ന്യൂദല്‍ഹി: സ്വന്തം മണ്ണില്‍ ജീവിക്കുക, അല്ലെങ്കില്‍ മരിക്കുക എന്നതാണ് ഫലസ്തീന്‍ ജനതയുടെ ആഗ്രഹവും തീരുമാനവുമെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസിഡര്‍ അദ്‌നാല്‍ അബു അല്‍ഹൈജെ. ഇസ്രഈല്‍ ഭരണകൂടത്തിന് നിരന്തമായി ഫലസ്തീനികളെ കൊന്നൊടുക്കാമെന്നല്ലാതെ, തങ്ങളില്‍ നിന്ന് ഒരു മനുഷ്യനും ഫലസ്തീന്‍ മണ്ണ് വിട്ടുപോവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അല്‍ഹൈജെ പറഞ്ഞു.
ഈജിപ്തിലേക്ക് ഫലസ്തീന്‍ പൗരന്മാരെ നാടുകടത്തി ഗസ പിടിച്ചെടുക്കാനാണ് ഇസ്രഈല്‍ ശ്രമിക്കുന്നതെന്ന് അല്‍ഹൈജെ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇനിയും അഭയാര്‍ത്ഥികളായി ജീവിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ലോക ജനത കരുതുന്നത് ഇസ്രഈല്‍ ഫലസ്തീനില്‍ ആക്രമണം തുടങ്ങിയത് ഒക്ടോബറിലാണെന്നാണ്. എന്നാല്‍ 75 വര്‍ഷമായി അവര്‍ ഞങ്ങള്‍ക്ക് മേല്‍ അധിനിവേശം തുടങ്ങിയിട്ട്. 1933 മുതല്‍ ഫലസ്തീന്റെ 22 ശതമാനം ഭൂമി മാത്രമാണ് രാഷ്ട്രം സ്ഥാപിക്കാനായി ഞങ്ങളുടെ പക്കലുള്ളത്. ബാക്കി 78 ശതമാനം ഭൂമിയും ഇസ്രഈല്‍ നിയന്ത്രണത്തിലാണ്,’ അല്‍ഹൈജെ പറഞ്ഞു.
ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ലോകരാഷ്ട്രങ്ങൾക്കും സംഘടനകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് അല്‍ഹൈജെ ചൂണ്ടിക്കാട്ടി. ഇന്ത്യ അതിന് മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രഈല്‍ പറയുന്ന കഥകള്‍ വിശ്വസിക്കരുതെന്നും അല്‍ ശിഫ ആശുപത്രിയില്‍ നിന്ന് ഒരു പ്രവര്‍ത്തകനെയും അവരുടെ സൈന്യത്തിന് കണ്ടെത്താന്‍ സാധിച്ചില്ലെന്നും അല്‍ഹൈജെ പറഞ്ഞു. ഓരോതവണയും ആശുപത്രികളില്‍ ബോംബിടുമ്പോള്‍ ഇസ്രഈല്‍ പുതിയ കഥമെനയുമെന്നും, അമേരിക്ക ആ കഥ ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊളോണിയലിസത്തിന്റെ വക്താക്കളായ അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നിവരാണ് ഇസ്രഈലിനെ പിന്തുണക്കുന്നതെന്നും വംശഹത്യക്ക് നേരെ കണ്ണടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.