| Friday, 13th October 2023, 7:10 pm

ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല

ഫാറൂഖ്

ഫലസ്തീന്‍കാര്‍ എന്തിനാണ് വെറുതെ മരിക്കുന്നത് എന്ന തലക്കെട്ടില്‍ ഒരു ലേഖനം  പ്രസിദ്ധീകരിച്ചിട്ടിപ്പോള്‍ രണ്ടു വര്ഷത്തിലധികമാവുന്നു. എഴുത്തുകാര്‍ പറയുന്ന പോലെ പറയുകയാണെങ്കില്‍ ഡാന്യൂബ് നദിയില്‍ അതിന് ശേഷം ഒരു പാട് വെള്ളം ഒഴുകിയിട്ടുണ്ടാകണം. ഡൂള്‍ ആര്‍കൈവിലുള്ള ആ ലേഖനത്തിന്റെ ലിങ്ക് ഇപ്പോഴും വാട്‌സാപ്പ് വഴി പ്രചരിക്കുന്നത് കൊണ്ടാവും ഇപ്പോഴും കുറേപേര്‍ എനിക്ക് മെസ്സേജ് അയക്കും, ആ ലേഖനത്തില്‍ പറഞ്ഞതൊക്കെ തന്നെയാണോ ഇപ്പോഴും അഭിപ്രായം എന്ന് ചോദിച്ചു കൊണ്ട്.

വസ്തുതകള്‍ മാറുമ്പോള്‍ അഭിപ്രായവും മാറും, ഒക്ടോബര്‍ ഏഴിന് മുമ്പുള്ള ഫലസ്തീനോ ഇസ്രാഈലോ അല്ല അതിന് ശേഷമുള്ളത്. എല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു, അത് കൊണ്ട് തന്നെ അഭിപ്രായവും മാറും. വളരെ കാലം ഇനിയും താണ്ടേണ്ട, എഴുതിയയാള്‍ക്കോ വായിച്ചവര്‍ക്കോ അവരുടെ മക്കള്‍ക്കോ കാണാന്‍ കഴിയാത്ത അത്രയും കാലം നീണ്ടു നില്‍ക്കുന്ന ഒരു പോരാട്ടമാണ് ഫലസ്തീകളുടേത് എന്നായിരുന്നു ആ ലേഖനത്തിന്റെ കാതല്‍.

പക്ഷെ, എഴുതുന്നയാള്‍ക്ക് കഴിയില്ലെങ്കിലും, ഇപ്പോള്‍ ഇത് വായിക്കുന്ന പലര്‍ക്കും ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ആയ ഫലസ്തീന്‍ കാണാന്‍ കഴിയും എന്നതാണ് എന്റെ പുതിയ അഭിപ്രായം. അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന പ്രശസ്തമായ ഉദ്ധരണിക്ക് കെ.കരുണാകരനോട് കടപ്പാട്. കാരണങ്ങള്‍ ഇവിടെ വിശദമാക്കാന്‍ ശ്രമിക്കാം.

1 – ഡ്രോണുകള്‍ – ആന്‍ഡ്രോയിഡ് ഫോണ്‍ പോലെ നല്ലൊരു ലവലര്‍ ആണ് ഡ്രോണ്‍. പണക്കാര്‍ക്ക് മാത്രം കിട്ടുമായിരുന്ന ഒരു പാട് സൗകര്യങ്ങള്‍ ഇത്തരം ലവലറുകള്‍ പാവപ്പെട്ടവരിലും എത്തിക്കും. മ്യൂസിക് പ്ലെയര്‍, വാച്ച്, ബ്ലൂടൂത്ത്, അഡ്രസ് ബുക്ക്, പേയ്‌മെന്റ് ആപ്പ്, സ്ട്രീമിങ്, വോയിസ് കാള്‍, കാമറ, എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ തുടങ്ങി ഒരു കാലത്ത് അതി സമ്പന്നര്‍ക്ക് മാത്രം സ്വപ്‌നം കാണാന്‍ കഴിയുമായിരുന്ന നാവിഗേറ്റര്‍, ജിയോ-ലൊക്കേറ്റര്‍ വരെ ഇപ്പോള്‍ 5000 രൂപയുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ലഭിക്കും.

