| Saturday, 15th May 2021, 6:19 pm

ഇസ്രാഈലിനെ പിന്തുണക്കുന്ന സംഘപരിവാറും മറ്റുള്ളവരും; ചരിത്രത്തില്‍ ചെയ്തതെന്ത് ?

അന്ന കീർത്തി ജോർജ്

ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ ഒരിക്കല്‍ കൂടി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മെയ് 7 വെള്ളിയാഴ്ച മുതല്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രാഈല്‍ നടത്തിവരുന്ന ആക്രമണങ്ങളോട് പലവിധ രീതിയിലാണ് ലോകനേതാക്കളും രാഷ്ട്രങ്ങളും മതവിഭാഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സാമൂഹ്യവിഭാഗങ്ങളുമെല്ലാം പ്രതികരിക്കുന്നത്.

പ്രതിരോധിക്കാനുള്ള ഇസ്രാഈലിന്റെ അവകാശത്തെ പിന്തുണച്ചുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയതെങ്കില്‍ ജോര്‍ദാനും സൗദിയും തുര്‍ക്കിയും ഇറാനുമെല്ലാം ആക്രമണത്തെ അപലപിക്കുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്തു.

സംഘപരിവാറും ഇന്ത്യയിലേതടക്കമുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ചര്‍ച്ചയാകുന്നുണ്ട്. മുന്‍കാലങ്ങളില്‍ അവര്‍ സ്വീകരിച്ച സമീപനങ്ങളുമായുള്ള വൈരുധ്യമാണ് ഇതിന്റെ മുഖ്യ കാരണം.

ഈ വൈരുദ്ധ്യങ്ങള്‍ക്ക് കാരണമാകുന്ന ചരിത്രപശ്ചാത്തലമെന്താണ്, ഇരു വിഭാഗങ്ങളും ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകളിലെ അപകടങ്ങള്‍ എന്തൊക്കയാണ്?

സ്വന്തം രാജ്യത്ത് നിന്നും പുറത്താക്കപ്പെട്ട്, ആയിരക്കണക്കിന് വര്‍ഷങ്ങളായി ജീവിക്കാന്‍ ഒരിടമില്ലാതെ അലയുന്നവരാണ് ജൂതര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അവര്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായി, അവര്‍ തങ്ങളുടെ ജന്മനാട്ടിലേക്ക് തിരിച്ചുവന്ന് ആ ഭൂമിയില്‍ താമസിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് സംഘപരിവാറും ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകളും ഇസ്രാഈലിന് അനുകൂലമായി നടത്തുന്ന ക്യാംപെയ്‌നുകളില്‍ പ്രധാനമായും പറയുന്നത്.

തീര്‍ച്ചയായും ലോകം കണ്ട ഏറ്റവും വലിയ പീഡനങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും ഇരകളായവരാണ് ജൂതവംശജര്‍. എന്നാല്‍ ജൂതരെ അതിക്രൂരമായി കൊന്നൊടുക്കിയവര്‍ക്കൊപ്പം നിലകൊണ്ടതാണ് സംഘപരിവാറിന്റെ ചരിത്രം. രണ്ടാം ലോകമഹായുദ്ധ കാലഘട്ടം മുതല്‍ ഇതുവരെ സംഘപരിവാര്‍ ജൂതരോടും ഇസ്രാഈലിനോടും സ്വീകരിച്ച നിലപാടുകള്‍ എങ്ങനെയായിരുന്നുവെന്ന് ഒന്ന് പരിശോധിക്കാം,

ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ജൂതരെ കൊന്നൊടുക്കിയപ്പോള്‍ അതിനെ പ്രകീര്‍ത്തിക്കുകയും, അതുപോലെ തന്നെ മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയുമെല്ലാം പുറത്താക്കി ഇന്ത്യയെ നാസി ജര്‍മനി പോലെയാക്കണം എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തവരാണ് ഇന്ത്യയിലെ സംഘപരിവാര്‍.

ആര്‍.എസ്.എസിന്റെ സൈദ്ധാന്തികന്‍ സവര്‍ക്കര്‍ ഹിറ്റ്‌ലറിന്റെ കടുത്ത ആരാധകനായിരുന്നു. ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ്‌ഗേവാര്‍ ആര്‍.എസ്.എസ് രൂപീകരണത്തിനും സായുധരായ ഹിന്ദുക്കളെ രൂപപ്പെടുത്തിയെടുക്കുന്നതിനും ഹിറ്റ്‌ലറിന്റെ നാസി പട്ടാളത്തെയാണ് മാതൃകയാക്കിയിരുന്നത്.

