| Monday, 17th August 2020, 7:07 pm

'ഇത് ഞങ്ങളുടെ നാട്, ഞങ്ങള്‍ക്ക് വേണ്ടത് സ്‌നേഹവും സമാധാനവും,' ഫലസ്തീനില്‍ നിന്നും പതിനൊന്നുകാരന്‍ റാപ്പര്‍ അബ്ദുള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസ: ഫലസ്തീനിലെ ഗാസയിലെ സ്‌കൂളിന് മുന്‍പില്‍ ഒരു കൂട്ടം ആണ്‍കുട്ടികള്‍. കൂട്ടത്തിലൊരാള്‍ ഒരല്‍പം മുന്നോട്ടുകയറി വന്ന ഇംഗ്ലിഷ് ഭാഷയില്‍ ചടുലതയോടെ ഒരു റാപ്പ് അവതരിപ്പിക്കുന്നു. ഫലസ്തീനിയന്‍ റാപ്പറായ വഹീബ് നസന്റെ ‘See You Again’ എന്ന റാപ്പായിരുന്നു വീഡിയോയിലെ കുട്ടി പാടുന്നുണ്ടായിരുന്നത്. മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ആ റാപ്പില്‍ ഗാസയിലെ തന്റെ അനുഭവം ലോകത്തോട് ഉറച്ച ശബ്ദത്തില്‍ ഈ ഫലസ്തീനിയന്‍ ബാലന്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

കുട്ടികള്‍ തന്റെ പാട്ടിന് കവര്‍ ചെയ്യുന്നതിന്റെ സന്തോഷം പങ്കുവെച്ചുക്കൊണ്ടാണ് റാപ്പറായ വഹീബ് നാസന്‍ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കുറഞ്ഞ മണിക്കൂറുകള്‍ കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ കേട്ട ആ ശബ്ദദത്തിന്റെ ഉടമ പതിനൊന്നുകാരനായ അബ്ദുള്‍ റഹ്മാനാണ്. mcarap എന്ന പേരിലുള്ള തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് റാപ്പ് പാടുന്ന വീഡിയോ പങ്കുവെച്ചത്. പതിനൊന്നുകാരന്റെ റാപ്പിംഗ് കഴിവിനെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് എത്തിയത്.

‘ഇത് ഞങ്ങളുടെ രാജ്യമാണ്. ഇനി ഞാന്‍ പറയാം. ഞങ്ങള്‍ക്ക് വേണ്ടത് സമാധാനമാണ്. ഞങ്ങള്‍ക്ക് വേണ്ടത് സ്‌നേഹമാണ്.’ എന്ന് തുടങ്ങുന്ന പാട്ടിലെ വരികള്‍ ഏറെ മനോഹരമായാണ് അബ്ദുള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് സംഗീതലോകത്തിലെ പലരും അഭിപ്രായപ്പെട്ടത്.

ഒന്‍പതാം വയസിലാണ് അബ്ദുള്‍ റാപ്പിലേക്ക് ചുവടുവെക്കുന്നത്. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി താന്‍ ചെയ്യുന്ന കവര്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. വളരെ കുറഞ്ഞ സമയ്ത്തിനുള്ളില്‍ ആയിരങ്ങളാണ് അബ്ദുളിനെ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. ‘എന്റെ സംഗീതത്തിലൂടെ സമാധാനവും ഐക്യവും സ്‌നേഹവും പകരുക എന്നതാണ് എന്റെ ലക്ഷ്യം,’ എന്നാണ് അബ്ദുള്‍ തന്റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ കുറിച്ചിരിക്കുന്നത്.

 നിലവില്‍ 60,000ത്തിലേറെയാണ് ഫോളോവേഴ്‌സിന്റെ എണ്ണം. പുതിയ റാപ്പ് ചര്‍ച്ചയായതോടെ 20,000ത്തിലേറെ പേരാണ് പുതുതായി അബ്ദുളിനെ ഫോളോ ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more