'ദൈവത്തെയോർത്ത് ഗസയെ രക്ഷിക്കൂ'; പ്രീമിയർ ലീഗിൽ ഫലസ്തീൻ പതാകകളുമായി ആരാധകർ
World News
'ദൈവത്തെയോർത്ത് ഗസയെ രക്ഷിക്കൂ'; പ്രീമിയർ ലീഗിൽ ഫലസ്തീൻ പതാകകളുമായി ആരാധകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st October 2023, 9:28 pm

ലണ്ടൻ: പ്രീമിയർ ലീഗിൽ ലിവർപൂൾ – എവർട്ടൻ മത്സരത്തിനിടയിൽ ഫലസ്തീൻ പതാകകൾ ഉയർത്തി ഫുട്ബോൾ പ്രേമികൾ. യുദ്ധത്തെ തുടർന്ന് ഇസ്രഈൽ, ഫലസ്തീൻ പതാകകൾക്ക് അധികൃതർ ഏർപ്പെടുത്തിയ വിലക്കിനെ മറികടന്നായിരുന്നു മത്സരത്തിൽ ഫലസ്തീൻ പതാകകൾ ഉയർന്നത്.

‘ദൈവത്തെയോർത്ത് ഗസയെ രക്ഷിക്കുക’ എന്നെഴുതിയ ബാനറും ആൻഫീൽഡ് സ്റ്റേഡിയത്തിൽ ഫുട്ബോൾ പ്രേമികൾ ഉയർത്തിയിരുന്നു.

ഇസ്രഈലിലെയും ഫലസ്തീനിലെയും ജനങ്ങൾക്ക് വേണ്ടി മത്സരത്തിന് മുന്നോടിയായി ഒരു മിനിട്ട് നേരം മൗനം ആചരിച്ചു. ഈ സമയമാണ് ഗസ അനുകൂല ബാനർ പ്രദർശിപ്പിച്ചത്.

ആശുപത്രി ബോംബ് സ്ഫോടനം, ക്രിസ്ത്യൻ പള്ളി ആക്രമണം ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ മരണപെട്ടുകൊണ്ടിരിക്കുന്ന ഭീതിജനകമായ സംഭവങ്ങളാണ് ഗസയിൽ കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുകൊണ്ടിരിക്കുന്നത്. അടിയന്തര വെടിനിർത്തലും ഫലസ്തീന്റെ മോചനവും ആവശ്യപ്പെട്ട് ലോകമെങ്ങും പ്രതിഷേധം ഇരമ്പുകയാണ്.

എഫ്.എ കപ്പിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ മത്സരത്തിൽ വെംബ്ലി ആർച്ച് ഇസ്രഈലിന്റെ പതാകയുടെ നിറങ്ങളിൽ ലൈറ്റ് അപ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇസ്രഈലിന്റെ സമീപകാല ആക്രമണങ്ങൾ വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായപ്പോൾ തീരുമാനം പിൻവലിച്ചു.

നേരത്തെ എൽ.ജി.ബി.ടി.ക്യൂ സമൂഹത്തിനും റഷ്യൻ കയ്യേറ്റത്തെ തുടർന്ന് ഉക്രൈനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വെംബ്ലി ആർച്ചിൽ വിളക്ക് തെളിച്ചിരുന്നു.

ഇതിന് പകരം, ബ്ലാക്ക് ബാൻഡുകൾ അണിഞ്ഞ ഇംഗ്ലണ്ട് കളിക്കാർ മത്സരത്തിന് മുന്നോടിയായി ഒരു മിനിറ്റ് മൗനം ആചരിച്ചു. വെംബ്ലിയിലും മത്സരങ്ങളിൽ ഇസ്രഈൽ, ഫലസ്തീൻ പതാകകൾ നിരോധിച്ചിരുന്നു.

അതേസമയം, ഫുൾഹാമിനെതിരായ ഹോം മത്സരത്തിന് മുന്നോടിയായി , പതാക നിരോധിക്കുന്നുവെന്ന പ്രീമിയർ ലീഗിന്റെ സന്ദേശം ആരാധകർക്ക് ഇമെയിൽ വഴി അയച്ചു.

‘ഫുട്ബോൾ മത്സരം നടക്കുന്ന സമയം ഫുട്ബോൾ ആരാധകർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത് ടീമിനാണ് എന്നാണ് ക്ലബ് വിശ്വസിക്കുന്നത്,’ ടോട്ടൻഹാം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

Content Highlight: Palestine flags held up at Anfield during Liverpool, Everton match