അതെ അവസ്ഥയാണ് ഡ്രോണിന്റെത്. ഒരു റാഫേല്‍ വിമാനത്തിലോ ലോഖീത് മാര്‍ട്ടിനിനിലോ ഉള്ള സൗകര്യങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ 5000 ഡോളറിന് വാങ്ങാവുന്ന ഡ്രോണിലുമുണ്ട്, ജിയോ-ലൊക്കേറ്റര്‍, എ.ഐ കാമറ, റിമോട്ട് കണ്‍ട്രോള്‍, ജി.പി.എസ് മൊഡ്യൂള്‍, സെന്‍സേര്‍സ്, ആക്‌സിലെറോമീറ്റര്‍, അള്‍ട്ടിമീറ്റര്‍, റഡാര്‍ ഡിറ്റക്ടര്‍, വെര്‍ട്ടിക്കല്‍ മൂവ്‌മെന്റ്, കൊളീഷന്‍ തുടങ്ങി നിങ്ങള്‍ വിചാരിക്കുന്നതെല്ലാം ഡ്രോണിലുണ്ട്.

കുറച്ചു ദൂരമേ പോകൂ എന്നതാണ് ആകെ ഒരു പ്രശ്‌നം, പക്ഷെ ഡോളര്‍ കൂട്ടിയാല്‍ ദൂരവും കൂടും. അല്ലെങ്കില്‍ തന്നെ ഇസ്രാഈല്‍ മുഴുവന്‍ കവര്‍ ചെയ്യാന്‍ 70 കിലോമീറ്ററില്‍ താഴെ മതി. വിക്ഷേപണ ഗ്രൗണ്ടും റണ്‍വേയും വേണ്ട, ഏതെങ്കിലും ബില്‍ഡിങ്ങിന്റെ ടെറസില്‍ വെച്ച്‌ റിമോട്ട് കോണ്‍ട്രോളില്‍ പറത്തിയാല്‍ മതി, കള്ളക്കടത്തു നടത്താന്‍ എളുപ്പം, ചെറിയ കാര്‍ബോഡ് പെട്ടികളാണ്, വലിയ ആയുധ കരാറൊന്നും വേണ്ട കിട്ടാന്‍, ഇറാനും തുര്‍ക്കിയും കമ്പോഡിയയുമൊക്കെയാണ് ഉണ്ടാക്കുന്നത്. ബോംബ് ചെയ്യേണ്ട സ്ഥലത്തിന്റെ കോര്‍ഡിനേറ്റ്‌സ് ഗൂഗിള്‍ മാപ്പില്‍ കണ്ടുപിടിച്ചു ഡ്രോണിന്റെ കണ്‍ട്രോള്‍ പാനലില്‍ ഫീഡ് ചെയ്താല്‍ മതി, അത് പോയി ബോംബിട്ടു വന്നോളും. വരുന്ന വഴിക്ക് അത് തന്നെ ഒരു വീഡിയോ എടുത്ത് റീല്‍സ് ആക്കി അപ്ലോഡ് ചെയ്യുകയും ചെയ്യും.

5000 ഡോളറിന്റെ ഡ്രോണ്‍ തടയാന്‍ 10 മില്യണ്‍ ഡോളറിന്റെ മിസൈല്‍ വേണം. മിസൈല്‍ പോലെ ഒരു ട്രാജക്ടറിയോ പ്രവചിക്കാന്‍ പറ്റുന്ന സ്പീഡോ ദിശയോ ഒന്നും ഡ്രോണിനില്ല, അത് കൊണ്ട് തന്നെ തടയുന്ന കാര്യം ഒത്താല്‍ ഒത്തു. തുര്‍ക്കിയില്‍ നിന്ന് വാങ്ങുന്ന ഇത്തരം ഡ്രോണുകള്‍ വച്ചാണ് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ റഷ്യയെ ഉക്രയിന്‍കാര്‍ തടയുന്നത്.

ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തില്‍ ഹമാസ് ആദ്യം ചെയ്തത് ഡ്രോണുകള്‍ ഉപയോഗിച്ച്‌ നിരീക്ഷണ ടവറുകളും മിസൈല്‍ ലോഞ്ചറുകളും ബോംബ് ചെയ്യുകയാണ്.  വലിയ സൈനിക ശക്തികള്‍ കരസേനയുടെ നീക്കത്തിന് തൊട്ടുമുമ്പ് നടത്തുന്ന എയര്‍ഫോഴ്‌സ് ബോംബിങ്ങിന് സമാനമായിരുന്നു ഇത്, അതൊരു വന്‍ വിജയമായി. ഇപ്പോഴുള്ള സ്റ്റോക്ക് കഴിഞ്ഞാല്‍ ഇനി ഗാസയില്‍ നിന്നോ ലെബണനില്‍ നിന്നോ ഇസ്രായിലിലേക്ക് അധികം റോക്കറ്റുകള്‍ ഉണ്ടാകില്ല, ഡ്രോണുകളെ ഉണ്ടാകൂ. കാരണം സംഘടിപ്പിക്കാനും സൂക്ഷിക്കാനും ഉപയോഗിക്കാനും മിസൈലിനുള്ള ബുദ്ധിമുട്ട് ഡ്രോണിനില്ല. പക്ഷെ ഇത് ഫലസ്തീന്‍ പോരാളികളെ ഇസ്രാഈല്‍ സൈന്യത്തിന് തുല്യമാക്കുമോ, അതറിയാന്‍ അടുത്ത പോയിന്റ് വായിക്കുക.

2 – ഉപയോഗമില്ലാത്ത ആയുധങ്ങള്‍. ( കടപ്പാട് https://www.theatlantic.com ) . ഇസ്രാഈല്‍ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളുടെ ലിസ്റ്റില്‍ ആദ്യത്തെ പന്ത്രണ്ടില്‍ പെടും. അമേരിക്ക മൂന്ന് ബില്യണ്‍ ഡോളര്‍ വര്‍ഷത്തില്‍ കൊടുക്കുന്നുണ്ട്. ആ പണം കൊണ്ട് ഇസ്രാഈല്‍ കണ്ണില്‍ കണ്ട ആയുധങ്ങളൊക്കെ വാങ്ങികൂട്ടുന്നുണ്ട്. എഫ്-15 , എഫ്-16 തുടങ്ങി എഫ്-35 വരെയുള്ള ഫയ്റ്റര്‍ ജെറ്റുകളുടെ വലിയൊരു കലവറ തന്നെയുണ്ട്, യുദ്ധക്കപ്പലുണ്ട്, മുങ്ങിക്കപ്പലുണ്ട്, ആറ്റം ബോംബുണ്ട്, എന്താ കാര്യം, യുദ്ധം ചെയ്യാന്‍ എതിരാളികളില്ല.

ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, ഇറാന്‍ തുടങ്ങിയവരാണ് യുദ്ധം ചെയ്യേണ്ടത്, അവരൊന്നും ചെയ്യില്ല, ചെയ്താല്‍ അവര്‍ വിജയിക്കുകയുമില്ല. രഹസ്യമായി ആയുധങ്ങള്‍ എത്തിക്കാനാണെങ്കില്‍ എല്ലാവരും റെഡി. ആരോടും യുദ്ധം ചെയ്യാതെ തുരുമ്പെടുത്തു പോകുക എന്നല്ലാതെ ഈ ആയുധങ്ങള്‍ കൊണ്ട് ഒരുപകാരവുമില്ല.

ബില്യണ്‍ കണക്കിന് ചെലവാക്കി ഉണ്ടാക്കിയ അയേണ്‍ ഡോം ഡ്രോണുകളെ തടയില്ല.

ബോംബര്‍ വിമാനങ്ങള്‍ കൊണ്ട് ആകെ ചെയ്യാനുള്ളത് പതിനായിരം അടി മുകളില്‍ നിന്ന് ഗാസയിലേക്ക് ബോംബിടലാണ്. അത് കൊണ്ട് യുദ്ധം ജയിക്കില്ല, ആകാശത്തു നിന്ന് ബോംബിട്ട് യുദ്ധം ജയിക്കുമായിരുന്നെങ്കില്‍ വിയറ്റ്‌നാമില്‍ അമേരിക്ക ജയിച്ചേനെ. യുദ്ധം ജയിക്കാണണമെങ്കില്‍ ഭൂമിയിലേക്കിറങ്ങി യുദ്ധം ചെയ്യണം. അത് നടക്കില്ല, അതിന്റെ കാരണം അടുത്ത പോയിന്റില്‍

3 – അഗ്‌നിവീരന്മാര്‍ – ആകപ്പാടെ 90 ലക്ഷം ആണ് ഇസ്രാഈലിന്റെ ജനസംഖ്യ. അതില്‍ തന്നെ നല്ലൊരു പങ്ക് പ്രായമുള്ളവരാണ്, പകുതി സ്ത്രീകളും കാല്‍ഭാഗത്തോളം കുട്ടികളും, ഇതിലൊക്കെ നല്ലൊരു പങ്ക് കുറെ പേര് കുടിയേറ്റക്കാരും. അത് കൊണ്ട് തന്നെ പട്ടാളത്തില്‍ ചേരാന്‍ ആളെക്കിട്ടില്ല. അഥവാ കിട്ടിയാലും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരില്‍ അഞ്ചിലൊരാളോ പത്തിലൊരാളോ പട്ടാളത്തിലാണെങ്കില്‍ ഒരു രാജ്യത്തിനും ശമ്പളം കൊടുക്കാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ ആക പാടെ ഒന്നര ലക്ഷം പട്ടാളക്കാരാണ്  ഇസ്രാഈനുള്ളത്. അതില്‍ പകുതി എയര്‍ഫോഴ്‌സിലും നാവിയിലുമായി പോകും, ഭൂമിയിലുള്ള സ്ഥിരം പട്ടാളക്കാരുടെ എണ്ണം തുച്ഛമാണ്.

