| Wednesday, 19th May 2021, 5:04 pm

വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷങ്ങള്‍ ഒത്തുചേര്‍ന്ന ചരിത്രസമരമായി പൊതുപണിമുടക്ക്; ഇസ്രാഈലിനെതിരെ പ്രതിരോധം ശക്തമാക്കി ഫലസ്തീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസ: ഇസ്രാഈല്‍ ആക്രമണങ്ങള്‍ക്കെതിരെ പൊതു പണിമുടക്ക് നടത്തി ഫലസ്തീന്‍ ജനത. ‘ഡേ ഓഫ് ആങ്കര്‍’ (Day of Anger) എന്ന പേരിലാണ് ഗാസയിലും ജറുസലേമിലും ഇസ്രാഈലി സൈന്യം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ സമരം നടത്തിയത്.

ഫലസ്തീനിലെ പാര്‍ട്ടികളായ ഫത്തയും ഹമാസ് ഗ്രൂപ്പും സമരത്തെ പിന്തുണച്ചു. എല്ലാ സാമ്പത്തിക നടപടികളും നിര്‍ത്തിവെച്ചുകൊണ്ടായിരുന്നു ഫലസ്തീന്‍ പ്രതിഷേധിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കഴിഞ്ഞ ദിവസം അടഞ്ഞു കിടന്നു. വിവിധ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തു.

ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ഫലസ്തീനില്‍ ഇത്രയും വലിയ പൊതു പണിമുടക്ക് നടന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഗാസ, ജറുസലേം, ഷെയ്ക്ക് ജാറയുടെ പ്രാന്ത പ്രദേശങ്ങളിലെല്ലാം പണിമുടക്ക് പൂര്‍ണമായിരുന്നു. ഗാസയിലും വെസ്റ്റ്ബാങ്കിലും ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് അറബ് ഇസ്രാഈലികളും പണിമുടക്കിനൊപ്പം ചേര്‍ന്നു. ലക്ഷണക്കണക്കിനാളുകള്‍ പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു.

മുസ്‌ലിങ്ങള്‍, ക്രിസ്ത്യാനികള്‍, നിരീശ്വര വാദികള്‍, തുടങ്ങി ഫലസ്തീന്റെ വിവിധ തുറകളിലുള്ളവര്‍ ഒരു ലക്ഷ്യത്തിന് വേണ്ടി ഒന്നിച്ച് അണിചേര്‍ന്ന ഒരു സമയം ഇതിനുമുമ്പ് താന്‍ കണ്ടിട്ടില്ലെന്നാണ് കിഴക്കന്‍ ജറുസലേമിലെ ആക്ടിവിസ്റ്റും പൊളിറ്റിക്കല്‍ സയന്‍സ് ഗവേഷകനുമായ ഇനാസ് ഗോള്‍ മിഡില്‍ ഈസ്റ്റ് ഐ എന്ന മാധ്യമത്തോട് പറഞ്ഞത്.

അതേസമയം ഇസ്രാഈല്‍ ഫലസ്തീനെതിരായ ആക്രമണം തുടരുകയാണ്. 63 കുട്ടികളുള്‍പ്പെടെ 219 ഫലസ്തീനികളാണ് ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 1500ഓളം ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇസ്രാഈലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഗാസയിലെ ജനങ്ങള്‍ക്ക് സഹായുമായി ഖത്തര്‍ രംഗത്തെത്തിയിരുന്നു. പത്തു ലക്ഷം ഡോളറിന്റെ സഹായമാണ് ഖത്തര്‍ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഗാസയിലെ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി വഴിയാണ് സഹായമെത്തിക്കുക.

പരിക്കറ്റവര്‍ക്കുള്ള ചികിത്സ ഉള്‍പ്പെടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ഫണ്ട് വിനിയോഗിക്കുക എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഇസ്രാഈല്‍-ഫലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. അമേരിക്ക ഇസ്രാഈലിനാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്.

കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്‌ലിങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രാഈല്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രദേശത്ത് ഒരു മാസത്തിലേറെയായി ഫലസ്തീനികള്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു. പിന്നീട് മെയ് ഏഴിന് മസ്ജിദുല്‍ അഖ്സയില്‍ ഇസ്രാഈല്‍ സേന ആക്രമണങ്ങള്‍ നടത്തുകയും ഹമാസ് ഇതിനെതിരെ രംഗത്തുവന്നതിനും പിന്നാലെയാണ് ഗാസയില്‍ ഇസ്രാഈല്‍ വലിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Palestine People defense model in general strike against Israel aggression

We use cookies to give you the best possible experience. Learn more