കൊച്ചി: പാലാരിവട്ടം പാലം തുറന്നുകൊടുത്തതിന് പിന്നാലെ ഇ.ശ്രീധരനെ അഭിനന്ദിച്ച് പ്രത്യേക റാലി നടത്തി ബി.ജെ.പി. പാലാരിവട്ടത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ എല്ലാ ക്രെഡിറ്റും ഇ.ശ്രീധരനുള്ളതാണെന്നാണ് ബി.ജെ.പിയുടെ വാദം. കഴിഞ്ഞ ദിവസമായിരുന്നു ഇ.ശ്രീധരന്‍ ബി.ജെ.പിയില്‍ ഔദ്യോഗികമായി ചേര്‍ന്നത്.
പാലം തുറന്നതിന് പിന്നാലെ ബി.ജെ.പിയുടെയും സി.പി.ഐ.എമ്മിന്റെയും പ്രവര്‍ത്തകര്‍ ആഘോഷറാലികളുമായി പാലത്തിലെത്തി.
ആദ്യ പാലം നിര്‍മ്മിക്കാന്‍ രണ്ട് വര്‍ഷത്തിലേറെ സമയമെടുത്തിരുന്നുവെന്നും മാസങ്ങള്‍ക്കുള്ളില്‍ പുതിയ പാലം നിര്‍മ്മിക്കാനായത് ഇ.ശ്രീധരന്റെ നേട്ടമാണെന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
‘ഏറ്റവും അധികം സന്തോഷിക്കുന്ന ദിവസമാണിന്ന്. ഇടതുപക്ഷവും വലതുപക്ഷവും തങ്ങളുടേതാണെന്ന് പറഞ്ഞ്, വര്‍ഷങ്ങളെടുത്ത് പണിത പാലം തകര്‍ന്നടിഞ്ഞപ്പോള്‍ അതിന് പുതുക്കിപ്പണിയാനായി മുന്‍കൈ എടുത്ത ഇ ശ്രീധരന്റെ പ്രവര്‍ത്തനങ്ങളുടെ വിജയമാണിത്,’ സമരത്തില്‍ പങ്കെടുത്ത ബി.ജെ.പി നേതാവ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാന സര്‍ക്കാരിന്റെ കൂടി നേട്ടമല്ലേ ഇതെന്ന ചോദ്യത്തിന് നേതൃത്വം കൊടുത്തത് ഇ.ശ്രീധനരനാണല്ലോയെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പണിത പാലം പൊളിഞ്ഞുപോയില്ലേയെന്നുമായിരുന്നു നേതാവിന്റെ മറുപടി.
ഡി.എം.ആര്‍.സി, ഇ.ശ്രീധരന്‍, ഊരാളുങ്കല്‍ എന്നീ കൂട്ടായ്മയുടെ വിജയമാണ് പാലാരിവട്ടം പാലമെന്നും നാടിന്റെ വിജയമാണിതെന്നുമായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ പ്രതികരണം.
അസാധ്യമെന്ന് കരുതിയ പല പദ്ധതികളും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചത് സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ടുമാത്രമല്ല ആ സ്വപ്നം തങ്ങളുടേത് കൂടിയാണെന്ന അര്‍പ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടെ പ്രയത്‌നത്തിന്റെ ഫലമായി കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
അതേസമയം ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ വരെ ചര്‍ച്ചകള്‍ നടന്ന ഇ.ശ്രീധരിനിലൂടെ പാലാരിവട്ടം പാലത്തെ തങ്ങളുടെ വിജയമായി ചിത്രീകരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടുള്ള നീക്കമാണിതെന്നും വിലയിരുത്തപ്പെടുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക