന ലെഹി(Leahy) നിയമപ്രകാരം മനുഷ്യാവകാശ ലംഘനം നടത്തുന്ന വ്യക്തികള്‍ക്കോ സുരക്ഷാ സേനകള്‍ക്കോ സൈനിക സഹായം നല്‍കുന്നത് ലെഹി നിയമം നിരോധിക്കുന്നുണ്ട്.
കൂടാതെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്കയും ആംനസ്റ്റി ഇന്റര്‍നാഷണലും ഗസയില്‍ ഇസ്രഈല്‍ വംശഹത്യയും യുദ്ധക്കുറ്റവും ചെയ്തതായി ആരോപിക്കുന്ന സമയത്തും യു.എസ് സഹായങ്ങള്‍ തുടരുകയാണ്. ഈ ആരോപണങ്ങളെല്ലാം തന്നെ ഇസ്രഈല്‍ നിഷേധിച്ചിരുന്നു.
എന്നാല്‍ ഇസ്രഈലിനെതിരെ വലിയ രീതിയിലുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടും യു.എസ് വീണ്ടും നിരുപാധിക പിന്തുണ നല്‍കുന്നതില്‍ മനുഷ്യാവകാശ ഗ്രൂപ്പുകളില്‍ നിന്നടക്കം വലിയ വിമര്‍ശനം നേരിട്ടിരുന്നു.
‘2023 ഒക്ടോബര്‍ ഏഴിന് ഗസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രഈല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അനിയന്ത്രിതമായി വര്‍ധിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലും ലെഹി നിയമം പ്രയോഗിക്കുന്നതില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പരാജയം ഞെട്ടിക്കുന്നതാണ്,’ ഹരജിയില്‍ പറയുന്നു.
ഗസ, വെസ്റ്റ് ബാങ്ക്, യു.എസ് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് ഫലസ്തീന്‍കാരാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നിലവിലെ യുദ്ധത്തില്‍ ഏഴ് തവണ പലായനം ചെയ്യപ്പെടുകയും 20ഓളം കുടുംബാംഗങ്ങളെ നഷ്ടപ്പെടുകയും ചെയ്ത ഗസയിലെ ഒരു അധ്യാപകനാണ് കേസിലെ പ്രധാന വാദിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കേസിനെപ്പറ്റി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇതുവരെ പ്രതികരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
Content Highlight: Palestinian families file case against State Department, over US support for Israeli military