വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ റെയ്ഡ്; ഫലസ്തീന്‍ യുവാവിനെ വെടിവെച്ച് കൊന്നു
ജറുസലേം: വടക്കന്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ നഗരത്തില്‍ ഇസ്രാഈല്‍ സൈന്യം നടത്തിയ റെയ്ഡിനിടെയുണ്ടായ വെടിവെപ്പില്‍ ഫലസ്തീന്‍ യുവാവ് വെടിയേറ്റ് മരിച്ചു. പതിനേഴുകാരനായ ഒത്ത്മാന്‍ അബു ഖുറോജിനെയാണ് സൈന്യം വെടിവെച്ചുകൊന്നത്. വടക്കന്‍ ജെനിനിലെ സാബാബ്‌ബേതിലെ റെയ്ഡിനിടെ ഒത്ത്മാന് തലക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം ഹാദ്‌റോണില്‍ ഇസ്രാഈല്‍ പൗരനെ വെടിവെച്ചു കൊന്ന സംഭവുമായി ബന്ധപ്പെട്ടാണ് സൈന്യം റെയ്ഡ് നടത്തിയത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പിടികൂടിയതായി സൈന്യം അറിയിച്ചു.
ഇസ്രാഈല്‍ സൈന്യത്തിന്റെ 12 വാഹനം നഗരത്തില്‍ പ്രവേശിക്കുകയും തന്റെ ഇളയ സഹോദരനായ യാസന്‍ ഷര്‍ഖാലിയെ തെരയുകയും ചെയ്‌തെന്ന് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഫലസ്തീനുകാരനായ യൂസഫ് ഷര്‍ഖാവി അല്‍ ജസീറയോട് പറഞ്ഞു.’അവര്‍ ഞങ്ങളുടെ രണ്ട് വീടുകളും വളയുകയും യാസനെ തെരയുന്നതിനായി വീടുനുള്ളില്‍ പ്രവേശിക്കുകയും ചെയ്തു. പിതാവ് അവന്‍ ഇവിടെ ഇല്ലെന്ന് പറഞ്ഞു,’ യൂസഫ് ഷര്‍ഖാവി പറഞ്ഞു. എന്നാല്‍ വീട്ടിലേക്ക് മടങ്ങവെ സൈന്യം ഷര്‍ഖാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇസ്രാഈലി സൈന്യത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സൈന്യം ഒത്ത്മാനെ രണ്ട് തവണ വെടിവെക്കുകയായിരുന്നു. തലക്കും തോളിനുമാണ് വെടിയേറ്റതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തന്റെ മകനെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് മാത്രമായിരുന്നു താന്‍ അറിഞ്ഞതെന്ന് അബു ഖുറോജിന്റെ പിതാവ് പറഞ്ഞു. ‘ഞാന്‍ വേഗം തന്നെ ആശുപത്രിയിലെത്തി. അപ്പോയേക്കും അവന്റെ മരണം സ്ഥിരീകരിച്ചിരുന്നു. ഒരു ദിവസം മുമ്പാണ് ഞാനവനെ അവസാനമായി കണ്ടത്,’ അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ആദ്യം ഇസ്രാഈല്‍ സൈന്യം അബു ഖുറോജിനെ അറസ്റ്റ് ചെയ്തിരുന്നു. ഇസ്‌ലാമിക് ജിഹാദിന്റെ സേനാ വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡ് തങ്ങളുടെ പോരാളികളില്‍ ഒരാളാണ് ഖുറോജെന്ന പ്രസ്താവന പുറത്തിറക്കി. സൈനികര്‍ക്ക് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതിന് ശേഷമാണ് വെടിയുതിര്‍ത്തതെന്ന് ഇസ്രാഈല്‍ സൈന്യം അറിയിച്ചു.
Content Highlights: palastine teenager killed in israel Force raid in west bank