ജെറുസലേം: ഗസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന യു.എന്‍ രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്തതിലൂടെ ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈലിന്റെ യുദ്ധക്കുറ്റങ്ങള്‍ക്ക് അമേരിക്ക കൂട്ടുനില്‍ക്കുന്നതായി ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്.
അമേരിക്കയുടെ നിലപാട് ആക്രമണാത്മകവും അധാര്‍മികവുമാണെന്ന് പ്രസിഡന്റ് പറഞ്ഞു. യു.എന്നിന്റെ പ്രമേയം വീറ്റോ ചെയ്തത് എല്ലാ മാനുഷിക തത്വങ്ങളുടെയും മൂല്യങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും മഹ്‌മൂദ് അബ്ബാസ് കൂട്ടിച്ചേര്‍ത്തു.
ഗസയിലെ ഫലസ്തീന്‍ കുട്ടികളുടെയും സ്ത്രീകളുടെയും പ്രായമായവരുടെയും രക്തച്ചൊരിച്ചിലിന് ഉത്തരവാദി അമേരിക്കയാണെന്ന് മഹ്‌മൂദ് അബ്ബാസ് ചൂണ്ടിക്കാട്ടി. ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുകയും നാടുകടത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന ഇസ്രാഈലിന് പിന്തുണ നല്‍കാനായി അമേരിക്കക്ക് കൊടുത്ത ഒരു ബ്ലാക്ക് ചെക്കാണ് വീറ്റോയെന്നും പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യ ആരോപിച്ചു.
പ്രമേയം അംഗീകരിക്കുന്നതില്‍ യു.എസ് തടസം നില്‍ക്കുന്നത് തങ്ങളുടെ ജനങ്ങളെ കൊല്ലുന്നതിലും കൂടുതല്‍ കൂട്ടക്കൊലകളും വംശീയ ഉന്മൂലനങ്ങളും നടത്തുന്നതിലുമുള്ള അമേരിക്കയുടെ പങ്ക് തുറന്നുകാണിക്കുന്നുവെന്ന് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ഇസത്ത് അല്‍ റിഷെഖ് പറഞ്ഞു.
ഫലസ്തീന്‍ സിവിലിയന്മാരുടെ കഷ്ടപ്പാടുകളോട് അമേരിക്ക കടുത്ത അവഗണന കാണിക്കുന്നുവെന്ന് അന്താരാഷ്ട്ര അവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ വിശ്വാസത്തെയും സ്ഥാപനത്തിന്റെ ഉത്തരവനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെയും പ്രമേയം വീറ്റോ ചെയ്യാനുള്ള അമേരിക്കയുടെ തീരുമാനം ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കാലമര്‍ഡ് എക്സില്‍ കുറിച്ചു.
US veto of ceasefire resolution displays callous disregard for civilian suffering in face of staggering death toll. It is morally indefensible, a dereliction of the US duty to prevent atrocity crimes and a complete lack of global leadership. Just appalling https://t.co/vl6Pv6Lcv6
ഫലസ്തീന്‍ ജനതയെ കൂട്ടമായി ശിക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ നടത്തുമ്പോള്‍, ഇസ്രഈലിന് ആയുധങ്ങളും നയതന്ത്ര പരിരക്ഷയും നല്‍കുന്നതിലൂടെ യു.എസ് യുദ്ധക്കുറ്റങ്ങളില്‍ പങ്കാളിയാകാന്‍ സാധ്യതയുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ് വാച്ച് പ്രസ്താവയില്‍ പറഞ്ഞു.
Content Highlight: Palestinian Authority president says US is complicit in war crimes by vetoing ceasefire resolution