| Wednesday, 18th October 2023, 3:32 pm

അയാള്‍ ഒരു നുണയനാണ്, ആശുപത്രി ആക്രമണത്തിന്റെ കുറ്റം ഞങ്ങള്‍ക്കുമേല്‍ ചാരുന്നു; നെതന്യാഹുവിനെതിരെ ഫലസ്തീന്‍ അംബാസിഡര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെല്‍ അവീവ്: ഗസയിലെ ആശുപത്രിയില്‍ ആക്രമണം നടത്തിയത് ഹമാസ് ആണെന്നുള്ള ഇസ്രഈല്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി യു.എന്നിലെ ഫലസ്തീന്‍ അംബാസിഡര്‍ റിയാദ് മന്‍സൂര്‍. നെതന്യാഹു ഒരു നുണയനാണെന്നും എല്ലാം കഴിഞ്ഞപ്പോള്‍ കുറ്റം ഫലസ്തീന്‍കാരുടെ മേല്‍ ചുമത്തുകയാണെന്നും റിയാദ് മന്‍സൂര്‍ പറഞ്ഞു.

‘അയാള്‍(നെതന്യാഹു) ഒരു നുണയാനാണ്. ഇസ്രഈല്‍ ആക്രമണം നടത്തിയത് ആശുപത്രിക്ക് ചുറ്റും ഹമാസിന്റെ കേന്ദ്രങ്ങളുണ്ടെന്ന് കരുതിയാണെന്ന് അദ്ദേഹത്തിന്റെ ഡിജിറ്റല്‍ വക്താവ് ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് അത് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഡിലീറ്റ് ചെയ്ത പകര്‍പ്പ് ഞങ്ങളുടെ കൈയില്‍ ഉണ്ട്. എല്ലാം കഴിഞ്ഞപ്പോള്‍ കുറ്റം ഫലസ്തീന്‍കാരുടെ മേല്‍ ചുമത്തുന്നു,’ മന്‍സൂര്‍ ട്വീറ്റ് ചെയ്തു.

ഇസ്രഈല്‍ സൈന്യത്തിന്റെ വക്താവ് ആശുപത്രി ഒഴിപ്പിക്കണമെന്നും ട്വീറ്റ് ചെയ്തിരുന്നു. അതിനാല്‍ ആശുപത്രി ഒഴിപ്പിക്കലിനും കുറ്റകൃത്യങ്ങള്‍ക്കും ഉത്തരവാദികള്‍ ഇസ്രഈലാണ്. കുറ്റകൃത്യങ്ങളെ മറക്കാന്‍ കഥകള്‍ കെട്ടിച്ചമക്കാനാവില്ലെന്ന് മന്‍സൂര്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ ഉത്തരവാദികള്‍ ഇസ്രഈല്‍ ആണെന്നും ഉടനെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും മന്‍സൂര്‍ ആവശ്യപെട്ടു.

ആശുപത്രി ആക്രമണത്തിന് ഉത്തരവാദി ഇസ്ലാമിക് ജിഹാദ് എന്ന ഗസയിലെ സായുധ സംഘമാണെന്ന് ഇന്റലിജന്‍സ് വെളിപ്പെടുത്തിയതായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഫലസ്തീന്‍ അംബാസിഡര്‍ മറുപടി നല്‍കുന്നത്.

അതേമസമയം, കഴിഞ്ഞ ദിവസം അല്‍ അഹ്‌ലി ആശുപത്രിയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. വ്യോമാക്രമണത്തില്‍ ആശുപത്രിയുടെ 80 ശതമാനവും തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

content highlights; Palestinian ambassador against Netanyahu on hospital attack in Gaza

Latest Stories

We use cookies to give you the best possible experience. Learn more