ആര്‍.എസ്.എസ് സ്ഥാപിക്കുന്നതില്‍ ഹെഡ്ഗേവാറിനെ ഏറ്റവും കൂടുതല്‍ സഹായിച്ച ഹിന്ദുത്വ സൈദ്ധാന്തികന്‍ ബി.എസ് മൂഞ്ചേ, ഹിറ്റ്‌ലറുടെ സഖ്യകക്ഷിയായ മുസോളിനിയെ സന്ദര്‍ശിച്ച ശേഷമാണ് രാഷ്ട്രീയ സ്വയം സേവക് സംഘം രൂപീകരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

രണ്ടാം ലോകമഹായുദ്ധ സമയത്ത് ജര്‍മനിയില്‍ ജൂത വംശഹത്യ ഏറ്റവും കൊടുമ്പിരി കൊണ്ടുനില്‍ക്കുന്ന സമയത്ത് ഹിറ്റ്‌ലറിനൊപ്പം നിന്ന സംഘപരിവാര്‍, പതിറ്റാണ്ടുകള്‍ക്കിപ്പുറം ഫലസ്തീന്‍ ജനതയെ കൂട്ടക്കുരുതി നടത്തുന്ന ജൂതര്‍ക്കൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങളെയൊന്നും ഇന്ത്യയിലെ ബി.ജെ.പി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും അപലപിച്ചിട്ടില്ല. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി 1967ലെ കരാര്‍ പ്രകാരമുള്ള ടു സ്റ്റേറ്റ് തിയറിയെ പിന്തുണയ്ക്കുന്നുവെന്നും ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി കാണാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നെങ്കിലും മസ്ജിദുല്‍ അഖ്‌സ ആക്രമണം തുടങ്ങിയ സമയം മുതല്‍ ഇതുവരെ ഈ വിഷയത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

ഇസ്രാഈലിന്റെ ആയുധബലവും, പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായി ഇസ്രാഈല്‍ തുടരുന്നതും ഇന്ത്യയടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളെയും ഇസ്രാഈലിനെതിരെ നിലപാടെടുക്കുന്നതില്‍ നിന്നും വിലക്കുന്നുണ്ട്.

രാജ്യങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളുടെയും നയതന്ത്രബന്ധത്തിന്റെയും രാഷ്ട്രീയ നേട്ടങ്ങളുടെയുമെല്ലാം ഭാഗമായി നടക്കുന്ന ഇത്തരം നിലപാടിലായ്മയെയും മിണ്ടാതിരിക്കലുകളെയുമെല്ലാം മനസ്സിലാക്കാമെങ്കിലും, സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി ഇസ്രാഈലിന് നല്‍കുന്ന വമ്പിച്ച പിന്തുണയാണ് സംഘപരിവാര്‍ നിലപാടുകളിലെ വൈരുദ്ധ്യത്തെ കുറിച്ചുള്ള ചോദ്യമുയര്‍ത്തുന്നത്.

കഴിഞ്ഞ ദിവസം മുതല്‍, ഒരു ഇന്ത്യന്‍ പൗരനും ഇസ്രാഈലി പൗരനും തമ്മില്‍ ട്വിറ്ററില്‍ നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രാഈലി പൗരന്‍ ഇന്ത്യയെ അപഹസിക്കുന്ന പരാമര്‍ശങ്ങള്‍ വീണ്ടും വീണ്ടും നടത്തിയ ശേഷവും ബി.ജെ.പി ക്കാരനായ ഇന്ത്യന്‍ പൗരന്‍ ഇസ്രാഈലിനെ പുകഴ്ത്തുകയാണ്. യഥാര്‍ത്ഥ ഇന്ത്യക്കാരായ ബി.ജെ.പിയും ആര്‍.എസ്.എസും മഹത് രാഷ്ട്രമായ ഇസ്രാഈലിനെ പിന്തുണക്കുന്നുവെന്ന് ബി.ജെ.പി പ്രവര്‍ത്തകന്‍ ആവര്‍ത്തിക്കുന്നതായി ട്വിറ്ററില്‍ കാണാം.

