ഏക സിവില്‍ കോഡ് രാജ്യത്തിന്റെ ബഹുസ്വരതക്കെതിരാണ്; ധ്രുവീകരണ രാഷ്ട്രീയം നാടിന്റെ സമാധാനം തകര്‍ക്കും: പാളയം ഇമാം
Kerala News
ഏക സിവില്‍ കോഡ് രാജ്യത്തിന്റെ ബഹുസ്വരതക്കെതിരാണ്; ധ്രുവീകരണ രാഷ്ട്രീയം നാടിന്റെ സമാധാനം തകര്‍ക്കും: പാളയം ഇമാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th June 2023, 10:17 am

തിരുവനന്തപുരം: ഏക സിവില്‍ കോഡ് രാജ്യത്തെ ഭരണഘടനയ്ക്ക് എതിരാണെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. തിരുവനന്തപുരം ഈദ് ഗാഹില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ നാട്ടില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് നല്ലതല്ല. അത് ബഹുസ്വരതക്ക് എതിരായി മാറും. വിശ്വാസികളുടെ ജീവിതത്തെ പ്രയാസകരമാക്കും. ഇത് മൗലികാവകാശമായ ആര്‍ട്ടിക്കിള്‍ 25ന്റെ നിഷേധമാണ്. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണം,’ മൗലവി പറഞ്ഞു.

 

മണിപ്പൂരിലെ കലാപത്തെ അപലപിച്ച ഇമാം അവിടെ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെടുന്നതില്‍ ആശങ്കയറിയിച്ചു. ‘മതപരമായി ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്തുന്നതില്‍ നിന്നും കേന്ദ്രം പിന്മാറണം. ധ്രുവീകരണ രാഷ്ട്രീയം നാടിന്റെ സമാധാനം തകര്‍ക്കുമെന്നാണ് മണിപ്പൂര്‍ തെളിയിക്കുന്നത്,’ സുഹൈബ് മൗലവി പറഞ്ഞു.

പ്രൊപഗണ്ട സിനിമയായ കേരള സ്റ്റോറിയേയും പാളയം ഇമാം വിമര്‍ശിച്ചു. ‘വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് നാടിന്റെ സാഹോദര്യം തകര്‍ക്കാന്‍ മാത്രമേ ഇത്തരം സിനിമകള്‍ ഉപകരിക്കൂ.

ഒരു മതത്തെയും സംസ്ഥാനത്തെയും അപമാനിക്കാന്‍ മാത്രമേ ഈ നീക്കം സഹായിക്കൂ. സൗഹൃദത്തിന്റെ കേരള സ്റ്റോറികള്‍ എത്രയോ വേറെയുണ്ട്. സൗഹൃദങ്ങളെ തകര്‍ക്കാന്‍ ഒരു ശക്തിയെയും കഴുകന്മാരെയും അനുവദിക്കരുത്.

തീവ്രവാദത്തെ ആരും അനുകൂലിക്കുന്നില്ല. ഇക്കാര്യം മുസ്‌ലിം പണ്ഡിതന്മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്,’ പാളയം ഇമാം പ്രഭാഷണത്തില്‍ പറഞ്ഞു.

 Content Highlights: palayam imam criticizes unification civil code and bjp’s divisive politics