| Monday, 10th August 2020, 8:18 am

ഐ.ജി ശ്രീജിത്തിനെ മാറ്റണം; ദേശീയ മനുഷ്യാവകാശകമ്മീഷന് ഭീമഹരജി സമര്‍പ്പിച്ച് ജസ്റ്റിസ് ഫോര്‍ പാലത്തായി ചൈല്‍ഡ് റേപ് വിക്ടിം ഫോറം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പാലത്തായി കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് ജസ്റ്റിസ് ഫോര്‍ പാലത്തായി ചൈല്‍ഡ് റേപ് വിക്ടിം ഫോറം. കേരളത്തിലെയും മറ്റ്  സംസ്ഥാനങ്ങളിലെയും പ്രശസ്തരായ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും  ആക്റ്റിവിസ്റ്റുകളുടെയും ഉള്‍പ്പെടെ  അഞ്ഞൂറിനു മുകളില്‍ ഒപ്പുകള്‍  സമാഹരിച്ചാണ് ഭീമ ഹരജി സമര്‍പ്പിച്ചത്.

കേസില്‍ നിന്ന് അന്വേഷണ സംഘം തലവന്‍ ഐ.ജി ശ്രീജിത്ത് ഐ.പി.എസിനെ മാറ്റിനിര്‍ത്തി  ഒരു വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മേല്‍നോട്ടത്തില്‍ പ്രസ്തുത കേസില്‍ പുനരന്വേഷണം നടത്തണം എന്നാണ് ഹരജിയില്‍ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം.

താരതമ്യേന ചെറിയ  ശിക്ഷകള്‍ നല്‍കാവുന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തുക വഴി  പ്രതിക്കു ജാമ്യം ലഭിച്ചു. അതിനാല്‍ പ്രതി  കുനിയില്‍ പദ്മരാജന്റെ  ജാമ്യം റദ്ദാക്കുക. പോക്‌സോ-ഐ.പി.സി തുടങ്ങിയ  ശിക്ഷ നിയമത്തിലെ അനുയോജ്യമായ വകുപ്പുകള്‍  ചാര്‍ത്തി പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുവാന്‍ ഉത്തരവിടുക, ഇരക്ക്  ആശ്വാസമാകുന്ന അനുയോജ്യമായ നടപടികള്‍ക്ക് ഉത്തരവിടുക തുടങ്ങിയ ആവശങ്ങളും ഫോറം പരാതിയില്‍ ഉന്നയിക്കുന്നു.

ബി.ജെ.പി പ്രാദേശിക നേതാവായ പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ പ്രതിയുടെ അറസ്റ്റിനു ശേഷം കേസേറ്റെടുത്ത ക്രൈം ബ്രാഞ്ച് യഥാസമയം തെളിവുകള്‍ കണ്ടെത്താനോ, കേസില്‍ കൃത്യമായ കുറ്റപത്രം സമര്‍പ്പിക്കാനോ  ശ്രമിച്ചില്ലെന്നും റേപ് വിക്ടിം ഫോറം ആരോപിക്കുന്നു.

അറസ്റ്റു ചെയ്ത് 89ാം ദിവസം  നല്‍കിയ ഭാഗികമായ കുറ്റപത്രത്തില്‍  പോക്സോ  നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ക്കാതെയും,വൈദ്യ പരിശോധനാ ഫലം സമര്‍പ്പിക്കാതെയും  പ്രതിക്കു ജാമ്യം ലഭിക്കാന്‍ സഹായകമായ നിലപാട് എടുത്തു. അതിനാല്‍ താരതമ്യേന ചെറിയ  ശിക്ഷകള്‍ നല്‍കാവുന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 , 82 വകുപ്പുകള്‍ ചുമത്തുക വഴി  പ്രതിക്കു  ജാമ്യം ലഭിച്ചുവെന്നും ആരോപണമുന്നയിക്കുന്നു.

നേരത്തെ പാലത്തായി കേസില്‍ അന്വേഷണത്തലവനായ ഐ.ജി ശ്രീജിത്ത് പ്രതിക്കനുകൂലമായി നിലപാടെടുത്തതായി ആരോപണമുയര്‍ന്നിരുന്നു. പെണ്‍കുട്ടി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ നല്‍കിയ മൊഴി ചട്ടവിരുദ്ധമായി ഐ.ജി ശ്രീജിത് അപരിചിതനായ ഒരാള്‍ക്ക് വിശദീകരിച്ച് നല്‍കിയ ഓഡിയോ ക്ലിപ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

പോക്സോ നിയമത്തിന്റെ  ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം നിരവധി വീഴ്ച കള്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഈ വിഷയത്തില്‍ ഇരക്ക് നീതി  ലഭിക്കണം എന്ന ആവശ്യമുന്നയിച്ചു സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന മനുഷ്യാവകാശ  കമ്മീഷന്‍,  ബാലാവകാശ കമ്മീഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കു സമാന മനസ്‌കര്‍ പരാതികള്‍ അയച്ചെങ്കിലും യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ലെന്നും ആ സാഹചര്യത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതെന്നും ജസ്റ്റിസ് ഫോര്‍ പാലത്തായി സ്റ്റിസ് ഫോര്‍ പാലത്തായി ചൈല്‍ഡ് റേപ് വിക്ടിം ഫോറം സംഘാടകര്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jusice for Palathayi rape victim forum ready to file a petition to national human rights commission seeking removal of I.G Sreejith from the case

We use cookies to give you the best possible experience. Learn more