ഈ ഒരൊറ്റ ട്വീറ്റ് മാത്രമല്ല, ഇന്ത്യയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഇസ്രാഈലിനെ പിന്തുണച്ചും ഫലസ്തീനെതിരെ വ്യാജ വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയും മുന്നേറുന്ന നിരവധി സംഘപരിവാര്‍ പ്രൊഫൈലുകള്‍ കാണാം. ഹിറ്റ്‌ലറോടുള്ള ഇഷ്ടം കുറഞ്ഞതോ അല്ലെങ്കില്‍ ജൂതരോട് അന്ന് നാസികള്‍ നടത്തിയ കൊടുംക്രൂരതകളെ പിന്തുണച്ചതിലുള്ള പശ്ചാതാപമോ ഒന്നുമല്ല സംഘപരിവാറിന്റെ ഈ ഇസ്രാഈല്‍ പിന്തുണയ്ക്ക് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധതയും വിദ്വേഷ രാഷ്ട്രീയവും അടിച്ചമര്‍ത്തലിനോടും അധിനിവേശത്തോടും കൂട്ടക്കൊലകളോടുമുള്ള അടങ്ങാത്ത അഭിനിവേശവുമാണ് ഈ ഇസ്രാഈല്‍ പിന്തുണയ്ക്ക് പിന്നിലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തു കാരണം കൊണ്ടാണോ ഹിറ്റ്‌ലര്‍ സംഘപരിവാറിന്റെ ആരാധനാപാത്രമായത് അതേ അടിച്ചമര്‍ത്തലിന്റെ മറ്റൊരു മുഖമായി ഇസ്രാഈല്‍ മാറുന്നതാണ് സംഘപരിവാറിനെ അവരുടെ ഒപ്പം നിര്‍ത്തുന്നതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഇന്ത്യയില്‍ സംഘപരിവാര്‍ വളര്‍ത്തുന്ന മുസ്‌ലിം വിരുദ്ധതയോട് ചേര്‍ന്ന് നില്‍ക്കുന്ന ഇസ്രാഈലിനെയാണ് അവര്‍ പിന്തുണക്കുന്നതെന്ന് കൃത്യമായി കാണാം.

ഇനി, കേരളത്തിലും ഇന്ത്യയിലും ലോകത്തിന്റെ വിവിധ വിഭാഗങ്ങളിലുമുള്ള ക്രിസ്ത്യന്‍ സമൂഹം സ്വീകരിക്കുന്ന ഇസ്രാഈല്‍ അനുകൂല നിലപാടുകളെ കുറിച്ച് ഒന്നു പരിശോധിക്കാം. ഒരു കാലത്ത് ക്രിസ്തുഘാതകരായിട്ടായിരുന്നു മുഴുവന്‍ ജൂതസമൂഹത്തെയും ക്രിസ്ത്യാനികള്‍ കണക്കാക്കിയിരുന്നത്. തങ്ങള്‍ക്ക് അധികാരവും ആയുധബലവുമുള്ള ഇടങ്ങളിലെല്ലാം, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ക്രിസ്ത്യന്‍ സമൂഹം ജൂതരെ വേട്ടായാടിയിരുന്നു.

ക്രിസ്തുവിന്റെ കുരിശുമരണത്തിന് ജൂതസമൂഹം മുഴുവന്‍ ഉത്തരവാദികളാണെന്ന് 1960കളുടെ പകുതി വരെ ക്രിസ്ത്യന്‍ സമൂഹം ഔദ്യോഗികമായി തന്നെ വിശ്വസിച്ചിരുന്നു. ജൂതസമൂഹത്തെ മുഴുവന്‍ കുറ്റക്കാരാക്കി ക്രിസ്ത്യാനികള്‍ നടത്തിയ പ്രചാരണങ്ങള്‍ കുരിശുയുദ്ധത്തിലും ഹോളോകോസ്റ്റിലും സ്‌പെയ്‌നിലെ മതവിചാരണയിലുമെല്ലാം ജൂതര്‍ക്കെതിരെ ജനങ്ങളെ തിരിക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ജൂതരെ കൊല്ലുന്നതും തടവിലിടുന്നതുമെല്ലാം ഒരു തെറ്റല്ല എന്ന ധാരണ വളര്‍ത്താന്‍ ഈ ക്രിസ്ത്യന്‍ പ്രചാരണങ്ങള്‍ ഏറെ സഹായിച്ചിരുന്നു.

ജൂതരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൊന്നൊടുക്കിയ നാസികള്‍ ജര്‍മനിയിലെ സവര്‍ണ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷവും ക്രിസ്ത്യന്‍ സമൂഹം ജൂതരെ പ്രതിസ്ഥാനത്ത് തന്നെയാണ് നിര്‍ത്തിയിരുന്നത്. പിന്നീട് 1960കളില്‍ നടന്ന വത്തിക്കാന്‍ സമ്മേളനത്തിലാണ് പോള്‍ ആറാമന്‍ മാര്‍പാപ്പ ക്രിസ്തുവിനെ കൊന്നതിന് മുഴുവന്‍ ജൂതസമൂഹവും ഉത്തരവാദികളല്ലെന്നും അവരെ അങ്ങനെ കാണരുതെന്നും പ്രഖ്യാപിക്കുന്നത്.

പിന്നീട് ഫലസ്തീന്‍ – ഇസ്രാഈല്‍ പ്രശ്‌നത്തില്‍ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായ ഘട്ടത്തില്‍, ഇസ്രാഈലിനെതിരെ കടുത്ത പ്രതികരണങ്ങള്‍ക്ക് മുതിരാതെ ഫലസ്തീനൊപ്പം നില്‍ക്കുന്നുവെന്നും ഫലസ്തീനിലും ഇസ്രാഈലിലും സമാധാനം പുലരണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയും ബെനഡിക്ട് പാപ്പയുമെല്ലാം പല ഘട്ടങ്ങളിലായി പ്രതികരിച്ചത്.

എന്നാല്‍ ഈ നിലപാടുകളില്‍ നിന്ന് വിഭിന്നമായ രീതിയിലാണ് ഫലസ്തീന്‍ ഇസ്രാഈല്‍ വിഷയത്തിലുള്ള ക്രൈസ്തവ വിഭാഗങ്ങളുടെ ഇപ്പോഴത്തെ ഇടപെടലുകള്‍. കഴിഞ്ഞ കുറച്ചു കാലമായി കേരളത്തിലെ ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകളില്‍ നിന്നടക്കം വരുന്ന ഇസ്രാഈലിനെ പിന്തുണയ്ക്കുന്ന ചില ഓണ്‍ലൈന്‍ ക്യാംപെയ്‌നുകളുടെ പൊതുസ്വഭാവം പരിശോധിക്കാം,

ഇസ്രാഈലുകാര്‍ തങ്ങളുടെ വാഗ്ദത്ത ഭൂമിയെന്ന് കരുതുന്ന സ്ഥലത്ത് ജീവിക്കുന്നതില്‍ എന്താണ് തെറ്റ്, അവര്‍ മറ്റെവിടെ പോകും എന്ന ചോദ്യങ്ങളാണ് ഫലസ്തീനിന്റെ അടിസ്ഥാന മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഇത്തരക്കാര്‍ നല്‍കുന്ന ഉത്തരമെങ്കിലും അടുത്ത കാലത്തായി തികഞ്ഞ മുസ്‌ലിം വിരുദ്ധതയും ഇവിടെ നിഴലിച്ച് നില്‍ക്കുന്നത് കാണാം.

ഇസ്രാഈലിനോടുള്ള ഈ മനോഭാവത്തില്‍ ക്രിസ്തുവിനെ കൊന്ന വംശം എന്നത് മാറി ക്രിസ്തു ജനിച്ച വംശം എന്ന മാറ്റമൊന്നും പ്രബലമായി കാണാന്‍ സാധിക്കില്ല. പകരം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജൂതരായിരുന്നല്ലോ അവിടെ എന്ന അബദ്ധവാദവും ഉന്നയിച്ചുകൊണ്ടാണ് പല പ്രൊഫൈലുകളും രംഗത്തുവരുന്നത്. ഇതിനൊപ്പം നേരത്തെ ജൂതരോട് പുലര്‍ത്തിയിരുന്നതിന് സമാനമായ രീതിയില്‍ മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം ഇകഴ്ത്തി കെട്ടുന്ന പരാമര്‍ശങ്ങളും ഈ പ്രൊഫൈലുകളില്‍ വ്യാപകമാണ്.

