യൂറോപ്യന്‍ കമ്മീഷന്റെ ഇസ്രഈല്‍ അനുകൂല പരാമര്‍ശം; പ്രതിഷേധിച്ച് ഫലസ്തീന്‍ അനുകൂല സംഘടനകള്‍
World News
യൂറോപ്യന്‍ കമ്മീഷന്റെ ഇസ്രഈല്‍ അനുകൂല പരാമര്‍ശം; പ്രതിഷേധിച്ച് ഫലസ്തീന്‍ അനുകൂല സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th April 2023, 8:39 pm

വെസ്റ്റ് ബാങ്ക്: യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയന്‍സിന്റെ ഇസ്രഈല്‍ അനുകൂല പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം. ഇസ്രഈലിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ അഭിനന്ദന സന്ദേശത്തിനെതിരെയാണ് ഫലസ്തീന്‍ അനുകൂല സംഘടനകളുടെ വ്യാപക എതിര്‍പ്പ് ഉയരുന്നത്.

ബുധനാഴ്ച പുറത്തിറക്കിയ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞ ‘ഇസ്രഈല്‍ മിഡില്‍ ഈസ്റ്റിനെ പൂവണിയിക്കുന്നുവെന്ന’ പരാമര്‍ശമാണ് വിമര്‍ശനത്തിന് കാരണമായത്. യൂറോപ്യന്‍ കമ്മീഷന്റെ സന്ദേശം അനുചിതവും തെറ്റിദ്ധാരണ പരത്തുന്നതും വിവേക ശൂന്യവുമാണെന്ന് ഫലസ്തീന്‍ അതോറിറ്റി (പി.എ) പ്രസ്താനയില്‍ പറഞ്ഞു.

യൂറോപ്പിന്റെ പ്രസ്താവന ഫലസ്തീന്‍ വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നതും 75 വര്‍ഷമായി തുടരുന്ന കൊളോണിയല്‍ ഭീകരാക്രമണത്തിന് ആക്കം കൂട്ടുന്നതാണെന്നും പി.എ ചൂണ്ടിക്കാട്ടി.

‘1948 മുതല്‍ തുടരുന്ന ഫലസ്തീന്‍ അധിനിവേശത്തെ പ്രോത്സാഹിപ്പിക്കുന്നതും, വംശീയ ഉന്മൂലനത്തിന് ആക്കം കൂട്ടുന്നതുമായ പ്രസ്താവനയാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് നടത്തിയത്. ഏഴര ലക്ഷം ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് അടിച്ചിറക്കി ഫലസ്തീനിന്റെ 78 ശതമാനവും പിടിച്ചെടുക്കുകയും പതിനായിരക്കണക്കിന് ജനങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത ഒരു രാജ്യത്തെ പുകഴ്ത്തിയാണവര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇത് അങ്ങേയറ്റം അപകടകരമായ പ്രസ്താവനയാണ്. ഫലസ്തീനികളുടെ സ്വത്വത്തെ ചോദ്യം ചെയ്ത പരാമര്‍ശം യൂറോപ്പ് പിന്‍വലിക്കുകയും മാപ്പ് പറയുകയും വേണം,’ പി.എ വക്താവ് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് യൂറോപ്യന്‍ കമ്മീഷന്‍ വിവാദമായ പ്രസ്താവന നടത്തിയത്. വീഡിയോ സന്ദേശത്തില്‍ ഇസ്രഈലുമായുള്ള ഊഷ്മളമായ സൗഹൃദമാണ് യൂറോപ്പിനുള്ളതെന്നും മേഖലയിലെ സഹകരണം ഊട്ടിയുറപ്പിക്കുമെന്നും ഉര്‍സുല പറഞ്ഞിരുന്നു.

‘മിഡില്‍ ഈസ്റ്റിലെ കരുത്തുറ്റ ജനാധിപത്യരാജ്യമായ ഇസ്രഈലിന്റെ 75ാം സ്വാതന്ത്ര്യ ദിനമാണിന്ന്. കഴിഞ്ഞ 75 വര്‍ഷമായി യൂറോപ്പും ഇസ്രഈലും തമ്മിലുള്ള സൗഹൃദത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം. സംസ്‌കാരികമായും ഭൂമി ശാസ്ത്രപരമായും മൂല്യങ്ങളിലും പരസ്പരം ബന്ധിതരാണ് നമ്മള്‍. തുടര്‍ന്നും അങ്ങനെ ആയിരിക്കും,’ ഉര്‍സുല സന്ദേശത്തില്‍ പറഞ്ഞു.

അതേസമയം ഉര്‍സുലയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ അപലപിക്കുന്ന യുറോപ്യന്‍ കമ്മീഷന്‍ ഇസ്രഈലിന്റെ അതിക്രമങ്ങള്‍ക്ക് കണ്ണടക്കുന്ന സമീപനമാണ് വെച്ച് പുലര്‍ത്തുന്നതെന്നും ഇത് കാപട്യമാണെന്നുമാണ് വിമര്‍ശനമുയരുന്നത്.

സമാനമായ പ്രസ്താവനയാണ് ഫലസ്തീന്‍ എഴുത്തുകാരനായ ജാസിം ഷവയും നടത്തിയത്. വര്‍ഷങ്ങളായി ഫലസ്തീനികള്‍ നേരിടുന്ന ദുരിതങ്ങളെ നിരാകരിക്കുന്ന പ്രസ്താവന കേട്ട് തന്റെ രക്തം തിളക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

Content Highlight: Palestine authority protest against European commission