അത് കൊണ്ട് തന്നെ അഗ്‌നിവീരന്മാരാണ് പ്രധാന സൈന്യം – കൂലിപ്പട്ടാളക്കാര്‍. പുരുഷന്മാര്‍ 32 മാസവും സ്ത്രീകള്‍ 24 മാസവും നിര്‍ബന്ധമായി സൈനിക ജോലി ചെയ്യണം എന്നതാണ് നിയമം. പിന്നെ ആവശ്യം വരുമ്പോള്‍ വിളിക്കും. ഇവരാണ് കുടിയേറ്റ കോളനികള്‍ക്കും അതിര്‍ത്തിക്കും കാവല്‍ നില്‍ക്കുന്നത്. അതെല്ലാ കാലത്തും അങ്ങനെയായിരുന്നില്ലെ പിന്നെ ഇപ്പോഴെന്താണ് വിശേഷിച്ചു പറയാന്‍ എന്നതായിരിക്കും നിങ്ങളുടെ ചോദ്യം, കാരണമുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് ആദ്യമായി ഇസ്രാഈല്‍ അതിര്‍ത്തിയില്‍ ആക്രമണമുണ്ടാകുന്നത്. അത് വരെ കവചിത വാഹനങ്ങളിലിരുന്ന് നൂറു മീറ്റര്‍ അകലെ നടന്നു പോകുന്ന പാവങ്ങളെ ടെലിസ്‌കോപിക് ഗണ്‍ കൊണ്ട് വെടിവെക്കുന്നതായിരുന്നു ഇവരുടെ പരിപാടി. അതിനവര്‍ക്ക് ഭയങ്കര മിടുക്കായിരുന്നു. ആദ്യമായി ആക്രമണമുണ്ടായപ്പോള്‍ ലോകത്തിന് മനസ്സിലായി അഗ്‌നിവീരന്മാര്‍ക്ക് ലുക്ക് മാത്രമേയുള്ളു എന്ന്. സാധാരണ പട്ടാളക്കാര്‍ക്കുണ്ടാകേണ്ട പോരാട്ട വീര്യമോ പരിശീലനമോ ഇല്ലാത്ത ഇവര്‍ ആക്രമണം തുടങ്ങിയപ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടനാണ് ശ്രമിച്ചത്. ഓടാന്‍ പോലും കഴിയാത്ത കുറെ പാവങ്ങളെ ഹമാസുകാര്‍ ബന്ദികളാക്കി പിടിച്ചു കൊണ്ട് പോകുകയും ചെയ്തു.

4 – നഗര യുദ്ധങ്ങള്‍ – ഹമാസിനെയോ അതെ പോലുള്ള മാറ്റ് ഗ്രൂപ്പുകളേയോ തോല്‍പ്പിക്കണമെങ്കില്‍ ഇസ്രാഈലി പട്ടാളം ഗാസ കീഴടക്കി വീടുവീടാന്തരം കയറി അവരെയൊക്കെ പിടിച്ചു കൊണ്ടുവന്ന്‌ ജയിലിലിടുകയോ കൊല്ലുകയോ ഒക്കെ വേണം. വെറുതെ ആകാശത്തു നിന്ന് ബോംബിട്ടാല്‍ യുദ്ധം ജയിക്കില്ലെന്ന് രണ്ടാമത്തെ പോയിന്റില്‍ പറഞ്ഞു കഴിഞ്ഞു.

