ഒളിമ്പിക്‌സ് വേദിയില്‍ ഫലസ്തീന്‍ പതാകയുമായി ഇസ്രഈലിനെതിരെ കാണികളുടെ പ്രതിഷേധം
World News
ഒളിമ്പിക്‌സ് വേദിയില്‍ ഫലസ്തീന്‍ പതാകയുമായി ഇസ്രഈലിനെതിരെ കാണികളുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th July 2024, 9:31 pm

പാരീസ്: പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന വേദിയില്‍ ഫലസ്തീന്‍ പതാകയുമായി കാണികളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം നടന്ന ഒളിമ്പിക്‌സ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഇസ്രഈലിനെതിരെ കാണികള്‍ പ്രതിഷേധം നടത്തിയത്.

ഉദ്ഘാടന ചടങ്ങില്‍ ഫലസ്തീനില്‍ നിന്നുള്ള ഒളിമ്പിക് ടീം പങ്കെടുത്തപ്പോഴാണ് കാണികള്‍ ആഹ്ലാദ പ്രകടനം നടത്തിയത്. ഫലസ്തീന്‍ പതാക ഉയര്‍ത്തിയും ഫ്രീ ഫലസ്തീന്‍ മുദ്രാവാക്യം വിളിച്ചുമാണ് കാണികള്‍ ഫലസ്തീന്‍ ടീമിനെ വരവേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നേരത്തെ ഒളിമ്പിക്സിൽ ഇസ്രഈലിനെ പങ്കെടുപ്പിക്കുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ജിബ്രില്‍ റജൗബ് രം​ഗത്തെത്തിയിരുന്നു. ഇസ്രഈലിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനം പുനഃപരിശോധിക്കണമെന്നും ഗസയില്‍ നടന്ന അതിക്രമങ്ങളെക്കുറിച്ച് ലോകത്തെ ബോധവാന്മാരാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

1964 മുതല്‍ 1988 വരെ വര്‍ണവിവേചന കാലത്ത് ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്‌സില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയത് പോലെ ഇസ്രഈലിനെതിരെയും നടപടിയെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയിലെ 39,000 ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രഈലിനെ കായികമേളയില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് രജൗബ് കഴിഞ്ഞ ആഴ്ച ഐ.ഒ.സിക്ക് കത്തെഴുതിയിരുന്നു.

ഫാസിസ്റ്റുകളുടെയും വംശീയവാദികളുടെയും നാസി അധിനിവേശക്കാരുടെയും ഫലസ്തീന്‍ ജനതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ ലോകം തിരിച്ചറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഐ.ഒ.സി തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗസയിലും കിഴക്കന്‍ ജെറുസലേമിലും ഫലസ്തീന്‍ പ്രദേശങ്ങളിലും നടക്കുന്നത് 1940 കളില്‍ നാസികള്‍ ചെയ്തതിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Palestine met with cheers at Paris Olympic opening