ഗസ: ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടാന്‍ ഇനിയും എത്ര ആളുകള്‍ കൂടി കൊല്ലപ്പെടണമെന്ന് യു.എസ് ഭരണകൂടത്തോട് ഫലസ്തീനിലെ ഡോക്ടര്‍.
എത്ര സാധാരണക്കാര്‍ കൂടി കൊല്ലപ്പെട്ട് കഴിഞ്ഞാലാണ് യു.എസ് ഇസ്രഈലിനോട് വെടിനിര്‍ത്തലിനുള്ള ആഹ്വാനം നടത്തുകയെന്നും നാസര്‍ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. അഹമ്മദ് മൊഗ്രാബി യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ചോദിച്ചു.
ഇസ്രഈലിന്റെ ബോംബാക്രമണത്തിന് ഇരയാകുന്ന ഫലസ്തീന്‍കാരെ കഴിഞ്ഞ 80 ദിവസത്തോളമായി രാപ്പകല്‍ ചികിത്സിക്കുകയാണെന്നും ഈ അവസ്ഥ താങ്ങാനാവുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ബൈഡന്‍ ഭരണകൂടത്തോടും ലോക നേതാക്കളോടും ഫലസ്തീനികളെ കൂട്ടത്തോടെ കൊലപ്പെടുത്താന്‍ ഇസ്രഈലിന് ആയുധസഹായം നല്‍കുന്നവരോടും ഒരു ചോദ്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്, ഞങ്ങളില്‍ ഇനിയും എത്ര പേര്‍ കൂടി മരിക്കണം, എത്ര സാധാരണക്കാര്‍ കൂടി കൊല്ലപ്പെട്ടു കഴിഞ്ഞാലാണ്, അത്തരത്തിലുള്ള എത്ര വീഡിയോകള്‍ കൂടി കണ്ടുകഴിഞ്ഞാലാണ് ഇതൊന്ന് അവസാനിപ്പിക്കുക, വെടിനിര്‍ത്തലിനായി നിങ്ങള്‍ ആവശ്യപ്പെടുക,’ മെഗ്രാബി പറഞ്ഞു.
ഇസ്രഈലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ഒന്നായ യു.എസ്, ഓരോ വര്‍ഷവും സൈനിക സഹായമായി ഈസ്രഈലിന് നല്‍കുന്നത് കോടിക്കണക്കിന് ഡോളറുകളാണ്.
ഒക്ടോബറില്‍ ഗസയ്ക്കെതിരായ യുദ്ധം ആരംഭിച്ചത് മുതല്‍ 14 ബില്യണ്‍ ഡോളര്‍ അധികമായി യു.എസ് ഇസ്രഈലിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു.
യുദ്ധം തുടങ്ങിയതിന് പിന്നാലെ 230 ചരക്ക് വിമാനങ്ങളും ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിറച്ച 20 കപ്പലുകളും യു.എസ് ഇസ്രഈലിലേക്ക് അയച്ചിട്ടുണ്ട്.
വലിയ മാനസിക സംഘര്‍ഷത്തിലാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. രോഗികളെ ചികിത്സിക്കാന്‍ മതിയായ ഉപകരണങ്ങളോ ആവശ്യമായ മരുന്നുകളോ ഇവിടെ ലഭ്യമാകുന്നില്ല. ഒരു ഡോക്ടര്‍ എന്ന നിലയില്‍ രോഗികള്‍ക്ക് കൊടുക്കേണ്ട മതിയായ ചികിത്സ ഉറപ്പുവരുത്താനാവുന്നില്ല. അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നില്ല. മാത്രമല്ല ഭക്ഷണവും ശുദ്ധമായ വെള്ളവും ലഭിക്കാതെ അവര്‍ കഷ്ടപ്പെടുകയാണ്, മൊഗ്രാബി പറയുന്നു.
‘നമ്മുടെ കുട്ടികള്‍ ബോംബാക്രമണത്തില്‍ മാത്രം കൊല്ലപ്പെടുകയല്ല. അവരെ അവരുടെ വീടുകളില്‍ നിന്ന് വലിച്ചിഴച്ച് പുറത്തുകൊണ്ട് വന്ന് വധിക്കുകയാണ്. പാലായനം ചെയ്യുന്നവരെ ചെക്‌പോസ്റ്റുകളില്‍ വെച്ച് പിടികൂടി കൊലപ്പെടുത്തുകയാണ്. അല്ലാത്തവര്‍ പട്ടിണി മൂലവും മറ്റ് അസുഖങ്ങള്‍ കാരണവും മരണപ്പെടുന്നു.
‘ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ നിങ്ങള്‍ അവിടെയുണ്ട്. എനിക്കറിയില്ല, ഇവിടുത്തെ മുഴുവന്‍ ജനങ്ങളെയും പട്ടിണികിടന്ന് മരിക്കാന്‍ നിങ്ങള്‍ അനുവദിക്കുകയാണോ എന്ന്. ഇസ്രഈല്‍ ഈ കശാപ്പ് തുടരുന്നുണ്ടെന്ന് ബൈഡന്‍ ഓരോ ഘട്ടത്തിലും ഉറപ്പുവരുത്തുകയാണ്, ‘ മെഗ്രാബി പറഞ്ഞു.
ഗസയിലുടനീളമുള്ള ആശുപത്രികള്‍ ഇസ്രഈല്‍ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. സൈനിക ആക്രമണത്തെത്തുടര്‍ന്ന് വടക്കന്‍ ഗസയില്‍ പ്രവര്‍ത്തനക്ഷമമായ ഒരു ആശുപത്രി പോലും ഇല്ലെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
തെക്കന്‍ ഗസയിലും സമാനമായ സാഹചര്യമാണ്. 36 ആരോഗ്യ കേന്ദ്രങ്ങളില്‍ ഒമ്പതെണ്ണം മാത്രമേ ഭാഗികമായി പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഗസയ്ക്കെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുമ്പോഴും അമേരിക്ക ഇതുവരെ വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടിട്ടില്ല.
Content Highlight: Palestinian doctor asks Biden how ‘many more need to die’ before US demands ceasefire