റഷ്യ എല്ലാ ദിവസവും ഉക്രൈയിനില്‍ മൂന്നാല് ബോംബിടുന്നുണ്ട്, എന്ത് കാര്യം. അത് കൊണ്ടാണ് മൂന്ന് ലക്ഷം പട്ടാളക്കാര്‍ തയ്യാറായി കഴിഞ്ഞു എന്ന് കഴിഞ്ഞയാഴ്ച നമ്മള്‍ കേട്ടത്. ആകപ്പാടെ ഒരു ലക്ഷത്തില്‍ താഴെ കരസൈനികരുള്ള ഇസ്രാഈല്‍ ഇതിന് വേണ്ടി പൂര്‍ണമായി ആശ്രയിക്കുന്നത് അഗ്‌നിവീരന്മാരെയാണ്. യുദ്ധങ്ങളില്‍ ഏറ്റവും ഭീകരമാണ് നഗരയുദ്ധങ്ങള്‍. ജനനിബിഡമായ നഗരങ്ങളിലെക്ക് ചെല്ലുന്ന പട്ടാളക്കാര്‍ അവിടെ വച്ച് കശാപ്പ് ചെയ്യപ്പെടുന്നതാണ് സാധാരണ കാഴ്ച. ഇസ്രാഈല്‍ സേന തന്നെ ബെയ്റൂട്ടില്‍ ഇതനുഭവിച്ചതാണ്. സ്നൈപ്പര്‍ ഗണ്ണും ഗ്രനേഡും ഡ്രോണുകളുമായി കാത്തിരിക്കുന്ന ഗാസയിലെ ചെറുപ്പക്കാരുടെ നടുവിലേക്ക് പരിശീലനമോ ധൈര്യമോ ഇല്ലാത്ത അഗ്‌നിവീരന്മാരെ അയച്ചാല്‍ ഇസ്രഈലിന്റെ പരാജയം ഭീകരമായിരിക്കും.

5 – യുദ്ധം ഇസ്രഈലിന്റെ മണ്ണിലേക്ക് – യുദ്ധം ജയിക്കണമെങ്കില്‍ ഭൂയിലിറങ്ങണമെന്നത് ഇസ്രാഈലിന് മാത്രമല്ല ബാധകം, പാലസ്റ്റീനികള്‍ക്കുമാണ്. ദലൈലാമ ഇന്ത്യ മുഴുവന്‍ നടന്ന് പ്രഭാഷണം നടത്തിയത് കൊണ്ടോ യു.എന്നില്‍ പ്രസംഗിച്ചത് കൊണ്ടോ ടിബറ്റ് മോചിപ്പിക്കാനാവില്ല, അതിന് ടിബറ്റന്മാര്‍ ടിബറ്റില്‍ വച്ച് പൊരുതണം. ആ പാഠം പഠിക്കാന്‍ ഫലസ്തീനികള്‍ ഒരു പാട് വൈകി. ലെബനാനിലോ ജോര്ദാനിലോ ഗാസയിലോ പോലും ഇരുന്ന് എത്ര മുദ്രാവാക്യം വിളിച്ചാലും ഇസ്രാഈലിന് ഒരു ചുക്കുമില്ല. ഇസ്രഈലികള്‍ അതിര്‍ത്തിയില്‍ വന്നു ബിയറും കുടിച്ചു ഗാസ ബോംബ് ചെയ്യുന്നത് കാണാന്‍ വാച്ച് പാര്‍ട്ടി നടത്തും.

ഇസ്രാഈല്‍ അധിനിവേശം ഒഴിഞ്ഞു പോകണമെങ്കില്‍ എവിടുന്നാണോ ഒഴിഞ്ഞു പോകേണ്ടത് അവിടെ പോയി പൊരുതണം. ഇക്കഴിഞ്ഞ ആഴ്ചയാണ് ആദ്യമായി അവരത് ചെയ്യുന്നത്. അവരുടെ ആദ്യത്തെ ശ്രമം തന്നെ വന്‍ വിജയമായി. വാച്ച് ടവറുകള്‍ ഡ്രോണ്‍ വച്ച് ബോംബ് ചെയ്തു, മതിലുകള്‍ ഗ്രനേഡ് എറിഞ്ഞു തകര്‍ത്തു, മുള്ള് വേലികള്‍ ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ചു. തകര്‍ന്ന അതിര്‍ത്തികളിലൂടെ ആളുകള്‍ ഇസ്രായേലിലേക്ക് ഇടിച്ചു കയറി. അതീവ രഹസ്യമായ ആക്രമണമായിട്ടു പോലും നൂറുകണക്കിന് പേരാണ് ഇങ്ങനെ മോട്ടോര്‍ സൈക്കിളിലും ജീപ്പിലുമായി ഇസ്രാഈലിലേക്ക് കയറിച്ചെന്നത്.

ഇനി ഇസ്രാഈല്‍ കൂടുതല്‍ നല്ല വേലികളും മതിലുകളും കെട്ടുമെന്നുറപ്പ്, അതിലും നല്ല ഡ്രോണുകളും ഗ്രനേഡുകളുമായി പൊളിക്കാന്‍ ഫലസ്തീനികളും വരും. ഇനിയത് കുറേകൂടി പരസ്യമായിട്ടായിരിക്കും, അത് കൊണ്ട് തന്നെ ആയിരക്കണിക്ക് ആളുകളായിരിക്കും യന്ത്ര തോക്കുകളുമായി ഇനി മുതല്‍ അതിര്‍ത്തി കടക്കുക, മരണങ്ങളും ഏകപക്ഷീയമാകില്ല. ഇതിന് രണ്ടു ഫലങ്ങളുണ്ടാകും, ഒന്നാമത്തേത് അടുത്ത പോയിന്റ്, രണ്ടാമത്തേത് അവസാനം.

