ബലിപെരുന്നാൾ പ്രാർത്ഥനയിൽ മണിപ്പൂരും അയോധ്യയും; വ്യത്യസ്തമായി പാളയം ഇമാമിന്റെ സന്ദേശം
Kerala
ബലിപെരുന്നാൾ പ്രാർത്ഥനയിൽ മണിപ്പൂരും അയോധ്യയും; വ്യത്യസ്തമായി പാളയം ഇമാമിന്റെ സന്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th June 2024, 12:20 pm

തിരുവനന്തപുരം: ബലിപെരുന്നാൾ പ്രാർത്ഥനയിൽ മണിപ്പൂരിനെക്കുറിച്ചും അയോധ്യയെക്കുറിച്ചും സംസാരിച്ച് വിശ്വാസികൾക്ക് വ്യത്യസ്തമായൊരു സന്ദേശം നൽകി തിരുവനന്തപുരം ഇമാം ഡോ. വി.പി. സുഹൈദ് മൗലവി.

രാജ്യത്തെ ജനങ്ങൾ സ്വമനസോടെ ഒന്നിച്ച് നിന്ന് പ്രവർത്തിക്കണമെന്നും വർഗീയ ശക്തികളെ എതിർക്കണമെന്നുമുള്ള സന്ദേശമാണ് അദ്ദേഹം ഇത്തവണ വിശ്വാസികൾക്ക് നൽകിയത്. തിരുവന്തപുരത്തെ ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന നിസ്കാര ചടങ്ങിലായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.

അയോധ്യയിലെ ആരാധനാലയം തകർത്തതടക്കമുള്ള വിഷയങ്ങൾക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ജാതി സെൻസെസ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വർഗീയ കലാപങ്ങൾ കൊണ്ടോ വർഗീയ അജണ്ടകൾ കൊണ്ടോ ഈ രാജ്യത്ത് ഒരു നേട്ടവുമുണ്ടാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ കലാപങ്ങൾക്ക് നേരെ നിശബ്തത പാലിച്ച് ഒരു ഭരണകൂടത്തിനും മുന്നോട്ടുപോകാനാവിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സമാനതകളില്ലാത്ത കലാപങ്ങൾ മാസങ്ങൾ നീണ്ടിട്ടും ഒരു തവണ പോലും മണിപ്പൂരിലെത്തി സമാധാന ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അധികാരികൾ ശ്രമിച്ചിട്ടില്ല. വംശീയ പോരാട്ടം ആഭ്യന്തര യുദ്ധത്തിന് സമാനമായി വളർന്നിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായ സംസ്ഥാന സർക്കാരും അക്രമികളുടെ കൂടെ ചേർന്നു.

സ്ത്രീകളെ നഗ്നരായി നടത്തിയപ്പോഴും കുട്ടികൾക്ക് നേരെ കൊടിയ പീഡനം നടന്നപ്പോഴും ഭരണകൂടം നിഷ്ക്രിയരായി. ഈ നിഷ്ക്രിയത്തിനുള്ള മറുപടിയാണ് തെരഞ്ഞെടുപ്പിലൂടെ മണിപ്പൂർ നിവാസികൾ നൽകിയത്,’ അദ്ദേഹം പറഞ്ഞു.

അതോടൊപ്പം എൻ.സി.ഇ. ആർ.ടി ടെക്സ്റ്റ് ബുക്കിൽ നിന്ന് ബാബരി മസ്ജിദിന്റെ പേര് വെട്ടിമാറ്റിയതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ചരിത്രത്തെ കാവിവൽക്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് എൻ.സി.ഇ. ആർ.ടി പിന്മാറണമെന്നും  കുട്ടികൾ യധാർത്ഥ ചരിത്രം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നമ്മുടെ കുട്ടികൾ ശരിയായ ചരിത്രം പഠിക്കേണ്ടതുണ്ട്. ശരിയായ ചരിത്രം പഠിച്ചാൽ മാത്രമേ നമ്മുടെ കുട്ടികൾ ശരിയായ രാഷ്ട്രീയം തിരഞ്ഞെടുക്കുകയുള്ളു . ചരിത്രത്തെ കാവിവൽക്കരിക്കുന്ന തീരുമാനം എൻ.സി.ഇ.ആർ.ടി പിൻവലിക്കണം. ചരിത്രത്തെ വളച്ചൊടിക്കാനുള്ള തീരുമാനം ആര് തെരഞ്ഞെടുത്താലും ഇന്നല്ലെങ്കിൽ നാളെ നമ്മുടെ യുവതലമുറ അത് കണ്ടെത്തുകതന്നെ ചെയ്യും ,’ അദ്ദേഹം പറഞ്ഞു.

ഫാസിസ്റ്റു ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകാൻ ഇന്ത്യൻ ജനതക്ക് സാധിച്ചെന്നും വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ് ജനങ്ങൾ ചെയ്തതെന്നും പാളയം ഇമാം പറഞ്ഞു. രാജ്യത്തെ പൊതു തെരഞ്ഞെടുപ്പിൽ മതേതര സഖ്യം നേടിയെടുത്ത മുന്നേറ്റത്തിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അധികാരത്തിലെത്താൻ  മതേതര ശക്തികൾക്ക് സാധ്യമായില്ലെങ്കിലും ഫാസിസ്റ്റു വർഗീയതക്ക് ഒരു മുന്നറിയിപ്പ് നൽകാൻ ഇന്ത്യൻ ജനതക്ക് സാധ്യമായി എന്നതാണ് നമ്മുടെ വിജയം. വർഗീയതയുടെ നേട്ടം കൊയ്യാൻ ആരൊക്കെ ശ്രമിച്ചാലും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം വിലപോവില്ലെന്ന് പറയുന്നതായിരുന്നു ഇന്ത്യൻ ജനതയുടെ പാരമ്പര്യം. നമ്മൾ അത് ഇനിയും തുടർന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യൻ മനസ് വർഗീയമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

അതോടൊപ്പം  സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന എസ് .എൻ.ഡി.പി ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. വസ്തുത വിരുദ്ധമായ കാര്യങ്ങൾ പല കോണുകളിൽ നിന്നും പല ആളുകളും പറയുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു അദ്ദേഹം വിമർശിച്ചത്.

Content Highlight: Palayam imam  speech on Bakrid day