കല സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതല്ല; കേരള സ്റ്റോറി വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുന്നു: പാളയം ഇമാം
Kerala News
കല സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതല്ല; കേരള സ്റ്റോറി വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുന്നു: പാളയം ഇമാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2024, 11:46 am

തിരുവനന്തപുരം: വിവാദ സിനിമ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച സഭാ നിലപാടിനെതിരെ പാളയം ഇമാം വി.പി. ശുഹൈബ് മൗലവി. കേരള സ്റ്റോറിയില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് ശുഹൈബ് മൗലവി പറഞ്ഞു.

കള്ളം പറഞ്ഞ് പ്രചരിപ്പിക്കുന്നവരുടെ കൈയിലെ ഉപകരണമാകരുതെന്നും ശുഹൈബ് മൗലവി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ചന്ദ്രശേഖരന്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണെന്ന് ശുഹൈബ് മൗലവി ചൂണ്ടിക്കാട്ടി. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതല്ല കലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹോദര്യവും സൗഹൃദവുമാണ് നമ്മുടെ നാടിന്റെ മൂലധനമെന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണെന്നും ശുഹൈബ് മൗലവി ചൂണ്ടിക്കാട്ടി.

ബഹുസ്വരത ഉയര്‍ത്തിപിടിക്കുന്ന മതേതര സര്‍ക്കാരിനായി നമ്മുടെ വോട്ടവകാശത്തെ ഉപയോഗപ്പെടുത്തണമെന്നും ശുഹൈബ് മൗലവി ആവശ്യപ്പെട്ടു. ഒരു സമുദായത്തെ മാറ്റി നിര്‍ത്തിക്കൊണ്ടാണ് സി.എ.എ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അത് മതേതരത്വത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകാധിപതിയുടെ കീഴില്‍ ഒരു രാജ്യം പടുത്തുയര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ശുഹൈബ് മൗലവി പറഞ്ഞു.

അതേസമയം ഗസയിലെ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ പെരുന്നാള്‍ ദിനത്തിന് അര്‍ത്ഥമില്ലെന്നും ശുഹൈബ് മൗലവി പറഞ്ഞു. ഫലസ്തീനോടപ്പം നില്‍ക്കുക എന്നത് മനുഷ്യത്വടോപ്പം നില്‍ക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഇസ്രഈലിന് പിന്തുണ നില്‍ക്കുമ്പോള്‍ നമ്മള്‍ പിശാചുകള്‍ക്ക് ഒപ്പമാണെന്ന് വിലയിരുത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Palayam Imam V.P. Shuhaib Maulavi againsts controversial movie The Kerala Story