| Friday, 17th July 2020, 7:47 pm

നിസ്സഹായയായ ഒരമ്മയുടെ വേദന അങ്ങയെപോലൊരു സ്ത്രീയായ കമ്മ്യൂണിസ്റ്റിന് ഞാന്‍ പറഞ്ഞ് മനസിലാക്കി തരേണ്ടതില്ലല്ലോ; പാലത്തായി വിഷയത്തില്‍ വൃന്ദാ കാരാട്ടിന് ശ്രീജ നെയ്യാറ്റിന്‍കരയുടെ കത്ത്

ശ്രീജ നെയ്യാറ്റിന്‍കര

പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് ജാമ്യം ലഭിച്ചത് കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചായവുകയാണ്. കേസ്സില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസം വരെ വൈകിയതും കുറ്റപത്രത്തില്‍ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടുത്താത്തതും ഇടതുസര്‍ക്കാറിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായി. വിഷയത്തില്‍ വിഷയത്തില്‍ ഇടപെടണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കര സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന് അയച്ച കത്ത് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമായി മാറുന്നു.

ബഹുമാന്യയായ ശ്രീ. വൃന്ദാ കാരാട്ടിന്

താങ്കള്‍ക്ക് സുഖം എന്ന് കരുതുന്നു. സി.പി.ഐ.എം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയിലെ അംഗമാണ് താങ്കള്‍ എന്ന നിലയിലാണ് കേരളത്തിലെ ഒരു വനിതാ ആക്ടിവിസ്റ്റായ ഞാന്‍ താങ്കള്‍ക്ക് ഇങ്ങനൊരു കത്തെഴുതുന്നത്.

മറ്റേത് രാഷ്ട്രീയ പാര്‍ട്ടികളെക്കാളുപരി സ്ത്രീയുടെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാന്‍ മാര്‍ക്‌സിസം എന്ന തത്ത്വശാസ്ത്രം ലോകത്തിനു നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രത്തെ ശക്തിപ്പെടുത്താന്‍ റോസാ ലക്‌സംബര്‍ഗിനെപ്പോലുള്ളവരുടെ ഇടപെടലുകള്‍ ഒരിക്കലും മറക്കാവുന്നതല്ല. സാമ്രാജ്യത്വ രാഷ്ട്രങ്ങളിലെ സ്ത്രീ പദവികളെക്കാളും എത്രയോ ഉന്നതമായിരുന്നു സോവിയറ്റ് യൂണിയനിലുണ്ടായിരുന്നത്. അന്താരാഷ്ട്ര തലത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ സാഹചര്യം അന്നും ഇന്നും വത്യസ്തമാണ്. ജാതി വ്യവസ്ഥ നില നില്‍ക്കുന്ന നമ്മുടെ രാജ്യത്ത് സ്ത്രീയുടെ സാമൂഹ്യ പദവിയുടെ അവസ്ഥ വളരെ ശോചനീയമാണ് എങ്കിലും പരിമിതികളുടെ ഈ സാഹചര്യത്തില്‍ നിന്നുകൊണ്ട് താങ്കളും പാര്‍ട്ടിയും പല തരത്തിലും പോരാടുന്നത് അഭിനന്ദനാര്‍ഹമാണ്.

കേരളം ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നത് സഖാവ്. ഇ.എം.എസിന്റെ കമ്യൂണിസ്റ്റ് മന്ത്രി സഭ അധികാരത്തില്‍ വരുന്നതോടുകൂടിയാണ്. തുടര്‍ന്നും മുന്‍പും നാഴികക്കല്ലുകളായ പല സംഭവങ്ങളും നടന്നിട്ടുണ്ടെങ്കിലും കമ്യൂണിസ്റ്റ് മന്ത്രിസഭ തുടക്കമിട്ട പല പുരോഗമന കാര്യങ്ങളും മറക്കാവുന്ന സംഗതികളല്ല.

സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ കേരളത്തിന്റേത് ഇതര സംസ്ഥാനങ്ങളുടേതുമായി വളരെ വ്യത്യാസമുണ്ട്. പ്രത്യേകിച്ചും സ്ത്രീവിദ്യാഭ്യാസം മുതലായ കാര്യങ്ങളില്‍. സംഘപരിവാറിന് ഭരണത്തിലേറാന്‍ പോയിട്ട് നിര്‍ണ്ണായകമായ സ്വാധീനം പോലും ചെലുത്താന്‍ കഴിയാത്തവണ്ണം ഇന്നും കേരളം നില നില്ക്കുന്നതില്‍ താങ്കളുടെ പാര്‍ട്ടിക്കുള്ള പങ്ക് അവഗണിക്കാവുന്നതല്ല.

