പൂണൂലില്‍ കുരുങ്ങുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍
details
പൂണൂലില്‍ കുരുങ്ങുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍
അഭിനന്ദ് ബി.സി
Monday, 28th September 2020, 10:48 pm

നീണ്ട കാലത്തെ വിവാദങ്ങള്‍ക്കൊടുവില്‍ പാലാരിവട്ടം പാലം പൊളിച്ചു നീക്കാന്‍ തുടങ്ങിയിരിക്കുകയാണ്. രണ്ടു സംസ്ഥാന സര്‍ക്കാറിന്റെ ഭരണകാലയളവിലെ പ്രധാന വിഷയങ്ങളിലൊന്നായ പാലാരിവട്ടം പാലം പൊളിക്കുമ്പോഴും വിവാദങ്ങള്‍ അവസാനിക്കുന്നില്ല.

പാലം പൊളിച്ചു നീക്കുന്നതിന് മുന്നോടിയായി നടത്തിയ പൂജയും ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ജനാധിപത്യ മതേതര സര്‍ക്കാര്‍ ഒരു പൊതു നടപടിക്കു മുമ്പായി പൂജ നടത്തിയത് സര്‍ക്കാര്‍ വ്യവസ്ഥ ബ്രാഹ്മണിസത്തോട് പുലര്‍ത്തുന്ന വിധേയത്വമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

ശാസ്ത്രവും സാങ്കേതിക വിദ്യയും എത്ര വികസിച്ചാലും ഈ പൂണൂല്‍ പൗരോഹിത്യം ഒപ്പമില്ലാതെ വയ്യെന്ന സര്‍ക്കാര്‍ നിലപാട് ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തു വരികയാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. ആസാദ് പറയുന്നു.

‘ഒരു ജനാധിപത്യ മതേതര രാജ്യത്ത് ഒരു പൊതു ചടങ്ങില്‍ ഒരു മതത്തിന്റെയും ആചാരം അനുഷ്ഠിക്കാന്‍ പാടില്ല. വിശ്വാസം വീട്ടിലാവാം. ഒരു ജോലി തുടങ്ങുന്നതിനു മുമ്പായി അമ്പലത്തിലോ പള്ളിയിലോ പോയി പോയി വരാം. പക്ഷെ ഒരു പൊതു ഇടത്തില്‍ ഒരു മതത്തിന് പ്രാമാണികത ഉണ്ടാവാന്‍ പാടില്ല,’ ഡോ. ആസാദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും അകലുന്നത് ഇവിടെയെല്ലാം പ്രകടമാണെന്നും ഡോ. ആസാദ് പറയുന്നു.

‘കമ്മ്യൂണിസ്റ്റ്കാരനായി നില്‍ക്കാന്‍ വലിയ രീതിയില്‍ പൊരുതി നിന്നിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് ഇതിനിടയില്‍ ഒരു വരേണ്യത വന്നിട്ടുണ്ട്. അതിന്റെ ജീര്‍ണതകള്‍ ആ പ്രസ്ഥാനത്തിനകത്തും ഉണ്ട്. ഇത്തരം ജീര്‍ണതകളുടെ കാലത്ത് അടിത്തറയില്ലാത്ത, പ്രത്യയശാസ്ത്രമില്ലാത്ത വലിയൊരു വിഭാഗം കൂടി വരുന്നു. അതിനാല്‍ അവര്‍ രാമായണ മാസം ആചരിക്കും, ശോഭാ യാത്ര നടത്തും, അവര്‍ ഉത്സവങ്ങളിലുണ്ടാവും ക്ഷേത്ര കമ്മിറ്റികളിലുണ്ടാവും. ഇടതു പക്ഷത്ത് ഇങ്ങനെയുണ്ടെങ്കില്‍ പൊതു സമൂഹത്തില്‍ ഇതെത്രയോ ശക്തമാണെന്നാണതിനര്‍ത്ഥം,’ ഡോ. ആസാദ് പറഞ്ഞു.

പാലാരിവട്ടം പാലം പൊളിക്കലിന് സര്‍ക്കാര്‍ നിയോഗിച്ച ഡി.എം.ആര്‍.സി പ്രവര്‍ത്തകരും ഊരാളുങ്കല്‍ പ്രവര്‍ത്തകരും ആണ് പൂജ നടത്തിയത്. എന്നാല്‍ കുറച്ചു ഡി.എം.ആര്‍.സി പ്രവര്‍ത്തകരും ഊരാളുങ്കല്‍ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ഒരു ചടങ്ങിന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നേരിട്ടു പങ്കില്ലെന്നും ഇത് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഒരു ചടങ്ങല്ലെന്നുമാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പറയുന്നത്.

