തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായും പൊളിച്ച് പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേല്‍നോട്ടച്ചുമതല ഇ.ശ്രീധരനെ ഏല്‍പ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പാലം ഗതാഗതയോഗ്യമാക്കാന്‍ പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ മതിയാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തി ചെന്നൈ ഐ.ഐ.ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ച ഗൗരവമേറിയതാണെന്നാണ് ഐ.ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നത്. പുനരുദ്ധരിച്ചാല്‍ എത്രകാലം ഉപയോഗിക്കാനാവും എന്നത് പറയാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ.ശ്രീധരനുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തി. പുതുക്കിപ്പണിയുന്നതിനോട് ഇ ശ്രീധരനും യോജിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികമായും സാങ്കേതികമായും പുനര്‍നിര്‍മാണമാണ് ഉചിതമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പാലത്തിന്റെ പുതിയ ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിവ ഇ.ശ്രീധരന്‍ തന്നെ തയാറാക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ ആദ്യവാരം തന്നെ ആരംഭിക്കും. ഒരു വര്‍ഷംകൊണ്ട് പുതുക്കിപ്പണിയല്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