6 – പുതിയ സെറ്റില്‍മെന്റുകള്‍ ഇനിയുണ്ടാകില്ല – ഇസ്രാഈലില്‍ ആട് മേക്കാന്‍ വരുന്ന ജൂതന്മാര്‍ക്ക് ( പ്രയോഗത്തിന് മന്‍സൂര്‍ പാറേമ്മലിനോട് കടപ്പാട് ) പുതിയ ഹൗസിങ്‌ കോളനികള്‍ ഉണ്ടാക്കി കൊടുക്കുന്നതിനെയാണ് സെറ്റില്‍മെന്റ്‌ എന്ന് പറയുന്നത്,ഫലസ്തീന്‍കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് അവരെ ആട്ടിയോടിച്ചു അഭയാര്ഥി ക്യാമ്പിലെത്തിച്ച ശേഷം ആ സ്ഥലത്താണ് ഈ സെറ്റില്‍മെന്റ്‌ ഉണ്ടാക്കുന്നത്.

ഈ പരിപാടി ഇടക്കിടക്കുണ്ടാകും. ഇവിടെ താമസിക്കാന്‍ വരുന്ന ജൂതന്മാര്‍ ഹിറ്റ്‌ലറുടെ അടുത്ത് നിന്ന് ഓടി രക്ഷപ്പെട്ട് വരുന്നവരൊന്നുമല്ല, അമേരിക്കയിലും ബ്രിട്ടനിലും യുറോപ്പിലുമൊക്കെ നല്ല ജോലിയും ബുസിനെസ്സുമൊക്കെയായി സുഖിച്ചു ജീവിക്കുന്നവരാണ്. ഇസ്രാഈല്‍ അവര്‍ക്ക് ഇരട്ട പൗരത്വം കൊടുക്കും. അവര്‍ അവരുടെ മതരാഷ്ട്രം വിശാലമാക്കുന്നതിനുള്ള തങ്ങളുടെ സംഭാവന എന്ന നിലയില്‍ ഈ സെറ്റില്‍മെന്റ്‌ കോളനിയില്‍ ഒരു വില്ല വാങ്ങി നല്ല കാലാവസ്ഥയുള്ള മാസങ്ങളില്‍ അവിടെ താമസിക്കും. ബാക്കിയുള്ള മാസങ്ങളില്‍ പ്രായമുള്ള മാതാപിതാക്കന്മാരെ അവിടെയാക്കി അവര്‍ തിരിച്ചു അമേരിക്കയിലേക്കോ യുറോപ്പിലേക്കോ പോകും.

( നമ്മുടെ നാട്ടില്‍ നിന്ന് ഒട്ടേറെ ഹെല്‍ത്ത് കെയറുകാര്‍ ഇസ്രയേലിലെത്തുന്നത് ഇങ്ങനെ തനിച്ചാക്കപ്പെട്ട വയോധികരെ പരിപാലിക്കാനാണ്, അതിലെന്തെങ്കിലും തെറ്റുണ്ടെന്ന രീതിയിലല്ല, ഒരു വസ്തുത പറഞ്ഞതാണ്)

ഈ സെറ്റില്‍മെന്റുകള്‍ക്ക് കാവല്‍ നില്‍ക്കുന്നത് നേരത്തെ പറഞ്ഞ അഗ്‌നിവീരന്മാരാണ്. അഗ്‌നിവീരന്മാര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ ഹമാസുകാര്‍ സെറ്റില്‍മെന്റുകളില്‍ കയറി മേഞ്ഞു. അത് കൊണ്ട് തന്നെ ആക്രമണം കഴിഞ്ഞ ഉടനെ തന്നെ സെറ്റില്‍മെന്റുകാര്‍ മിക്കവരും സ്ഥലം വിട്ടു. എയര്‍പോര്‍ട്ടിലൊക്കെ അപാര തിരക്കായിരുന്നു. ജീവന്‍ പണയപ്പെടുത്തി ആടുമേയ്‌ക്കേണ്ട ഗതികേടൊന്നും തങ്ങള്‍ക്കില്ല എന്ന് ഇവര്‍ ഇസ്രാഈലി പത്രങ്ങളോടും ചാനലുകളോടും പറഞ്ഞു.

