കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ വിജിലന്‍സ് ഡയറക്ടറുടെ വിശദീകരണം തേടി. പത്ത് ദിവസത്തിനകം വിജിലന്‍സ് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ജസ്റ്റിസ് സുനില്‍ തോമസ് ഉത്തരവിട്ടു. അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ കൈമാറുന്നത് നല്ല കാര്യമാണെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊച്ചിയിലെ രണ്ട് ബാങ്കുകളില്‍ നിന്നും നോട്ട് നിരോധനത്തിന്റെ സമയത്ത് ഇബ്രാഹിംകുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള പത്രസ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 10 കോടി രൂപ നിക്ഷേപിച്ചെന്നും കണക്കില്‍പ്പെടുത്തിയിട്ടില്ലാത്ത് ഈ പണത്തിന്റെ കേന്ദ്രം വെളിപ്പെടുത്തണമെന്നുമാണ് ഹരജിയിലെ ആവശ്യം.
അതേസമയം പാലാരിവട്ടം അഴിമതിക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികളായ ടി.ഒ സൂരജ്, സുമിത് ഗോയല്‍, എം.ടി തങ്കച്ചന്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
ടി.ഒ സൂരജ്, ആര്‍.ഡി.എസ് കമ്പനി ഉടമ സുമിത് ഗോയല്‍, റോഡ്സ് ആന്റ് ബ്രിഡ്ജസ് മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.ടി തങ്കച്ചന്‍ എന്നിവര്‍ റിമാന്‍ഡിലായിട്ട് രണ്ടുമാസമായെന്നും ഇനിയും കസ്റ്റഡിയില്‍ വെക്കേണ്ടതിന്റെ ആവശ്യം ഇല്ലെന്നും പ്രതികള്‍ കോടതിയില്‍ വാദിക്കുകയായിരുന്നു.