| Saturday, 12th September 2020, 9:32 am

പാലത്തായി പോക്‌സോ കേസ്; എസ്.ഡി.പി.ഐ ഇടപെടലിനെ കുറിച്ചുള്ള ആരോപണത്തില്‍ നിന്ന് ലീഗ് പിന്‍വാങ്ങിയത് എന്തുകൊണ്ടെന്ന് പി.ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ബി.ജെ.പി നേതാവ് പദ്മരാജന്‍ പ്രതിയായ പാലത്തായി പോക്‌സോ കേസില്‍ എസ്.ഡി.പി.ഐ ഇടപെടല്‍ സംബന്ധിച്ച് യൂത്ത് ലീഗ് മുന്‍പ് ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടുപോയതിന് കാരണം വ്യക്തമാക്കണമെന്ന് സി.പി.ഐ.എം നേതാവ് പി.ജയരാജന്‍. മാധ്യമം ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ജയരാജന്റെ പരാമര്‍ശം.

പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യം എങ്ങനെ സംഭവിച്ചു എന്നത് യൂത്ത് ലീഗ് തന്നെ ഒരു ഘട്ടത്തില്‍ ചൂണ്ടിക്കാണിച്ചതാണെന്നും ജയരാജന്‍ പറഞ്ഞു.

‘പാലത്തായി പീഡനക്കേസില്‍ ബി.ജെ.പിക്കാരനായ പ്രതിയെ രക്ഷിക്കാന്‍ എസ്.ഡി.പി.ഐ കൂട്ടുനിന്നതായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി തന്നെ പ്രസ്താവന പുറപ്പെടുവിച്ചു. കുട്ടിയുടെ മൊഴിയിലെ വൈരുധ്യത്തെക്കുറിച്ച് അന്ന് ബോധ്യമുണ്ടായിരുന്ന ലീഗുകാര്‍ ഇപ്പോഴെന്തേ ചുവടുമാറാന്‍?’, ജയരാജന്‍ ചോദിച്ചു.

പാലത്തായി കേസിലെ ഇരയുടെ പേരുപറഞ്ഞ് തീവ്ര വര്‍ഗീയശക്തികള്‍ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ലീഗുകാര്‍ ഇപ്പോള്‍ എസ്.ഡി.പി.ഐയുടെ അതേ റോളിലാണെന്നും കോണ്‍ഗ്രസും ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.

‘പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കാന്‍ രൂപീകരിച്ച കമ്മിറ്റിയില്‍ ബി.ജെ.പിയും എസ്.ഡി.പി.ഐ യും ഒഴികെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരുണ്ട്. സി.പി.ഐ.എം പാനൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിജുവാണ് കണ്‍വീനര്‍. കമ്മിറ്റിയില്‍നിന്ന് ലീഗുകാര്‍ ഇതുവരെ പിന്‍വാങ്ങിയിട്ടില്ല’, ജയരാജന്‍ പറഞ്ഞു.

മാര്‍ച്ച് 21 നാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നത്. അതുവരെ എസ്.ഡി.പി.ഐക്കാരുടെ സഹായത്തിലാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കേസ് മുന്നോട്ടുകൊണ്ടുപോയതെന്ന് ജയരാജന്‍ പറയുന്നു.

‘പീഡനത്തിനിരയായ പെണ്‍കുട്ടിക്കുവേണ്ടി പൊലീസില്‍ പരാതി നല്‍കിയതും ചൈല്‍ഡ് ലൈന്‍ വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുക്കുന്നതും മാര്‍ച്ച് 17നാണ്. സ്‌കൂളിലെ ബി.ജെ.പിക്കാരനായ അധ്യാപകന്‍ കുറെ മാസങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. ആക്ഷന്‍ കമ്മിറ്റി വരുന്നതിനുമുമ്പ്, അതായത് മാര്‍ച്ച് 21 വരെ കുട്ടിയുടെ കുടുംബം എസ്.ഡി.പി.ഐക്കാരെ ആശ്രയിച്ചിരുന്നു.’, ജയരാജന്‍ പറഞ്ഞു.

പൊലീസില്‍ പരാതി കൊടുക്കുമ്പോഴും മട്ടന്നൂര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കുമ്പോഴുമെല്ലാം അവരാണ് കൂടെ ഉണ്ടായിരുന്നതെന്നും ഈ ഘട്ടത്തിലാണ് കേസിന്റെ നിയമപരമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

നേരത്തെ കേസില്‍ ബി.ജെ.പിക്കാരനായ പ്രതിയെ രക്ഷിക്കാന്‍ എസ്.ഡി.പി.ഐ കൂട്ടുനിന്നതായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ആരോപിച്ചിരുന്നു.

അതേസമയം പ്രതി പദ്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. പദ്മരാജന് ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതിയുടെ നടപടി ഹൈക്കോടതി ശരിവെച്ചു.

പെണ്‍കുട്ടിയ്ക്ക് നേരേ പീഡനമുണ്ടായെന്നതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രതിയ്ക്ക് ജാമ്യം നല്‍കിയ വിചാരണ കോടതി നടപടി ശരിയല്ലെന്നായിരുന്നു അമ്മ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി.ജെ.പി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.

അതേസമയം ഹരജിയില്‍ ക്രൈം ബ്രാഞ്ചിന്റെ നിലപാടും ചര്‍ച്ചയായിരുന്നു. പെണ്‍കുട്ടിയുടെ മാനസികനില ശരിയല്ലെന്നും കുട്ടിയ്ക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പെണ്‍കുട്ടിയ്ക്ക് ഭാവനയില്‍ നിന്ന് കാര്യങ്ങള്‍ ഉണ്ടാക്കി അവതരിപ്പിക്കുന്ന ശീലവും ഉണ്ടെന്നെയിരുന്നു ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. സാമൂഹ്യ നീതി വകുപ്പില്‍ നിന്നുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തലുകളായിരുന്നു ഇതിനടിസ്ഥാനമായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more