സുരക്ഷതിത്വത്തിന് അഗ്‌നിവീരന്മാരെ മാത്രം ആശ്രയിക്കരുത് എന്നും സ്വന്തമായി തോക്ക് കൈവശം വെക്കണമെന്നും ആട് മേക്കല്‍കാരോട്‌ തുറന്നു പറഞ്ഞിരിക്കുകയാണ് നെതന്യാഹു. ആദ്യമായിട്ടാണ് ഇരട്ട പാസ്സ്‌പോര്‍ട്ടുമായി ഇസ്രാഈലില്‍ വന്ന് ഫലസ്തീനികളെ ആട്ടിയോടിച്ച സ്ഥലത്തു ഒരു വില്ല വാങ്ങി സുഖിച്ചു താമസിക്കാം എന്ന നിലയില്‍ നിന്ന് അവിടെ പോയാല്‍ തിരിച്ചു വരവുണ്ടാകില്ല എന്ന നിലയിലേക്ക് അമേരിക്കന്‍ യൂറോപ്യന്‍ ജൂതന്മാരുടെ മനോനില മാറുന്നത്.

ലോക രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി ശ്രമിച്ചിട്ട് നടക്കാത്തത് ഫലസ്തീനികള്‍ ഒരു ദിവസം കൊണ്ട് നേടി.

ഇനി സെറ്റില്‍മെന്റുകള്‍ അധികം ഉണ്ടാകില്ല, അതിന്റെ പേരിലുള്ള കുടിയൊഴിക്കലുകളും.

7 – ഡോണ്ട് കെയര്‍ എന്ന പാഠം. ഫലസ്തീനികള്‍ വളരെ വൈകി മാത്രം പഠിച്ചതും ഇസ്രാഈലിന് പണ്ടേ അറിയാവുന്നതുമായ ഒരു പാഠമാണ് – ലോകം എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കരുത് എന്നത്. ഇഷ്ടം പോലെ യൂ.എന്‍ പ്രമേയങ്ങള്‍ ഇസ്രഈലിനെതിരെയുണ്ട്, അവരതൊക്കെ ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞിട്ടുമുണ്ട്. അതെ സമയം ഫലസ്തീന്‍കാര്‍ ലോകം മുഴുവന്‍ പ്രമേയം പാസ്സാക്കാനും പിന്തുണ തേടാനും ഓടി നടക്കുകയായിരുന്നു. ഈ പിന്തുണ കൊണ്ടും പ്രമേയങ്ങള്‍ കൊണ്ടുമൊന്നും ഒരു കാര്യവുമുണ്ടായില്ല, കുറെ വര്‍ഷങ്ങളും ഭൂമിയും നഷ്ടപ്പെട്ടത് മെച്ചം.

ഇപ്പോള്‍ പിന്തുണ തേടലും പ്രമേയം പാസ്സാക്കലും അവരും നിര്‍ത്തി. നിങ്ങള്‍ ട്വിറ്ററില്‍ സേവ്-ഗാസ എന്നോ സപ്പോര്‍ട്ട്-ഇസ്രാഈല്‍ എന്നോ എന്ത് വേണമെങ്കിലും ട്രെന്‍ഡ് ചെയ്‌തോളൂ, ഞങ്ങള്‍ക്കൊരു പുല്ലുമില്ല എന്നാണ് ഇപ്പോള്‍ ഫലസ്തീനികള്‍ പറയുന്നത്.

ബൈഡന്‍ എന്ത് പറയുന്നു മോഡി എന്ത് പറയുന്നു എന്നൊന്നും ഇപ്പോള്‍ ഫലസ്തീനികള്‍ ശ്രദ്ധിക്കാറില്ല.

ഗള്‍ഫ് രാജ്യങ്ങള്‍ പലതും ഇസ്രഈലുമായി സമാധാന ഉടമ്പടി ഉണ്ടാക്കിയല്ലോ, അത് നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ഫലസ്തീന്‍ അംബാസിഡറോട് ബി.ബി.സി ചോദിച്ചപ്പോള്‍ യുദ്ധം ഞങ്ങളും ഇസ്രഈലും തമ്മിലല്ലേ, അവര്‍ കരാര്‍ ഉണ്ടാക്കിയാലെന്ത് ഇല്ലെങ്കിലെന്ത് എന്നായിരുന്നു  അംബാസിഡറുടെ മറുപടി. പോരാട്ടങ്ങള്‍ നാട്ടുകാരെക്കൊണ്ട് നല്ലത് പറയിപ്പിക്കാനല്ല, ലൈക്കിനും ഷെയറിനും വേണ്ടിയുമല്ല.

