| Thursday, 2nd January 2025, 10:12 pm

ഇസ്രഈലിന് പിന്നാലെ വെസ്റ്റ്ബാങ്കിലെ അല്‍ ജസീറ ചാനലും അടച്ചുപൂട്ടാന്‍ നിര്‍ദേശം; ഉത്തരവിട്ടത് ഫലസ്തീന്‍ അതോറിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെസ്റ്റ്ബാങ്ക്: ഇസ്രഈലിന് പിന്നാലെ അധിനിവേശ വെസ്റ്റ്ബാങ്കിലെ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തരവ്. ഫലസ്തീന്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.

ഗസയിലേയും വെസ്റ്റ്ബാങ്കിലേയും മനുഷ്യര്‍ നേരിടുന്ന ക്രൂരതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന അറബ് മാധ്യമമാണ് അല്‍ ജസീറ. ഇതിന് മുമ്പ് ഇസ്രഈലും അവരുടെ രാജ്യത്ത് സമാനമായ നിയന്ത്രണം അല്‍ ജസീറയ്ക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ റാമല്ലയിലെ ഓഫീസ് കമ്പനിക്ക് അടച്ചുപൂട്ടേണ്ടി വന്നിരുന്നു.

രാജ്യത്ത് കലഹമുണ്ടാക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രക്ഷേപണം ചെയ്തതാണ് അല്‍ ജസീറയെ നിരോധിക്കാന്‍ കാരണമെന്നാണ് ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വഫ’ റിപ്പോര്‍ട്ട് ചെയ്തത്.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രേരിപ്പിക്കല്‍, ഫലസ്തീന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടല്‍, പ്രകോപനകരമായ റിപ്പോര്‍ട്ടുകള്‍ സംപ്രേക്ഷണം ചെയ്യല്‍ എന്നീ ആരോപണങ്ങളും ഫലസ്തീന്‍ അതേറിറ്റി അല്‍ ജസീറയ്ക്ക് നേരെ ഉയര്‍ത്തിയിട്ടുണ്ട്.

അല്‍ ജസീറ സാറ്റലൈറ്റ് ചാനലിന്റെയും അതിന്റെ വെസ്റ്റ് ബാങ്ക് ഓഫീസിന്റെയും പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെക്കാനും പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാനും സാംസ്‌കാരിക, ആഭ്യന്തര, വാര്‍ത്താവിനിമയ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക മന്ത്രിതല സമിതി തീരുമാനിക്കുകയായിരുന്നു.

പ്രദേശത്തെ മാധ്യമസ്ഥാപനത്തിന്റെ പത്രപ്രവര്‍ത്തകര്‍, മറ്റ് ജീവനക്കാര്‍, അഫിലിയേറ്റഡ് ചാനലുകള്‍ എന്നിവരുടെ ജോലി താത്ക്കാലികമായി മരവിപ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം ഫലസ്തീന്‍ അതോറിറ്റിയുടെ തീരുമാനം ഇസ്രഈല്‍ ഭരണകൂടത്തിന്റേതിന് സമാനമായിപ്പോയെന്ന് ചാനല്‍ അധികൃതര്‍ പ്രതികരിച്ചു. 2024 മെയില്‍, കിഴക്കന്‍ ജറുസലേമിലെ അല്‍ ജസീറയുടെ ഓഫീസ് ഇസ്രഈല്‍ സൈന്യം റെയ്ഡ് നടത്തി ഉപകരണങ്ങള്‍ കണ്ടുകെട്ടിയിരുന്നു.

ഇതിന് പിന്നാലെയാണ് രാജ്യത്തെ അല്‍ ജസീറയെ ഇസ്രഈല്‍ നിരോധിച്ചത്. അന്ന് ഇസ്രഈലിന്റെ നീക്കം മാധ്യമസ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നാക്രമണമാണെന്ന് അന്താരാഷ്ട്ര സംഘടനകള്‍ പറഞ്ഞിരുന്നു.

Content Highlight: Palestinian Authority suspends operations of Al Jazeera in West bank

We use cookies to give you the best possible experience. Learn more