റമദാന്‍ വ്രതാരംഭം; സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ഇസ്രഈലും ഫലസ്തീനും
World News
റമദാന്‍ വ്രതാരംഭം; സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ഇസ്രഈലും ഫലസ്തീനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th March 2023, 10:18 pm

 

കെയ്‌റോ: റമദാനിന് മുന്നോടിയായി ഇസ്രഈലും ഫലസ്തീനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതായി റിപ്പോര്‍ട്ട്. ഈജിപ്തിലെ ശാര്‍മ്-അല്‍-ഷെയ്ഖില്‍ വെച്ച് നടക്കുന്ന ചര്‍ച്ചക്ക് അമേരിക്കയും ജോര്‍ദ്ദാനുമാണ് മധ്യസ്ഥത വഹിക്കുന്നതെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതില്‍ ലോക രാഷ്ട്രങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സമവായ ശ്രമങ്ങള്‍ക്ക് ജോര്‍ദ്ദാന്‍ മുന്‍കൈ എടുത്തതെന്നും വാര്‍ത്തകളുണ്ട്. കഴിഞ്ഞ മാസം ഫെബ്രുവരിയില്‍ ജോര്‍ദ്ദാനില്‍ വെച്ച് നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഹുവാരയില്‍ ഇസ്രഈല്‍ കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഫലസ്തീന്‍ പൗരന്‍ കൊല്ലപ്പെടുകയും 400 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളും കൈകോര്‍ക്കുന്നത്.

ഞായറാച്ച നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ ഇരു രാഷ്ട്രങ്ങളിലെയും രാഷ്ട്രീയ സുരക്ഷാ വിഭാഗങ്ങളിലെ ഉന്നതര്‍ പങ്കെടുക്കുമെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനും ഇസ്രഈല്‍ അധിനിവേശത്തെ ചെറുക്കാനുമുള്ള നടപടികളും ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് ഫലസ്തീന്‍ വക്താവ് ഹുസൈന്‍ അല്‍ ഷെയ്ഖ് ട്വീറ്റ് ചെയ്തു.

ഹുവാരയിലെ ഇസ്രഈലി പൗരന്മാര്‍ നടത്തിയ ആക്രമണത്തില്‍ 35ഓളം ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കുകയും നൂറോളം കാറുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.

ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2000ന് ശേഷമുണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രതിസന്ധിക്കാണ് മേഖലയിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. 2023ല്‍ ഇതുവരെ ഇസ്രഈല്‍ ആക്രമണത്തില്‍ 16 കുട്ടികളടക്കം 86 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകളെ ഉദ്ധരിച്ച് അല്‍ ജസീറ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

Content Highlight: Palestine and Israel try to knot peace during ramadan