| Thursday, 16th April 2020, 2:49 pm

തൊട്ടടുത്തുണ്ടായിട്ടും പിടിക്കാനായില്ല, പൊലീസിനെതിരെ ഭരണകക്ഷികള്‍ക്ക് വരെ രംഗത്തിറങ്ങേണ്ടിവന്നു; പാലത്തായി കേസ് നാള്‍വഴികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലത്തായി ലൈംഗികാതിക്രമക്കേസില്‍ ഒരുപാട് പ്രതിഷേധങ്ങള്‍ക്ക് ശേഷം പ്രതിയെ പൊലീസ് അറസറ്റ് ചെയ്തിരിക്കുകയാണ്. മാര്‍ച്ച് 17 നാണ് ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ കുടുംബം പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍ പൊലീസിന്റെ തൊട്ടടുത്ത് തന്നെ ഉണ്ടായിട്ടും ബി.ജെ.പി നേതൃത്വമടക്കം പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലീസിന് പ്രതിയെ ബുധനാഴ്ച (ഏപ്രില്‍ 15) ഉച്ചവരെ പിടികൂടാനായിരുന്നില്ല. പാലത്തായിയിലെ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ബാലികയെ ഇതേ സ്‌കൂളിലെ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി അധ്യാപക സംഘടന നേതാവുകൂടിയാണ് ഇയാള്‍. പ്രതി സംസ്ഥാനം വിട്ടുവെന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പാനൂരില്‍നിന്നുതന്നെ ഇയാള്‍ അറസ്റ്റിലാകുന്നത്.

ആഭ്യന്തരമന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലയും ശിശുക്ഷേമ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ മണ്ഡലവുമായിട്ടും പ്രതിയെ പൊലീസ് പിടികൂടാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

കേസിന്റെ നാള്‍വഴികളിലേക്ക്

പപ്പന്‍ മാഷുടെ ക്ലാസിലിരിക്കാന്‍ വയ്യ

സ്‌കൂളില്‍ പോകാന്‍ കുട്ടി തുടര്‍ച്ചയായി വിമുഖത കാണിച്ചതോടെയാണ് ബന്ധുക്കള്‍ അധ്യാപകന്റെ ക്രൂരത അറിയുന്നത്. ഇക്കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസ കാലയളവില്‍ മൂന്ന് തവണ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട് എന്ന് പറയുന്നു.

കുട്ടി തന്നെ അധ്യാപകന്റെ ക്രൂരത പറഞ്ഞതോടെ ബന്ധുക്കള്‍ ഉടന്‍ തന്നെ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കി. പിതാവ് മരണപ്പെട്ട കുട്ടിയെ ആ അധ്യാപകന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ കുട്ടിയേയും മാതാവിനേയും കൊന്നുകളയുമെന്നായിരുന്നു പത്മരാജന്റെ ഭീഷണി.

മാര്‍ച്ച് 17 നാണ് പാനൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. സ്‌കൂളില്‍ വന്നാല്‍ പപ്പന്‍ മാഷിന്റെ ക്ലാസിലിരിക്കാന്‍ പോലും അവള്‍ക്ക് പേടിയായിരുന്നുവെന്നാണ് സഹപാഠികള്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്.

‘അധ്യപകന്‍ കുട്ടിയെ പീഡിപ്പിക്കുന്നത് അറിയാമായിരുന്നു. മറ്റ് കുട്ടികളോടും ഇത്തരത്തില്‍ പെരുമാറിയിരുന്നു. ടീച്ചര്‍മാരോട് പരാതി പറഞ്ഞിരുന്നു.’, സഹപാഠികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ വാക്കുകളാണിത്.

അതേസമയം, ഇരയായ കുട്ടിയെയും കുടുംബത്തെയും നിരന്തരം സ്‌റ്റേഷനിലും മറ്റും വിളിപ്പിച്ച് ചോദ്യം ചെയ്യുകയായിരുന്നു പൊലീസ്. ഗൈനക്കോളജിസ്റ്റ് വരെ പീഡനം സ്ഥിരീകരിച്ചിട്ടും കുട്ടിയുടെ മാനസിക നിലയില്‍ സംശയം ഉണ്ടെന്ന് പറഞ്ഞ് പൊലീസ് പത്തുവയസ്സുകാരിയെ കോഴിക്കോട് കൊണ്ടുപോയി മനശ്ശാസ്ത്ര വിദഗ്ധരെ കൊണ്ട് മണിക്കൂറുകളോളം പരിശോധിപ്പിക്കുകയും ചെയ്തു.

‘പൊലീസ് തുടര്‍ച്ചയായി കുട്ടിയെ ചോദ്യം ചെയ്യുമായിരുന്നു. ഇത് കുട്ടിയില്‍ മാനസികസമ്മര്‍ദ്ദമുണ്ടാക്കി. പല സ്ഥലങ്ങളിലേക്കും കുട്ടിയെ ചോദ്യം ചെയ്യലിനായി കൊണ്ടുചെല്ലാന്‍ പറഞ്ഞ’,ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു.

പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരെ സി.പി.ഐ.എമ്മും രംഗത്ത്

പത്മരാജനെ പിടികൂടുന്നതില്‍ പൊലീസ് കാണിക്കുന്ന അലംഭാവം ചൂണ്ടിക്കാണിച്ച് കൊവിഡ് കാലത്തും പ്രതിഷേധങ്ങള്‍ സജീവമായി. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു.

ജില്ലാ കമ്മിറ്റി അംഗം ഹരീന്ദ്രന്‍ പാനൂര്‍ ഏപ്രില്‍ നാലിന് പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തുന്നുവെന്ന് കാണിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റില്‍ പ്രതിയെ രക്ഷിക്കാന്‍ ബി.ജെ.പി നേതൃത്വം നടത്തിയ ശ്രമങ്ങളും ഹരീന്ദ്രന്‍ വിശദമാക്കിയിരുന്നു.

‘ഒരു പിഞ്ചു കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് (നിലവില്‍ നിയമപരമായ യാതൊരു സംരക്ഷണത്തിനും അവകാശമില്ലാതിരിക്കെ ) എങ്ങിനെയാണ് ഇത്ര വലിയ സംരക്ഷണം ലഭിക്കുന്നത്?, അസാധാരണമായ ഈ സാഹചര്യത്തിന്റെ അര്‍ത്ഥമെന്താണ് ?’, ഹരീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്.

പാലത്തായി പോക്‌സോ കേസ് കൈകാര്യം ചെയ്യുന്നതില്‍ പൊലീസിനു വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ഉന്നതതലത്തില്‍ അന്വേഷിക്കണമെന്നു സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. പൊലീസിന്റെ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.


കൂടാതെ ആര്‍.എം.പി, കോണ്‍ഗ്രസ്, ലീഗ് തുടങ്ങിയ സംഘടനകളും വിഷയം രാഷ്ട്രീയമായി ഉയര്‍ത്തി.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണത്തില്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുക്കുക. ഇതുപ്രകാരം ഇരയുടെ മൊഴി മാത്രം മതി പ്രതിയെ അറസ്റ്റുചെയ്യാനെങ്കിലും സാഹചര്യത്തെളിവും വൈദ്യപരിശോധനാ ഫലവും പ്രതിയുടെ മൊബൈല്‍ കോള്‍ ലിസ്റ്റും ലഭിച്ചിട്ടും അറസ്റ്റ് വൈകിയതോടെയാണ് സര്‍ക്കാര്‍ പ്രതിക്കൂട്ടിലായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഏപ്രില്‍ 14 ന് ഇടത് ആഭിമുഖ്യമുള്ള സാംസ്‌കാരികപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. അന്നേദിവസം തന്നെ കേരളത്തില്‍ കൊവിഡ് 19 ഭേദമായ രോഗികളെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ പാലത്തായി പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പ്രചരണം തുടങ്ങി.

പെണ്‍കുട്ടിയെ ആക്രമിച്ച പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് വനിതാ ശിശുക്ഷേമ മന്ത്രിയും സ്ഥലത്തെ എം.എല്‍.എയുമായ കെ.കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

‘ഇത് വളരെ സങ്കടകരമായ കേസാണ്. ഈ കുട്ടിയെ ഇങ്ങനെ പീഡിപ്പിച്ചു എന്നറിഞ്ഞ ഉടനെ ഞാന്‍ ഡി.വൈ.എസ്.പിയുമായി ബന്ധപ്പെട്ടിരുന്നു. ഞാന്‍ വിളിക്കുമ്പോള്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ഡി.വൈ.എസ്.പിയുടെ അടുക്കലുണ്ടായിരുന്നു. ആ കുഞ്ഞിനെ ദ്രോഹിച്ചവരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന നിര്‍ദേശം ഞാന്‍ നല്‍കിയിരുന്നു’, കെ.കെ ശൈലജ പറഞ്ഞു.

എന്നാല്‍ കുറച്ചുനാളുകള്‍ക്ക് ശേഷവും അറസ്റ്റുണ്ടായില്ലെന്ന് ബോധ്യപ്പെട്ട ഉടന്‍ ഡി.ജി.പിയ്ക്ക് കര്‍ശനനിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

പാലത്തായി മറ്റൊരു വാളയാറക്കാരുതെന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് ഏപ്രില്‍ 15 ന് സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതും അതേദിവസമായിരുന്നു.

‘വാളയാര്‍ കേസില്‍ സംഭവിച്ചത് ഈ കേസിലും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ബി.ജെ.പി നേതാവായ അധ്യാപകനെ രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പും പൊലീസും കൂട്ടുനില്‍ക്കുകയാണ്,’ യൂത്ത് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഷാഫി പറമ്പില്‍ പറഞ്ഞു.

കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ബുധനാഴ്ച രാവിലെ 10ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു മുന്‍പില്‍ സമരം നടത്തി.

ജനരോഷം ശക്തമായതോടെ കേസ് അന്വേഷിക്കാന്‍ ബുധനാഴ്ച ഉച്ചയോടെ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. തലശേരി ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ 11 അംഗ സംഘത്തിനാണ് പോക്‌സോ കേസ് അന്വേഷണ ചുമതല കൈമാറിയത്. മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയും ചെയ്തു.

ഏപ്രില്‍ 16 ന് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. നടന്ന സംഭവങ്ങളെ കുറിച്ച് മജിസ്‌ട്രേറ്റിനു മുന്നിലും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more