8 – കത്തിച്ചു കളഞ്ഞ പാലങ്ങള്‍ – ഇതാദ്യമായല്ല ഫലസ്തീന്‍ പോരാട്ടം നടത്തുന്നത്. എപ്പോഴൊക്കെ ഫലസ്തീനികള്‍ ഇസ്രാഈലിന് തലവേദന ഉണ്ടാക്കുന്ന രീതിയില്‍ ഒരു പോരാട്ടം കെട്ടിപ്പടുക്കുന്നുണ്ടോ, അപ്പോഴൊക്കെ കുറെ മധ്യസ്ഥാന്മാര്‍ ചാടി വീഴും. അറബ് ലീഗ്, ഐക്യരാഷ്ട്ര സഭ, അമേരിക്ക തുടങ്ങിയവരാണ് പ്രധാന മധ്യസ്ഥന്മാര്‍.

ഇവര്‍ എന്തെങ്കിലുമൊക്കെ കരാറുകള്‍ തട്ടിക്കൂട്ടി ഇസ്രഈലിനെ രക്ഷിക്കും. ഫലസ്തീനികള്‍ പോരാട്ടം നിര്‍ത്തും, ഇസ്രഈലികള്‍ ഒരു കരാറും അനുസരിക്കുകയുമില്ല. ഇങ്ങനെയാണ് ആറേഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞു പോയത്. സ്ഥിരം മധ്യസ്ഥാന്മാരൊക്കെ ഇസ്രാഈലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് കൊണ്ട് ഇനി വലിയ കരാറുകളൊന്നുമുണ്ടാകില്ല എന്നും അഥവാ തട്ടി കൂട്ട് കരാറുകളുണ്ടായാലും ഇസ്രാഈലില്‍ നിന്ന് പാഠം പഠിച്ചു കരാറുകള്‍ അനുസരിക്കാതിരിക്കാന്‍ ഫലസ്തീനും തയ്യാറാവും എന്ന് കരുതണം.

ഇനി മധ്യസ്ഥന്‍ വരാനുണ്ടെങ്കില്‍ അത് ചൈന മാത്രമാണ്. ചൈനയുടെ മധ്യസ്ഥതയില്‍ കരാറിലൊപ്പിട്ടാല്‍ ഇസ്രാഈലിന് അനുസരിച്ചേ പറ്റു, ഇല്ലെങ്കില്‍ അവര്‍ അനുസരിപ്പിക്കും.

ചുരുക്കി പറഞ്ഞാല്‍, ഏകപക്ഷീയമായ ആക്രമണങ്ങളുടെയും മരണങ്ങളുടെയും കരാറുകളുടെയും കരാര്‍ ലംഘനങ്ങളുടെയും കാലം അവസാനിച്ചു. ഇനിയങ്ങോട്ട് ഇസ്രാഈലുകാര്‍ പേടിയോടെയും ഫലസ്തീന്‍കാര്‍ സ്വപ്‌നങ്ങളോടെയും ഉറങ്ങും. ചര്‍ച്ചകള്‍ ഇസ്രാഈലുകാര്‍ക്ക് പേടിയില്ലാതെ ഉറങ്ങാന്‍ വേണ്ടിയായിരിക്കും. ഇസ്രാഈലുകാര്‍ക്ക് സമാധാനവും ഫലസ്തീനികള്‍ക്ക് രാജ്യവും വേണം. ഇസ്രാഈലുകള്‍ക്ക് സമാധാനം വേണമെങ്കില്‍ ഫലസ്തീനികള്‍ക്ക് രാജ്യമുണ്ടാകണം, തിരിച്ചു പറഞ്ഞാല്‍ ഫലസ്തീനികള്‍ക്ക് രാജ്യമുണ്ടാകണമെങ്കില്‍ ഇസ്രാഈലുകാര്‍ക്ക് പേടിയുണ്ടാകണം.

കഴിഞ്ഞയാഴ്ച മുതല്‍ ആ പേടിയുണ്ട്. അത് കൊണ്ട് തന്നെ ഫലസ്തീന്‍ എന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ സ്ഥാപനം ഉടനെയുണ്ടാകും. തുടക്കത്തില്‍ പറഞ്ഞ പോലെ ഇതെഴുതന്നയാള്‍ അത് കണ്ടില്ലെങ്കിലും ഇത് വായിക്കുന്നവരില്‍ പലരും അത് കാണും.

content highlights: Palestine is not far away, writes Farooq

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more