എന്നാല്‍ ഇസ്രാഈലിന് ഈ പിന്തുണ പ്രഖ്യാപിക്കുന്നവര്‍ ഫലസ്തീനിലെ ക്രിസത്യന്‍ സമൂഹത്തെ അപ്പാടെ അവഗണിക്കുകയാണ്. ഇസ്രാഈല്‍ അധിനിവേശത്തിന്റെ ഭാഗമായി ഫലസ്തീനിലെ മുസ്‌ലിം വംശജര്‍ക്കൊപ്പം തന്നെ കൊടിയ ദുരിതത്തിലൂടെ കടന്നുപോകുന്നവരാണ് അവിടെയുള്ള അറബ് ക്രിസ്ത്യാനികളും.

മസ്ജിദുല്‍ അഖ്‌സയിലും ഗാസയിലും ഇസ്രാഈല്‍ സൈന്യത്തിന്റെ ആക്രമണം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ കത്തോലിക്ക, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതര്‍ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഫലസ്തീനും ഫലസ്തീനിലെ മുസ്‌ലിങ്ങള്‍ക്കുമൊപ്പം നില്‍ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടു രംഗത്തുവന്നിരുന്നു.

ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് തലവന്‍ ആര്‍ച്ച് ബിഷപ്പ് അടല്ല ഹന്ന, മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള സയണിസ്റ്റ് പദ്ധതിയെയും ഇരുണ്ട അധിനിവേശ നയങ്ങളെയും ഫലസ്തീനികള്‍ പോരാടി ചെറുക്കുകയാണെന്നും ജറുസലേമിനെ സംരക്ഷിക്കാന്‍ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഒന്നിച്ചു നില്‍ക്കണമെന്നും പറഞ്ഞിരുന്നു.

ഇസ്രാഈല്‍ നടത്തുന്ന അധിനിവേശത്തെയും കോളനിവത്കരണത്തെയും അടിച്ചമര്‍ത്തലിനെയും സ്വേച്ഛാധിപത്യത്തെയും എതിര്‍ത്ത് സമൂഹത്തെ സംരക്ഷിക്കുകയാണ് ഫലസ്തീനിലെ ജനതയെന്നും ബിഷപ്പ അടല്ല ഹന്ന പറഞ്ഞു.

മസ്ജിദുല്‍ അഖ്‌സ സംരക്ഷിക്കാനായി മുസ്‌ലിങ്ങളൊടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഫലസ്തീനിലെ കത്തോലിക്കാ പുരോഹിതന്‍ ഫാദര്‍ മാനുവല്‍ മുസല്ലയും ക്രിസ്ത്യാനികളോട് ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തില്‍ ഫലസ്തീന്‍ ജനത്തോടൊപ്പമില്ലാത്ത ആര്‍ക്കും സമാധാനത്തോടെ ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇസ്രാഈല്‍ സര്‍ക്കാരിന്റെയും തീവ്ര വലുതപക്ഷ ജൂതരുടെയും നേതൃത്വത്തില്‍ തുടരുന്ന ഫലസ്തീന്‍ അധിനിവേശത്തിനും ഗാസയിലും വെസ്റ്റ് ബാങ്കിലും ജറുസലേമിലും നടത്തുന്ന ആക്രമണങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കുമെതിരെ ജൂതര്‍ക്കിടയില്‍ നിന്നുതന്നെ വലിയ എതിര്‍പ്പുയരുന്നുണ്ട്.

ഇസ്രാഈലിനകത്തും ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്കിടയിലെ ജൂതര്‍ക്കിടയിലും ഫലസ്തീനെ പിന്തുണച്ചുകൊണ്ടുള്ള ക്യാംപെയ്‌നുകള്‍ ശക്തമാകുന്നുണ്ട്. ഇതിനിടയിലാണ് സംഘപരിവാറും ചില ക്രിസ്ത്യന്‍ വിഭാഗങ്ങളും ഫലസ്തീന്‍ വിരുദ്ധ – മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളുമായി രംഗത്ത് വന്ന് ഇസ്രാഈലിന് പിന്തുണ പ്രഖ്യാപിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Palestine – Israel Conflict, RSS and some Christian groups supporting Israel – explained

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more