കണ്ണൂര്‍:ബി.ജെ.പി നേതാവ് കുനിയില്‍ പദ്മരാജന്‍ പ്രതിയായ പാലത്തായി പീഡനക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ വീണ്ടും ശ്രമം ആരംഭിച്ച് പ്രതിഭാഗം.
കോടതി ഉത്തരവ് പ്രകാരം അന്വേഷണ ചുമതലയുണ്ടായിരുന്ന ഐ.ജി ശ്രീജിത്തിനെ മാറ്റി പുതിയ അന്വേഷണ സംഘം കേസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഭാഗം രംഗത്തെത്തിയിരിക്കുകയാണ്.
പുതിയ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങുന്നതിനിടയിലാണ് പ്രതിഭാഗം സി.ബി.ഐ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പിയും പ്രതിയായ പദ്മരാജന്റെ ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്.
2020 ഒക്ടോബര്‍ 20നാണ് പാലത്തായി പീഡന കേസില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. രണ്ടാഴ്ച്ചയ്ക്കകം പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പഴയ അന്വേഷണ സംഘത്തിലെ ആരും പുതിയ അന്വേഷണ സംഘത്തില്‍ വേണ്ടെന്നും കോടതി പറഞ്ഞു. കേസന്വേഷണത്തിന്റെ ചുമതല പുതിയ അന്വേഷണ സംഘത്തിന് നല്‍കണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല.
പാലത്തായി പീഡന കേസില്‍ നേരത്തെ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഏറെ വിവാദങ്ങല്‍ക്ക് വഴിവെച്ചിരുന്നു. പെണ്‍കുട്ടിക്ക് നുണപറയുന്ന സ്വഭാവമുണ്ടെന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
കേസിലെ പ്രതിയായ ബി.ജെ.പി നേതാവ് പദ്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പാലത്തായി പീഡനക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ഐ.ജി ശ്രീജിത്ത് ശ്രമിച്ചുവെന്ന ആരോപണം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു.
ഇതിനെതിരെ ഐ.ജി ശ്രീജിത്തിനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് ഇമെയില്‍ ക്യാമ്പയിനും നടന്നിരുന്നു.
കേസില്‍ പ്രതി പദ്മരാജന് ജാമ്യം ലഭിച്ചതിന് പിന്നാലെ സര്‍ക്കാരിനെതിരെയും വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.