കൊച്ചി: പാലാരിവട്ടം പാലം അഴിമതിയെത്തുടര്‍ന്ന് കരാറുകാരില്‍ നിന്നും നാലരക്കോടി രൂപ സര്‍ക്കാര്‍ പിടിച്ചെടുത്തു. പെര്‍ഫോമിംഗ് ഗാരന്റിയായി കമ്പനിക്ക് നല്‍കിയ തുകയാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്.ആര്‍.ഡി.എസ് പ്രൊജക്ട്‌സ് എന്ന കമ്പനിയില്‍ നിന്നാണ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ പണം പിടിച്ചെടുത്തത്.
പാലം അഴിമതിക്കേസില്‍ നഷ്ടം തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കോര്‍പ്പറേഷന്‍ എം.ഡി രാഹുല്‍ ആര്‍. പിള്ളയുടെ നേതൃത്വത്തിലാണ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ നടപടിയെടുത്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിര്‍മാണത്തിലെ അഴിമതി മൂലം തകര്‍ന്ന പാലത്തിന്റെ നഷ്ടം കരാറുകാരില്‍ നിന്നും ഈടാക്കാന്‍ നേരത്തേ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ അംഗീകാരത്തോടെയാണ് കരാറുകാരില്‍ നിന്നും നാലരക്കോടി പിടിച്ചെടുത്തത്.
പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന ആര്‍.ഡി.എസ് പണിത മറ്റ് പാലങ്ങളിലും പിഴവുകളുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. നിര്‍മ്മാണം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ കണ്ണൂരിലെ താവം, പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പ്പാലങ്ങളില്‍ വിള്ളല്‍ കണ്ടെത്തി. ആര്‍.ഡി.എസാണ് ഇരുമേല്‍പ്പാലങ്ങളും നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കരാറുകാരന് മുന്‍കൂര്‍ തുക നല്‍കിയതില്‍ ആരോപണ വിധേയനായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കരാറുകാരന് മുന്‍കൂര്‍ തുകയായി 8.25 കോടി രൂപ അനുവദിച്ചത് ചട്ട വിരുദ്ധമാണെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.