| Tuesday, 3rd December 2024, 9:21 pm

ഫലസ്തീന്‍ ഉള്ളടക്കം; സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ രേഖപ്പെടുത്തിയത് 500ലധികം നിയമലംഘനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഫലസ്തീന്‍ ഉള്ളടക്കങ്ങള്‍ക്കെതിരെ ഡിജിറ്റലായി രേഖപ്പെടുത്തിയത് 500ലധികം നിയമലംഘനങ്ങള്‍. സദ സോഷ്യല്‍ സംഘടന പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മെറ്റ പ്ലാറ്റ്ഫോമില്‍ മാത്രമായി 57 ശതമാനം നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായി വലിയ രീതിയില്‍ ജനപ്രീതി നേടിയ ടിക് ടോക്ക് പ്ലാറ്റ്ഫോം രേഖപ്പെടുത്തിയത് 23 ശതമാനം നിയമലംഘനങ്ങളാണ്. യൂട്യൂബില്‍ 13 ശതമാനവും എക്സില്‍ ഏഴ് ശതമാനവും.

ഫലസ്തീനികളുടെ 30 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും മെറ്റ നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ രണ്ട് മാധ്യമ സ്ഥാപനങ്ങളുടെ ഗ്രൂപ്പുകളും ഉള്‍പ്പെടുന്നുണ്ട്.

ഗസയില്‍ ഇസ്രഈല്‍ വംശഹത്യ ആരംഭിച്ചതുമുതല്‍ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ അടിച്ചമര്‍ത്തല്‍ വ്യാപകമായി തുടരുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ഫലസ്തീനികളുടെ പ്രതിരോധ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് വന്‍കിട കമ്പനികള്‍ സ്വീകരിച്ച നിലപാടില്‍ ഒളിഞ്ഞിരിക്കുന്നതെന്നും സംഘടന പറഞ്ഞു.

ഫലസ്തീനില്‍ നടക്കുന്ന അതിക്രമങ്ങളുടെ വസ്തുത പുറംലോകത്ത് എത്തിക്കുന്നതിനെ ഡിജിറ്റല്‍ അടിച്ചമര്‍ത്തല്‍ വിനയാകുന്നുവെന്നും സദ സോഷ്യല്‍ ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാട്ടി. ഇസ്രഈല്‍ ഉപരോധത്തോടൊപ്പം വടക്കന്‍ ഗസയില്‍ ഡിജിറ്റല്‍ ബ്ലാക്ഔട്ടും തുടരുകയാണെന്നും സദ പറഞ്ഞു.

2023 നവംബറില്‍, അമേരിക്കന്‍ യുവാക്കളുടെ മനസുമാറ്റുക എന്ന ലക്ഷ്യത്തോടെ ടിക് ടോക്ക് മനപൂര്‍വം ഫലസ്തീന്‍ അനുകൂല ഉള്ളടക്കം പ്രോത്സാഹിപ്പിക്കുകയാണ് എന്ന ആരോപണവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ടിക് ടോക്ക് ഈ ആരോപണം തള്ളുകയാണ് ചെയ്തത്.

തുടര്‍ന്ന് ഫ്രീ ഫലസ്തീന്‍, സ്റ്റാന്‍ഡ് വിത്ത് ഫലസ്തീന്‍ എന്നീ ഹാഷ്ടാഗുകള്‍ക്ക് കൂടുതല്‍ റീച്ച് ലഭിക്കുന്നുണ്ടെന്നും പ്ലാറ്റ്‌ഫോം ചൂണ്ടിക്കാട്ടി. അമേരിക്കന്‍ യുവാക്കള്‍ക്കിടയില്‍ ഇസ്രഈല്‍ അനുകൂല നിലപാട് ഫലസ്തീനോടുള്ള താത്പര്യത്തെ അപേക്ഷിച്ച് കുറവാണെന്നും ടിക് ടോക്ക് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം തങ്ങളുടെ മാധ്യമത്തില്‍ ആന്റി സെമിറ്റിക് ആയതും ഇസ്‌ലാമോഫോബിക് ആയതുമായ ഉള്ളടക്കങ്ങള്‍ അനുവദിക്കില്ലെന്നും ടിക് ടോക്ക് ഇക്കാലയളവില്‍ പറഞ്ഞിരുന്നു. സമാനമായ നിലപാടുകളാണ് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളും സ്വീകരിച്ചിരുന്നത്.

Content Highlight: Palestinian content; More than 500 violations were recorded on social media platforms

We use cookies to give you the best possible experience. Learn more