കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്‌ക്കെതിരെ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്.
പെണ്‍കുട്ടിക്ക് നുണപറയുന്ന സ്വഭാവമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ റിപ്പോര്‍ട്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേസിലെ പ്രതിയായ ബി.ജെ.പി നേതാവ് പദ്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഈ റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടിയ്ക്ക് ഭാവനയോടെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. അതേസമയം പെണ്‍കുട്ടിയുടെ വസ്ത്രത്തിന്റെ ഫോറന്‍സിക് പരിശോധനഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേസില്‍ പെണ്‍കുട്ടി അടക്കം 92 സാക്ഷികളെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ തെളിവുകളും ശേഖരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണം തുടങ്ങുന്ന ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ അവസ്ഥ വളരെ മോശമായിരുന്നു. മാനസികമായ ആഘാതത്തില്‍ നിന്ന് കുട്ടി മോചിതയല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് സാമൂഹിക നീതി വകുപ്പില്‍ നിന്നുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ കുട്ടിയെ കൗണ്‍സിലിംഗ് ചെയ്തു. ഉറക്കമില്ലായ്മയും, ക്ഷീണവും, ക്രമരഹിതമായ ഭക്ഷണ രീതി എന്നിവ കുട്ടി അനുഭവിക്കുന്നതായി കൗണ്‍സിലിംഗില്‍ കണ്ടെത്തി.
നുണ പറയുന്ന സ്വഭാവവും, മൂഡ് അതിവേഗം മാറുന്ന സ്വാഭാവവും പെണ്‍കുട്ടിയില്‍ കണ്ടെത്തിയതായി കൗണ്‍സിലിംഗില്‍ തെളിഞ്ഞെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.