കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജ് അടക്കം നാല് പ്രതികളുടെ റിമാന്‍ഡ് കാലാവധി വിജിലന്‍സ് കോടതി നീട്ടി. ഈ മാസം 17 വരെയാണ് റിമാന്‍ഡ് നീട്ടിയത്.
അതേസമയം കേസിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് സൂരജ് പ്രതികരിച്ചു. ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുമെന്നും അതിന്റെ തീരുമാനം അറിയട്ടെയെന്നും ടി.ഒ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു.
ടി.ഒ സൂരജ്, ആര്‍.ഡി.എസ് കമ്പനി ഉടമ സുമീത് ഗോയല്‍, കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.ടി. തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരാണ് റിമാന്‍ഡിലുള്ളത്.
പാലം നിര്‍മാണക്കരാര്‍ ഉറപ്പിക്കാന്‍ രേഖകളിലും തിരിമറി നടത്തിയെന്ന് വിജിലന്‍സ് കോടതിയിയെ അറിയിച്ചിരുന്നു. ടെന്‍ഡര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്ന് തെളിയിക്കുന്ന രേഖകളും അന്വേഷണസംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും താനൊരു ഉപകരണം മാത്രമായിരുന്നുവെന്നും ടി.ഒ സൂരജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും എല്ലാ കാര്യങ്ങളും വി.കെ ഇബ്രാഹിം കുഞ്ഞിന് അറിയാമെന്നും സൂരജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പക്കലുണ്ടെന്നും ടി.ഒ സൂരജ് വ്യക്തമാക്കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