‘കുറച്ചു പേര്‍ ഇങ്ങനെയൊരു ചടങ്ങ് നടത്തുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. സാധാരണമായി ഇത്തരം അപകടം പിടിച്ച ജോലി ചെയ്യുന്നവര്‍ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ഇങ്ങനെ ചെയ്യാറുണ്ട്. അതില്‍ മത വ്യത്യാസമില്ല. ഒരപകടം വരരുത് എന്ന രീതിയില്‍ ഒരാള്‍ ഇങ്ങനെ ചെയ്യുമ്പോള്‍ നമുക്കതിനെ എതിര്‍ക്കാന്‍ പറ്റില്ല. ഇതൊരു തൊഴിലാളി സ്ഥാപനമാണ്,’ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഡയറക്ടര്‍മാരിലൊരാളായ പദ്മനാഭന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കേരളത്തിലെ പൊതുപരിപാടികളിലെ ബ്രാഹ്മണ ചടങ്ങുകളുടെ പ്രമാണിത്തം പരിശോധിക്കുമ്പോള്‍

കേരളത്തിലെ പൊതു പരിപാടികള്‍ക്കൊപ്പം തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇത്തരം ഹൈന്ദവ ആചാരങ്ങളുടെ വേദിയാവാറുണ്ട്. ഇതിനുദാഹരണമാണ് 2018 ഒക്ടോബര്‍ മാസം പാലക്കാട് പട്ടാമ്പി പൊലീസ് സ്റ്റേഷനില്‍ വിജയ ദശമി ദിനത്തില്‍ നടന്ന ദീപാലങ്കാരം. പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം കൂടിയായ പൊലീസ് സ്റ്റേഷനിലാണ് വിജയദശമി ദിനത്തില്‍ ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചത്.

എന്നാല്‍ ഇത് അത്ര വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും വിജയദശമി ദിനത്തിന്റെ ഭാഗമായി സ്റ്റേഷന്‍ വൃത്തിയാക്കിയിരുന്നെന്നും അതുകൊണ്ട് തന്നെ ചെറിയ രീതിയില്‍ വിളക് കൊളുത്തിയാണെന്നുമാണ് പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജീഷ് 2018 ല്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

അന്ന് സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളും വിജയദശമി ദിനത്തില്‍ ദീപലങ്കാരം നടത്തിയിരുന്നു. കോഴിക്കോട് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഉള്‍പ്പെടെ വിവിധ വര്‍ണങ്ങളിലുള്ള ലൈറ്റുകളും വിളക്കുകളും തോരണങ്ങളും കത്തിച്ചാണ് വിജയദശമി ആഘോഷം നടത്തിയത്.

ബസ് അപകടങ്ങള്‍ക്ക് കാരണം പ്രേതബാധ; കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടന്ന രഹസ്യ പൂജ

2015 നവംബര്‍ 25 ന് കാസര്‍കോട് ജില്ലയിലാണ് ഈ സംഭവം നടന്നത്. കാസര്‍കോട് തുടര്‍ച്ചയായി ഉണ്ടാവുന്ന ബസ് അപകടങ്ങളെ തുടര്‍ന്ന് കെ.എസ്.ആര്‍ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ജോത്സ്യനെ കാണുകയായിരുന്നു. പ്രേതബാധയാണ് അപകടങ്ങള്‍ക്ക് കാരണം എന്ന് ജോത്സ്യന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പൂജ നടത്തിയത്. ജീവനക്കാര്‍ പിരിച്ചെടുത്ത തുക ഉപയോഗിച്ചായിരുന്നു അര്‍ധ രാത്രി കെ.എസ്.ആര്‍.ടിസി ഡിപ്പോയില്‍ പൂജ നടന്നത്. എന്നാല്‍ ആയുധപൂജയോട് അനുബന്ധിച്ചാണ് പൂജ നടത്തിയത് എന്നായിരുന്നു അന്ന് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ വിശദീകരണം.

പൊതു പരിപാടിയിലെ മതചടങ്ങുകളിലെ സര്‍ക്കാര്‍ നിലപാടുകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കത്തിക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു 2016 ല്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്ഥാനം വഹിച്ച ജി.സുധാകരന്‍ പറഞ്ഞത്. അന്ന് ഈ പരാമര്‍ശം വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. നിലവിളക്ക് പോലത്തെ മതവുമായി ബന്ധപ്പെട്ട ബിംബങ്ങളെ സര്‍ക്കാര്‍ ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കണം എന്നായിരുന്നു ജി. സുധാകരന്‍ പറഞ്ഞത്.

ഇതേ പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്ഥാനത്തിരിക്കെ തന്നെയാണ് പാലാരിവട്ടം പാലം പൊളിക്കുന്നതിനു മുമ്പ് പൂജ നടന്നിരിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം. അടുത്തിടെ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചപ്പോള്‍ രാമായണമാസത്തില്‍ പ്രതിപക്ഷം മുഖ്യമന്ത്രിയെ വേട്ടയാടി എന്ന ജി. സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു.

അടുത്തിടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ എസ്‌കലേറ്റര്‍ നിര്‍മാണത്തോടനുബന്ധിച്ച് ബ്രാഹ്മണപൂജയുടെ ഭാഗമായി സി.പി.ഐ.എം എം.പി പി.കെ ശ്രീമതി ശിലാസ്ഥാപനം നടത്തിയത്. ഇതിന്റെ ചിത്രം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പങ്കു വെക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഭിനന്ദ് ബി.സി
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍ ട്രെയ്‌നി, വടകര എസ്.എന്‍ കോളേജില്‍ നിന്ന് ബിരുദം. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ നിന്ന് പി.ജി ഡിപ്ലോമ.