പാലത്തായി പീഡനക്കേസ്: പോക്‌സോ വകുപ്പുകള്‍ ചുമത്താതെ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം
Kerala News
പാലത്തായി പീഡനക്കേസ്: പോക്‌സോ വകുപ്പുകള്‍ ചുമത്താതെ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th July 2020, 5:37 pm

കണ്ണൂര്‍: കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഭാഗിക കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്.പോക്‌സോ വകുപ്പുകള്‍ നിലവില്‍ ചുമത്തിയിട്ടില്ല. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡി.വൈ.എസ്.പി മധുസൂധനന്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടികളെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതായാണ് സൂചനകള്‍.

റിമാന്റ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതിക്കെതിരെ കുറ്റ പത്രം നല്‍കാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.

ഇതിന് മുമ്പ് ജൂലൈ എട്ടിന് ഇയാളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതും തളളിയിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് ഹൈക്കോടതി പത്മരാജന്റെ ജാമ്യഹരജി തളളിയത്. പ്രതിയായ കുനിയില്‍ പത്മരാജന്‍ നിലവില്‍ തലശേരി സബ്ജയിലില്‍ റിമാന്‍ഡിലാണ്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

ഒരുപാട് പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പാലത്തായി ലൈംഗികാതിക്രമക്കേസിലെ പ്രതിയെ പൊലീസ് അറസറ്റ് ചെയ്തത്. ബി.ജെ.പി അധ്യാപക സംഘടന നേതാവുകൂടിയാണ് പ്രതി. മാര്‍ച്ച് 17 നാണ് ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ കുടുംബം പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 17 ന് പാനൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതിയ പൊലീസിന്റെ തൊട്ടടുത്ത് തന്നെ ഉണ്ടായിട്ടും ബി.ജെ.പി നേതൃത്വമടക്കം പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലീസിന് പ്രതിയെ പിടികൂടുത് വൈകിപ്പിച്ചു. സംഭവം നടന്ന് ഒരു മാസമായിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാതെ വന്നപ്പോള്‍ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു വന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാള്‍ സംസ്ഥാനം വിട്ടുവെന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പാനൂരില്‍വെച്ചു തന്നെ അറസ്റ്റിലാകുന്നത്.

കുട്ടി തന്നെ അധ്യാപകന്റെ ക്രൂരത പറഞ്ഞതോടെ ബന്ധുക്കള്‍ ഉടന്‍ തന്നെ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കിയിരുന്നു. അച്ഛന്‍ മരണപ്പെട്ട കുട്ടിയെ അധ്യാപകന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ കുട്ടിയേയും മാതാവിനേയും കൊന്നുകളയുമെന്നായിരുന്നു പത്മരാജന്റെ ഭീഷണി.

കുട്ടിയെയും കുടുംബത്തെയും നിരന്തരം സ്റ്റേഷനിലും മറ്റും വിളിപ്പിച്ച് പൊലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നു. ഗൈനക്കോളജിസ്റ്റ് വരെ പീഡനം സ്ഥിരീകരിച്ചിട്ടും കുട്ടിയുടെ മാനസിക നിലയില്‍ സംശയം ഉണ്ടെന്ന് പറഞ്ഞ് പൊലീസ് പത്തുവയസ്സുകാരിയെ കോഴിക്കോട് കൊണ്ടുപോയി മനശ്ശാസ്ത്ര വിദഗ്ധരെ കൊണ്ട് മണിക്കൂറുകളോളം പരിശോധിപ്പിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