കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യും. മുന്‍ പൊതു മരാമത്ത് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സൂരജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്.
ടി.ഒ സൂരജിനെ ജയിലില്‍വെച്ച് ചോദ്യം ചെയ്യാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അന്വേഷണസംഘം അനുമതി തേടി അപേക്ഷ നല്‍കിയിരുന്നു.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും താനൊരു ഉപകരണം മാത്രമായിരുന്നുവെന്നും ടി.ഒ സൂരജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും എല്ലാ കാര്യങ്ങളും വി.കെ ഇബ്രാഹിം കുഞ്ഞിന് അറിയാമെന്നും സൂരജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പക്കലുണ്ടെന്നും ടി.ഒ സൂരജ് വ്യക്തമാക്കിയിരുന്നു.
സൂരജിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി പണം തട്ടിയെന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മുന്‍ മന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം നടക്കുകയാണെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിക്കും.
സൂരജിന്റെ ജാമ്യാപേക്ഷയെ വിജിലന്‍സ് ഹൈക്കോടതിയില്‍ എതിര്‍ക്കും. ടി.ഒ സൂരജ്, കിറ്റ്‌കോ മുന്‍ എം.ഡി ബെന്നി പോള്‍, നിര്‍മ്മാണ കമ്പനി എം.ഡി സുമിത് ഗോയല്‍ ആര്‍.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറല്‍ മാനേര്‍ പി.ഡി തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കേയാണ് വിജിലന്‍സിന്റെ നീക്കം.
പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ പറയും. നിലവില്‍ സൂരജ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
DoolNews Video