കാന്‍ബറ: ഫലസ്തീനിയന്‍ ഇസ്‌ലാമിസ്റ്റ് ഫണ്ടമെന്റലിസ്റ്റ് മിലിറ്റന്റ് ഗ്രൂപ്പായ ഹമാസിനെ ഭീകരവാദസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ.
ഹമാസിന്റെ പൊളിറ്റിക്കല്‍ വിംഗിനെ അടക്കമായിരിക്കും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുക.
ഓസ്‌ട്രേലിയയുടെ ആഭ്യന്തര വകുപ്പ് മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് ആണ് ഇക്കാര്യത്തെക്കുറിച്ച് സൂചന നല്‍കിയത്.
ഹമാസിന്റെ ആശയങ്ങളെ തള്ളിപ്പറഞ്ഞ കാരെന്‍ ആന്‍ഡ്രൂസ് ഹമാസിന്റെ പ്രവര്‍ത്തികള്‍ വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ഇവരുടെ വിദ്വേഷജനകമായ ആശയങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ യാതൊരു സ്ഥാനവുമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
”തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആക്ടുകളില്‍ മാത്രമല്ല, തീവ്രവാദികള്‍ക്കെതിരായും, അവരുടെ സംഘടനകള്‍ക്കെതിരായും ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന, അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഓര്‍ഗനൈസേഷനുകള്‍ക്കെതിരെയും രാജ്യത്തെ നിയമം പ്രവര്‍ത്തിക്കുന്നുണ്ട്,” കാരെന്‍ ആന്‍ഡ്രൂസ് പ്രതികരിച്ചു.
ഹമാസിന്റെ മിലിറ്ററി വിംഗിനെ നേരത്തെ തന്നെ ഓസ്‌ട്രേലിയ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഇതിന്റെ പൊളിറ്റിക്കല്‍ വിംഗിനെ കൂടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ നേരത്തെ തന്നെ ഹമാസിനെ ഭീകരവാദപട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള ബ്രിട്ടന്‍, അമേരിക്ക, ഇസ്രഈല്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഓസ്‌ട്രേലിയയും കൂടെ ചേരുകയാണ്.
ഹമാസിനെ ഭീകരവാദസംഘടനകളുടെ പട്ടികയില്‍ പെടുത്തുന്നത് വേഗത്തിലാക്കാന്‍ വിവിധ സ്‌റ്റേറ്റ് ഗവണ്‍മെന്റുകള്‍ക്ക് കാരെന്‍ ആന്‍ഡ്രൂസ് കത്തയച്ചിട്ടുണ്ട്.
Content Highlight: Palestine’s Hamas to be listed as a terrorist organisation by Australia