എന്നാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കണ്ണൂര്‍ ജില്ലയിലെ പാനൂരിലെ പാലത്തായി എന്ന സ്ഥലത്ത് തീര്‍ത്തും നിര്‍ഭാഗ്യകരമായ ഒരു സംഭവം നടന്നു. നാല് മാസങ്ങള്‍ക്കു മുന്‍പ്. രജിസ്റ്റര്‍ ചെയ്യപ്പെട്ട പോക്‌സോ കേസില്‍ പ്രതിയാക്കപ്പെട്ടത് ഒരു സ്‌കൂള്‍ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന്‍ എന്ന വ്യക്തിയാണ്. സ്വന്തം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് അധ്യാപകന്‍ ലൈംഗീകമായി പീഡിപ്പിച്ചത്. കേസിന്റെ പ്രാരംഭ ഘട്ടം മുതല്‍ പ്രതിയെ രക്ഷപെടുത്താന്‍ പോലീസ് പരമാവധി ശ്രമിച്ചു. ഒടുവില്‍ പൊതു സമൂഹത്തിന്റെ ഇടപെടലും ഒപ്പം സംഭവം നടന്ന അസംബ്ലി മണ്ഡലം ഇന്ന് കോവിഡിനെ നേരിടുന്നതില്‍ ലോക പ്രശംസ പിടിച്ചു പറ്റിയ കെ.കെ ശൈലജ ടീച്ചറിന്റേതായതിനാല്‍ അങ്ങനെയും പ്രശംസനീയമായ ഇടപെടല്‍ പ്രതിയെ ജയിലിലടയ്ക്കുന്നതില്‍ ഉണ്ടായി.

എന്നാല്‍ പ്രതി പത്മരാജന്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതായി തെളിഞ്ഞിട്ടും മാതാവിന്റെ പരാതിയില്‍ കേസ് അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല എന്ന് മാത്രമല്ല പോക്‌സോ വകുപ്പ് ഒഴിവാക്കി ദുര്‍ബ്ബലമായ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് ചാര്‍ത്തി ജാമ്യത്തിന് വഴിയൊരുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കോടതി ജാമ്യം അനുവദിച്ചു. ഫലത്തില്‍ വളരെ ദുര്‍ബ്ബലമായ വകുപ്പുകള്‍ ചുമത്തിയതിനാല്‍ പ്രതിക്ക് നിലവിലെ കേസില്‍ നിന്ന് വളരെ എളുപ്പത്തില്‍ രക്ഷപ്പെടാം.

ഇടതുപക്ഷം ഭരിക്കുന്ന ഒരു സംസ്ഥാനത്താണ് ബി.ജെപിക്കു വേണ്ടി കേസ് അട്ടിമറിച്ചത് എന്ന് ഓര്‍ക്കണം പത്തു വയസുകാരിയായ, പിതാവ് നഷ്ടപ്പെട്ട ഒരു മകളുടെ ദുരന്ത പൂര്‍ണ്ണമായ ഒരവസ്ഥയില്‍ നിസഹായയായ ഒരമ്മയുടെ വേദന അങ്ങയെ പോലെ ഒരു സ്ത്രീയായ കമ്മ്യൂണിസ്റ്റിനോട് ഞാന്‍ പറഞ്ഞ് മനസിലാക്കി തരേണ്ടതില്ലല്ലോ. ഈ കേസിന്റെ അട്ടിമറി ‘ സ്ത്രീ സുരക്ഷ ‘ എന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാരിനെ നാണം കെടുത്തിയിരിക്കുകയാണ്. ആയതിനാല്‍ ‘ഒരു സ്ത്രീപക്ഷ പ്രവര്‍ത്തകയെന്ന നിലയിലും സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലും ഈ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

അഭിവാദ്യങ്ങളോടെ
ശ്രീജ നെയ്യാറ്റിന്‍കര

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രീജ നെയ്യാറ്റിന്‍കര

Latest Stories

We use cookies to give you the best possible experience. Learn more