പലസ്തീന്‍ ബാലിക അഹദ് തമീമി ജയില്‍മോചിതയായി
world
പലസ്തീന്‍ ബാലിക അഹദ് തമീമി ജയില്‍മോചിതയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th July 2018, 2:48 pm

ഫലസ്തീന്‍ ചെറുത്ത് നില്‍പിന്റെ പ്രതീകമായി വിശേഷിപ്പിക്കപ്പെട്ട പതിനാറുകാരി അഹദ് തമീമി ജയില്‍ മോചിതയായി. ഇസ്രാഈലി സൈനികരുടെ മുഖത്തടിച്ചതിനാണ് തമീമിയെ അന്താരാഷ്ട്ര പ്രതിഷേധങ്ങളെ വകവെക്കാതെ ഇസ്രഈല്‍ എട്ടുമാസം തടവിലിട്ടിരുന്നത്.

മാതാവ് നാരിമാനൊപ്പമാണ് തമീമിയെ വിട്ടയച്ചത്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ നബി സലേഹിലുള്ള ഗ്രാമത്തില്‍ തന്നെ പിന്തുണച്ചെത്തിയവരെ കണ്ട് വിതുമ്പിയാണ് തമീമി സംസാരിച്ചത്. ആക്ടിവിസ്റ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പിന്തുണച്ചവര്‍ക്കും തമീമി നന്ദി പറഞ്ഞു.

മകളെ വിട്ടുകിട്ടിയതില്‍ സന്തോഷമുണ്ടെന്ന് തമീമിയുടെ പിതാവ് ബാസേം പറഞ്ഞു. പക്ഷെ ഇസ്രാഈല്‍ അധിനിവേശം തുടരുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ബാസേം പറഞ്ഞു. ജയിലില്‍ നിന്നിറങ്ങിയെങ്കിലും വലതുപക്ഷ ഇസ്രാഈലി സംഘടനകള്‍ ഭീഷണി മുഴക്കിയതിനാല്‍ തമീമിയുടെ കാര്യത്തില്‍ ബാസേമിന് ആശങ്കയുണ്ട്. തമീമിയുടെ സഹോദരനായ വഈദ് ഇസ്രാഈല്‍ ജയിലിലാണ്.

 

തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് തമീമി വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

2017 ഡിസംബറിലാണ് തമീമിയും മാതാവും അറസ്റ്റിലാവുന്നത്. നബി സലേഹിലുള്ള തന്റെ വീടിന് പുറത്ത് നില്‍ക്കുന്ന ആയുധധാരികളായ രണ്ട് ഇസ്രഈലി സൈനികരെ മുഖത്തടിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തന്റെ 15 വയസുകാരനായ സഹോദരന്‍ മുഹമ്മദിനെ സൈന്യം വെടിവെച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു തമീമി.

തമീമി സംഭവത്തിന് ശേഷം നബി സലേഹില്‍ റെയ്ഡ് നടത്തിയ ഇസ്രഈല്‍ സൈന്യം പ്രദേശവാസികളെ അറസ്റ്റ് ചെയ്യുകയും 21കാരനായ ബന്ധു ഇസ്സ് അല്‍ ദീന്‍ തമീമിയെ വെടിവെക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ 15 പേര്‍ ഇപ്പോഴും സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്ന് തമീമിയുടെ ബന്ധുവായ മനാല്‍ പറയുന്നത്.