Entertainment
സെപ്റ്റംബര്‍ 20ന് ആ മമ്മൂട്ടി ചിത്രം വീണ്ടും തിയേറ്ററില്‍ കാണാം; റീ റിലീസ് അപ്‌ഡേഷന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 07, 04:07 pm
Saturday, 7th September 2024, 9:37 pm

രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച് 2009ല്‍ പുറത്തിറങ്ങിയ മിസ്റ്ററി ചിത്രമാണ് പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ. ടി.പി. രാജീവന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയെത്തിയത്.

കേരളത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കൊലപാതക കേസിന്റെ യഥാര്‍ത്ഥ കഥ പറഞ്ഞ ചിത്രത്തില്‍ മമ്മൂട്ടിയും ശ്വേത മേനോനും മൈഥിലിയും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി മൂന്ന് വേഷങ്ങളില്‍ എത്തിയ ചിത്ര കൂടിയായിരുന്നു പാലേരി മാണിക്യം.

ഈ സിനിമ റീ റിലീസിന് എത്തുന്നത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ പാലേരി മാണിക്യത്തിന്റെ റിലീസ് ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സെപ്റ്റംബര്‍ 20നാകും ചിത്രം തിയേറ്ററില്‍ എത്തുക. കഴിഞ്ഞ ദിവസം സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു.

പാലേരി മാണിക്യത്തിന്റെ ഏറ്റവും പുതിയ ഫോര്‍ കെ പതിപ്പാണ് വീണ്ടും തിയേറ്ററുകളിലെത്തുക. മൂന്നാമത്തെ തവണയാണ് ഈ സിനിമ തിയേറ്ററില്‍ എത്തുന്നത്. 2009ല്‍ പാലേരി മാണിക്യം സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സമയത്തും തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശിപ്പിച്ച് വിജയം കൈവരിച്ചിരുന്നു.

സിനിമയുടെ നിര്‍മാതാവ് മഹാ സുബൈറാണ് റീ റിലീസിന് ചുക്കാന്‍ പിടിക്കുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള വിവാദങ്ങള്‍ക്കിടെയാണ് ഈ റീ റിലീസെന്നതും ശ്രദ്ധേയമാണ്.

പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ രഞ്ജിത് മോശമായി പെരുമാറി എന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലില്‍ വിവാദം കത്തുകയാണ്. അതേസമയം മമ്മൂട്ടിയുടെ വല്യേട്ടനും റീ റിലീസിനായി ഒരുങ്ങുന്നുണ്ട്. എന്നാല്‍ ഇതിനെ കൂടുതല്‍ അപ്‌ഡേഷനുകള്‍ പുറത്ത് വിട്ടിട്ടില്ല.

Content Highlight: Paleri Manikyam: Oru Pathirakolapathakathinte Katha Movie Re-release Date Out