| Monday, 28th November 2022, 11:13 am

ലോകകപ്പില്‍ പ്രതീകമായി മാറി ഫലസ്തീന്‍; 'ഫ്രീ ഫലസ്തീന്‍' പതാകയേന്തി മൊറോക്കോ ആരാധകരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഞായറാഴ്ച നടന്ന മൊറോക്കോ- ബെല്‍ജിയം മത്സരത്തിനിടെ ഫലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിച്ച് മൊറോക്കന്‍ ഫുട്‌ബോള്‍ ആരാധകര്‍. ഫ്രീ ഫലസ്തീന്‍ (Free Palestine) എന്നെഴുതിയ ബാനറുകളാണ് മാച്ചിനിടെ ആരാധകര്‍ ഉയര്‍ത്തിയത്.

മത്സരത്തിന്റെ 48ാം മിനിട്ടിലായിരുന്നു ആരാധകര്‍ പതാക ഉയര്‍ത്തിയത്. മത്സരത്തില്‍ മൊറോക്കോ ശക്തരായ ബെല്‍ജിയത്തെ പരാജയപ്പെടുത്തുകയായിരുന്നു.

‘1948 നക്ബ’ (1948 Nakba) എന്ന് അറബികള്‍ വിളിക്കുന്ന, ലക്ഷക്കണക്കിന് വരുന്ന ഫലസ്തീനികളെ അവരുടെ രാജ്യത്ത് നിന്ന് സയണിസ്റ്റ് സൈനികര്‍ കുടിയിറക്കിയ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടാണ് കളിയുടെ 48ാം മിനിട്ടില്‍ പതാക ഉയര്‍ത്തിയത്.

ഇസ്രഈല്‍ രൂപീകരണത്തിന്റെ ഭാഗമായി 1948ല്‍ സയണിസ്റ്റ് സൈന്യം നടത്തിയ കൂട്ടക്കൊലകള്‍ക്കും നിര്‍ബന്ധിത പുറത്താക്കലിനും ഫലസ്തീനികള്‍ നല്‍കിയ പേരാണ് നക്ബ അഥവാ ‘ദുരന്തം’.

ഒരു അറബ് രാജ്യത്ത് ആദ്യമായി നടക്കുന്ന ലോകകപ്പിന് ഫലസ്തീന് യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ടൂര്‍ണമെന്റിലുടനീളം പല മത്സരങ്ങള്‍ക്കുമിടയില്‍ ഫലസ്തീന്‍ പതാക ഒരു പ്രതീകമായി നിരവധി ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. ടുണീഷ്യക്കും മൊറോക്കക്കും പുറമെ മറ്റ് നിരവധി അറബ് രാജ്യങ്ങളുടെ ടീമുകളുടെയും ആരാധകര്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നതിന് പുറമെ സ്റ്റേഡിയത്തിലിരിക്കെ അവ സ്‌കാര്‍ഫായി കഴുത്തില്‍ ധരിക്കുന്നുമുണ്ട്.

ഇസ്രഈല്‍ അധിനിവേശത്തിലേക്ക് ലോകശ്രദ്ധ കൊണ്ടുവരുന്നതിന് വേണ്ടി പ്രാദേശിക ആരാധകരും ഫലസ്തീന്‍ പതാക നിരന്തരം ഉയര്‍ത്തുന്നുണ്ട്.

ശനിയാഴ്ച നടന്ന ഓസ്‌ട്രേലിയ- ടുണീഷ്യ മത്സരത്തിനിടയില്‍ ടുണീഷ്യന്‍ ആരാധകരും സമാനമായ രീതിയില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തിയിരുന്നു. ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്നെഴുതിയ പതാകയായിരുന്നു നക്ബയെ അനുസ്മരിപ്പിക്കുംവിധം മത്സരത്തിന്റെ 48ാം മിനിട്ടില്‍ ഉയര്‍ത്തിപ്പിടിച്ചത്.

ടുണീഷ്യന്‍ ആരാധകര്‍ ചെയ്തതിന് സമാനമായാണ് ഇപ്പോള്‍ മൊറോക്കന്‍ ആരാധകരും പതാക ഉയര്‍ത്തിയത്.

അതിനിടെ, ലോകകപ്പ് വിശേഷങ്ങള്‍ ചോദിച്ച് മാധ്യമപ്രവര്‍ത്തകര്‍ വരുമ്പോള്‍, അവര്‍ ഇസ്രഈലി മാധ്യമത്തില്‍ നിന്നാണെന്ന് അറിയുന്നതോടെ ആരാധകര്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ പോകുന്നതിന്റെയും ഫലസ്തീന്റെ വിമോചനത്തിന് വേണ്ടി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

അതേസമയം, ലോകകപ്പ് ആതിഥേയ രാജ്യമായ ഖത്തറും ഇസ്രഈലും തമ്മില്‍ ഔദ്യോഗികമായി നയതന്ത്ര ബന്ധമില്ലെങ്കിലും ടെല്‍ അവീവിനും ദോഹക്കുമിടയില്‍ ആദ്യമായി നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഫുട്ബോള്‍ ആരാധകരെയും നയതന്ത്ര ഉദ്യോഗസ്ഥരെയുമാണ് ആദ്യമായി യാത്ര ചെയ്യാന്‍ അനുവദിച്ചത്.

Content Highlight: Palestine flag becomes a symbol in Qatar World cup, Morocco fans unfurl ‘Free Palestine’ banner during match with Belgium

We use cookies to give you the best possible experience. Learn more